- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓര്‍ഗനൈസറെ കുഴിയില്‍ ചാടിച്ചത് സമസ്തയും ജമാഅത്തെ ഇസ്ലാമിയും നേരത്തെ പ്രചരിപ്പിച്ച നുണ സാഹിത്യം; കത്തോലിക്കാ സഭക്ക് ഉണ്ടെന്ന് ആരോപിച്ചത് നാല് സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാല്‍ തീരാത്തത്ര ഭൂമി; നാലു മാസം മുന്‍പ് ഇസ്ലാമിക കേന്ദ്രങ്ങള്‍ പറഞ്ഞപ്പോള്‍ മൗനം പാലിച്ചവര്‍ ആര്‍എസ്എസ് മാസികയില്‍ വന്നതോടെ ചാടിയിറങ്ങി കണ്ണീര് ഒഴുക്കുന്നു
ഓര്‍ഗനൈസറെ കുഴിയില്‍ ചാടിച്ചത് സമസ്തയും ജമാഅത്തെ ഇസ്ലാമിയും നേരത്തെ പ്രചരിപ്പിച്ച നുണ സാഹിത്യം
തിരുവനന്തപുരം: സര്‍ക്കാരിതര മേഖലയിലെ ഏറ്റവും വലിയ ഭൂവുടമയെന്നു കത്തോലിക്കാ സഭയെ വിശേഷിപ്പിച്ച ഓര്‍ഗനൈസര്‍ ലേഖനം ആയുധമാക്കുന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. ക്രൈസ്തവരെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന നീക്കങ്ങളെ ചെറുക്കാനാണ് ഈ ലേഖനത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. അതേസമയം യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഈ ലേഖനം ഓര്‍ഗനൈസറില്‍ എത്തുന്നതിന് മുമ്പ് ആഘോഷമാക്കയത് ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളും സമസ്തയുമായിരുന്നു.
മുനമ്പം വിഷയത്തില്‍ പ്രത്യക്ഷ നിലപാട് സ്വീകരിച്ച കത്തോലിക്കാ സഭയ്‌ക്കെതിരെയാണ് ഈ ദിവസങ്ങളില്‍ സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും ജമാഅത്തിന്റെ മാധ്യമം ദിനപത്രവും വാര്‍ത്തകള്‍ എഴുതുന്നത്. വഖഫ് ബില്ലിനെ സഭ പിന്തുണച്ച സാഹചര്യത്തില്‍ എതിര്‍പ്പുയര്‍ത്താന്‍ വേണ്ടിയാണ് ചര്‍ച്ച ബില്ലും കത്തോലിക്കാ സഭ കൈവശം വെക്കുന്ന ഭൂമിയുടെ കാര്യങ്ങളുമെല്ലാം വാര്‍ത്തയാക്കുന്നത്. ഇതിനിടെയാണ് ഓര്‍ഗനൈസറില്‍ സമസ്തയും ജമാഅത്തെ ഇസ്ലാമിയും നേരത്തെ പ്രചരിപ്പിച്ച നുണ സാഹിത്യം ലേഖനമായി പ്രസിദ്ധീകരിച്ചതും. ഇത് തെറ്റാണെന്ന് മനസ്സിലാക്കിയപ്പോള്‍ പിന്‍വലിക്കുകയും ചെയ്തു.
ഈ ലേഖനത്തില്‍ കത്തോലിക്കാ സഭയ്ക്ക് 7 കോടി ഹെക്ടര്‍ (7 ലക്ഷം ചതുരശ്ര കിലോമീറ്റര്‍) ഭൂസ്വത്തുണ്ടെന്നും സ്വത്തു ലഭിച്ച മാര്‍ഗങ്ങളില്‍ പലതും ദുരൂഹമാണെന്നുമായിരുന്നു ലേഖനത്തിലെ ആരോപണം ഉന്നയിച്ചത.് യഥാര്‍ഥത്തില്‍ വഖഫ് ബില്ലിന്റെ പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്ലാമിയും സുപ്രഭാതവും പ്രചരിപ്പിച്ചതായിരുന്നു വസ്തുതാ വിരുദ്ധമായ ഈ കണക്ക്. മാധ്യമത്തില്‍ ഫാക്ട് ചെക്ക് എന്ന വിധത്തില്‍ കൊടുത്തതും ഈ നുണയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ഈ കണക്ക് കള്ളമാണെന്ന് ബോധ്യമാകും.
കത്തോലിക്കാ സഭക്ക് ഉണ്ടെന്ന് ആരോപിച്ചത് നാല് സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാല്‍ തീരാത്തത്ര ഭൂമിയെന്നാണ് ഇവരുടെ വാദം. നാലു മാസം മുന്‍പ് തീവ്രനിലപാടുകാര്‍ ഇത്തരം പ്രചരണം നടത്തിയിരുന്നു. ഇതേക്കുറിച്ച് ഓര്‍ഗനൈസര്‍ ലേഖനം എഴുതിയതോടയാണ് അത് മുതലെടുക്കാന്‍ പലരും രംഗത്തുവന്നത്. ഇത്തരം പ്രചരണങ്ങള്‍ സൈബറിടത്തില്‍ കൊടുമ്പിരി കൊണ്ടതോടെ മറുപടിയുമായി കെസിബിസിയും രംഗത്തുവന്നു. 2024 നവംബര്‍ 8 നു സമസ്തയില്‍ വന്ന ലേഖന അടക്കം ചൂണ്ടിക്കാട്ടിയാണ് ഈ വിഷയത്തിലെ കള്ളങ്ങള്‍ പൊളിക്കുന്നത്.
വിഷയത്തില്‍, കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ എഴുതിയ മറുപടി ഇങ്ങനെയാണ്:
മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തില്‍ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാന്‍ മുതിരാത്ത ഭരണ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബര്‍ ലോകത്ത് വാക്‌പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വര്‍ധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനില്‍ക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ വഖഫ് നിയമ പരിഷ്‌കരണവും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മുനമ്പം വിഷയത്തിലെ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഒരു വലിയ വോട്ട് ബാങ്കുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണ്ണായകമാണ്. ഏതുവിധേനയും ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഫോര്‍മുല കണ്ടെത്തുന്നതിനായി ഒട്ടേറെപ്പേര്‍ തലപുകയ്ക്കുകയാണെന്ന് വ്യക്തം.
ഇതിനിടെയാണ് ആരുപറഞ്ഞാലും മറുത്തൊരു തീരുമാനം സ്വീകരിക്കാനിടയില്ലാത്ത തീവ്രനിലപാടുകാര്‍ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുമായി വീണ്ടുംവീണ്ടും രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. പാണക്കാട് സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മറ്റു ചില പ്രമുഖരും തങ്ങള്‍ മുനമ്പം ജനതയുടെ പക്ഷത്താണ് എന്ന് ആവര്‍ത്തിക്കുകയും വഖഫ് അവകാശവാദത്തെ പരോക്ഷമായെങ്കിലും തള്ളിപ്പറയുകയും ചെയ്യുന്നെങ്കിലും മറ്റൊരു വിഭാഗം അവരോട് തീരെയും യോജിക്കാന്‍ മനസില്ല എന്ന് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. വഖഫ് അവകാശവാദത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായിട്ടില്ലാത്ത പല പ്രമുഖരില്‍ ഒരു പ്രമുഖന്‍ ന്യൂനപക്ഷക്ഷേമ മന്ത്രി അബ്ദുറഹിമാന്‍ തന്നെയാണ്. ആ സമുദായത്തിനിടയില്‍ത്തന്നെ ഇക്കാര്യത്തില്‍ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തം.
മുനമ്പം ജനതയുടെ കൂടെ കേരളത്തിലെ കത്തോലിക്കാ സഭാസമൂഹം ശക്തമായി നിലയുറപ്പിച്ചിരിക്കുന്നതാണ് ഈ വിഷയത്തിലെ മറുപക്ഷം നേരിട്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. മുനമ്പത്തെ സമരക്കാര്‍ക്ക് പിന്തുണയുമായി രംഗപ്രവേശം ചെയ്ത ബിജെപി - സംഘപരിവാര്‍ നേതൃത്വങ്ങള്‍ക്ക് ഒപ്പംചേര്‍ത്ത് കത്തോലിക്കാ സഭാ നേതൃത്വം ബിജെപിയുടെ അജണ്ടകള്‍ക്ക് വേദിയൊരുക്കുകയാണെന്നുംമറ്റും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും തങ്ങള്‍ ഉദ്ദേശിച്ച വഴിക്ക് കാര്യങ്ങള്‍ നീങ്ങുന്നില്ല എന്ന് കണ്ടതുകൊണ്ടാകണം അടുത്ത ദിവസങ്ങളിലായി കത്തോലിക്കാ സഭയ്ക്കെതിരെ 'കടുത്ത ആരോപണങ്ങളുമായി' ചിലര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സമസ്തയുടെ സുപ്രഭാതം പത്രം, ജംഗ്ഷന്‍ ഹാക്ക് എന്ന യൂട്യൂബ് ചാനല്‍ ഉടമയായ അനില്‍ മുഹമ്മദ് തുടങ്ങിയവര്‍ ഉദാഹരണം.
കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയില്‍ 17 കോടി ഏക്കര്‍ സ്ഥലം!
കത്തോലിക്കാ സഭയുടെ മുന്നില്‍ 'വഖഫ് ബോര്‍ഡ് ഒരു ചെറിയ മീനാണ്' എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞുവയ്ക്കുന്നത്. 'കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയില്‍ വഖഫ് ബോര്‍ഡിനുള്ളതിനേക്കാള്‍ ഒരുപാട് കൂടുതല്‍ സ്ഥലം സ്വന്തമായുണ്ട്, അതിനാല്‍ കൂടുതല്‍ വര്‍ത്തമാനം പറയണ്ട' എന്നാണ് പ്രധാന വാദം. അവര്‍ പറയുന്നതനുസരിച്ച് 17. 29 കോടി ഏക്കര്‍ ഭൂസ്വത്ത് ഇന്ത്യയില്‍ കത്തോലിക്കാ സഭയ്ക്കുണ്ട്. അതായത് ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റര്‍. വഖഫ് ബോര്‍ഡിന് ഉള്ളതാണെങ്കിലോ 9. 4 ലക്ഷം ഏക്കര്‍ മാത്രം. ആധികാരികമായ അറിവ് എന്ന വിധത്തില്‍ അവതരിപ്പിക്കുകയും അനേകരില്‍ തെറ്റിദ്ധാരണ ഉളവാക്കുകയും ചെയ്ത ഈ വാദം വെറും ബാലിശമാണ് എന്ന് വ്യക്തം. കേരളത്തിലെ ജനവാസ മേഖലകളുടെ ആകെ വിസ്തീര്‍ണം അമ്പത് ലക്ഷം ഏക്കര്‍ മാത്രമാണ്. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ മുഴുവന്‍ ചേര്‍ന്നാലും 17 കോടി ഏക്കറില്‍ താഴെയേ വരൂ. ഇന്ത്യയിലെ ആകെ കൃഷി, ജനവാസ മേഖലകളുടെ വിസ്തൃതി 51 കോടി ഏക്കറാണ്. ഭൂവിസ്തൃതിയില്‍ മുന്നില്‍ നില്‍ക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെല്ലാം തന്നെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം നാമമാത്രമാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദേശീയ തലത്തില്‍ ഒരു ന്യൂസ് ഏജന്‍സിയും ഏതാനും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും നല്‍കിയ ഒരു വ്യാജവാര്‍ത്തയാണ് മേല്‍പ്പറഞ്ഞ വാദങ്ങള്‍ക്ക് ആധാരം. 17. 29 കോടി ഏക്കര്‍ സ്ഥലത്തിനും അതിലുള്ള മുഴുവന്‍ നിര്‍മ്മിതികള്‍ക്കും മുതല്‍മുടക്കിനും ഇപ്പറഞ്ഞവര്‍ നിശ്ചയിച്ചിരിക്കുന്ന മൂല്യം 20000 കോടി രൂപയാണ് എന്നതാണ് വിചിത്രം. ഒരു ഏക്കര്‍ സ്ഥലത്തിനും അതിലുള്ളവയ്ക്കും മൂല്യം 1157 രൂപ! മാത്രവുമല്ല, ഏറ്റവുംകൂടുതല്‍ ഭൂമി കൈവശമുള്ള കേന്ദ്ര സര്‍ക്കാരിനുള്ളത് 15531 ചതുരശ്ര കിലോമീറ്റര്‍ അഥവാ, 3837793 (മുപ്പത്തെട്ട് ലക്ഷത്തില്‍പ്പരം) ഏക്കര്‍ ആണെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. അതേ റിപ്പോര്‍ട്ടിന് ആധാരം കേന്ദ്ര സര്‍ക്കാരിന്റെ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ വെബ്സൈറ്റ് ആണെന്ന് പറയുന്നെങ്കിലും ഇത്തരമൊരു രേഖ എവിടെയും ലഭ്യമല്ല. രണ്ടാമതൊന്നാലോചിക്കാതെ ഇത്തരമൊരു വ്യാജവാര്‍ത്ത ആധാരമാക്കി ആരോപണമുയര്‍ത്തി സഭയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് ഇവിടെ ചിലര്‍ നടത്തിയതെന്ന് വ്യക്തം.
കത്തോലിക്കാ സഭയ്ക്കെതിരെയുള്ള അത്യന്തം അബദ്ധ ജഢിലമായ മേല്‍പറഞ്ഞ വാദഗതിയെ മുഖവിലയ്ക്കെടുത്ത അനേകര്‍ കടുത്ത സഭാ വിമര്‍ശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നതും ഈ ദിവസങ്ങളിലെ കാഴ്ചയാണ്. എത്രവലിയ കള്ളവും എത്രമാത്രം ബാലിശമായ വാദഗതികളും പോലും ഏറ്റെടുക്കാന്‍ മടികാണിക്കാത്ത ചിന്താശേഷിയില്ലാത്ത ഒരു ആള്‍കൂട്ടമായി കേരളസമൂഹത്തിലെ വലിയൊരു വിഭാഗംപേര്‍ മാറിയിരിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇതുപോലുള്ള അബദ്ധ പ്രചാരണങ്ങളും അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും. പലതിനും പുകമറ സൃഷ്ടിക്കാനും ശത്രുപക്ഷത്തുള്ളവരെ സംശയമുനയില്‍ നിര്‍ത്താനും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ഇതുതന്നെ ധാരാളമാണ് എന്ന തിരിച്ചറിവായിരിക്കാം ദുരാരോപണങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവരുടെ ബലം.
കത്തോലിക്കാ സഭയ്ക്ക് ഭൂസ്വത്തുക്കളുണ്ട് അനില്‍ മുഹമ്മദിനെപ്പോലുള്ളവര്‍ പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്ര ഭൂമി ലോകത്ത് ഒരു രാജ്യത്തും സ്വന്തമാക്കാന്‍ കത്തോലിക്കാ സഭയ്ക്കോ വഖഫ് ബോര്‍ഡിന് പോലുമോ കഴിയില്ലെങ്കിലും സഭയ്ക്ക് ഇന്ത്യയില്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട് എന്നുള്ളത് രഹസ്യമായ കാര്യമല്ല. ആ ഭൂമി നീതിരഹിതമായ അവകാശവാദങ്ങളുന്നയിച്ച് പാവപ്പെട്ടവരെ കുടിയിറക്കി പിടിച്ചെടുത്തവയോ, നിയന്ത്രിത മേഖലകളാക്കി മാറ്റി താഴിട്ട് പൂട്ടിയവയോ അല്ല. കത്തോലിക്കാ സഭ എന്നാല്‍ എന്താണെന്നുള്ള അവ്യക്തത നീക്കുന്നതോടൊപ്പം ക്രൈസ്തവ സമൂഹത്തെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള വ്യഗ്രത മാറ്റിവയ്ക്കുകകൂടി ചെയ്ത് വസ്തുനിഷ്ഠമായി അന്വേഷിച്ചാല്‍ ഏതുവിധത്തിലാണ് കത്തോലിക്കാ സഭ ഭൂസ്വത്ത് ഉപയോഗിക്കുന്നതെന്ന് വ്യക്തമാകും.
174 രൂപതകളും 200 ല്‍ പരം സന്യാസ സമൂഹങ്ങളുമാണ് ഇന്ത്യയിലുള്ളത്. അവരവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള പ്രദേശങ്ങളില്‍ സ്വതന്ത്രമായാണ് ഇവയോരോന്നും പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാ സഭ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നെങ്കിലും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന മേഖലകളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും നടത്തിപ്പും പൊതുവായല്ല. പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുകയും ആശയവിനിമയങ്ങള്‍ നടത്തുകയും നയരൂപീകരണങ്ങള്‍ക്കായി ഒരുമിച്ചുകൂടുകയും ചെയ്യുന്നതാണ് പൊതുവായുള്ള കാര്യം. അതിനാല്‍ത്തന്നെ, കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ഭൂസ്വത്തോ, സ്ഥാപനങ്ങളോ, മറ്റ് ആസ്തികളോ എല്ലാം ഒരുമിച്ചു കണക്കാക്കി അതെല്ലാം ഒറ്റ നേതൃത്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് കരുതുന്നെങ്കില്‍ അത് തികഞ്ഞ അബദ്ധ ധാരണയാണ്.
സഭയുടെ ഭൂവിനിയോഗം പ്രധാനമായും മൂന്നുവിധത്തിലാണ് കത്തോലിക്കാ സഭയ്ക്ക് ഭൂസ്വത്ത് സ്വന്തമായിട്ടുള്ളത്. കത്തോലിക്കാ മിഷനറിമാരുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ഭരണാധികാരികള്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് വിട്ടുനല്‍കിയ ഭൂസ്വത്തുക്കളാണ് ഒന്ന്. വിശ്വാസികളും പ്രദേശവാസികളും ദാനമായി നല്‍കിയവയാണ് രണ്ടാമത്തേത്. സ്വാഭാവികമായും മൂന്നാമതുള്ളത് വിലകൊടുത്ത് വാങ്ങിയ ഭൂമിയാണ്. ഈ മൂന്നുവിധത്തില്‍ വിവിധ സഭാ സംവിധാനങ്ങളുടെ കൈവശം വന്നുചേരുകയും ഇപ്പോഴും സൂക്ഷിക്കുകയും ക്രിയാത്മകമായി വിനിയോഗിക്കുകയും ചെയ്യുന്ന ഭൂമിക്ക് പൂര്‍ണ്ണ അവകാശം എല്ലാ അര്‍ത്ഥത്തിലും ഭരണഘടനാപരമായുള്ളതാണ്. സഭയുടെ ഭൂവിനിയോഗം എപ്രകാരമാണ് എന്നുള്ളത് ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്.
നാല്‍പ്പതിനായിരത്തില്‍ പരം സ്‌കൂളുകളും നാനൂറിലധികം കോളേജുകളും ആറ് യൂണിവേഴ്‌സിറ്റികളും ഇന്ത്യയിലെമ്പാടുമായി വിവിധ കത്തോലിക്കാ രൂപതകള്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കുമായുണ്ട്. ആരോഗ്യരംഗത്ത് അഞ്ചു മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 240 മെഡിക്കല്‍ - നഴ്സിംഗ് - പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെമ്പാടുമായി 85000 ത്തോളം രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന വിപുലമായ ആശുപത്രി ശൃംഖലയും എണ്ണമറ്റ ചെറിയ ക്ലിനിക്കുകളും കത്തോലിക്കാ സഭയ്ക്കുണ്ട്. പലയിടങ്ങളിലായി അഞ്ചുലക്ഷത്തോളം വരുന്ന രോഗികളും വൃദ്ധരും ആലംബഹീനരും അനാഥരുമായ മനുഷ്യര്‍ ആയിരക്കണക്കിനായ സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുന്നു. സ്‌കൂളുകളിലും ആതുരാലയങ്ങളിലും ഏറിയപങ്കും സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യര്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഈ മേഖലകളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നിരവധി പതിറ്റാണ്ടുകളായി കത്തോലിക്കാ സഭ കാഴ്ചവച്ചുവരുന്നത്.
ജനസംഖ്യയുടെ 1.55 ശതമാനം അഥവാ 2 കോടിയോളം കത്തോലിക്കാ വിശ്വാസികള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. കത്തോലിക്കരുടെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍പേര്‍ക്ക് കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങള്‍ ഓരോ ദിവസവും പ്രത്യക്ഷമോ പരോക്ഷമോ ആയി സേവനമെത്തിക്കുന്നുണ്ട്. സഭയുടെ ഏതു സംവിധാനങ്ങളുടെ കീഴിലായാലും സമ്പത്തും അധ്വാനവും ഏറിയപങ്കും നീക്കിവയ്ക്കപ്പെടുന്നത് മതമോ ജാതിയോ ദേശമോ പരിഗണിക്കാതെ ഈ രാജ്യത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമായാണ്. എത്രമാത്രം സ്ഥലം എവിടെയൊക്കെ സഭാസംവിധാനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ അത്രമാത്രം സ്ഥാപനങ്ങളും സേവനങ്ങളും അതത് പ്രദേശത്തുള്ളവര്‍ക്ക് ലഭ്യമാണ് എന്നതാണ് വാസ്തവം. ആ സേവന തല്പരതയില്‍ സംപ്രീതരായ മുന്‍കാല ഭരണാധികാരികളും ധനവാന്മാരും വലിയ പ്രോത്സാഹനങ്ങളും പിന്തുണയും മിഷനറിമാര്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കും നല്‍കിയിരുന്നു.
അതാണ് ഇന്നും കത്തോലിക്കാ സഭ സമാനതകളില്ലാതെ തുടരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ അടിത്തറ. ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് ഒരു കള്ളം ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമെന്ന് കരുതുന്നവരുടെ എണ്ണം വര്‍ധിച്ചേക്കാം, എന്നാല്‍ അസത്യം എക്കാലവും അസത്യമായി തന്നെ അവശേഷിക്കും. ഇത്തരത്തില്‍ ഉയര്‍ത്തപ്പെടുന്ന ദുരാരോപണങ്ങള്‍ക്കും അതിന്റെ മറവില്‍ നടത്തുന്ന സൈബര്‍ ആക്രമങ്ങള്‍ക്കും ചിന്താശേഷിയില്ലാത്ത കുറേപ്പേരെ ഇരുട്ടിലേക്ക് നയിക്കാന്‍ കഴിഞ്ഞേക്കാമെന്നല്ലാതെ ശാശ്വതമായ വിജയത്തിലേക്ക് അത് ആരെയും നയിക്കില്ല.
നീതി നിഷേധിക്കപ്പെട്ട് അവഗണനയില്‍ തുടരുന്ന ഒരുകൂട്ടം ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനുള്ള കത്തോലിക്കാ സഭാനേതൃത്വത്തിന്റെ തീരുമാനത്തെ ദുഷ്പ്രചാരണങ്ങള്‍ നടത്തിയും അവഹേളിച്ചും പിന്‍വലിപ്പിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റായിരുന്നു എന്ന് കാലം അവരെ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും. മുനമ്പം - വഖഫ് അവകാശവാദ വിഷയത്തിലോ, വഖഫ് നിയമ പരിഷ്‌കരണ വിഷയത്തിലോ മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്ക് നീതിനിഷേധിക്കപ്പെടുകയും അവരെ പെരുവഴിയില്‍ ഇറക്കുകയും ചെയ്യുന്ന ഏതൊരു പ്രതിസന്ധി ഘട്ടത്തിലും മുന്‍കാലങ്ങളിലെന്നതുപോലെ തുടര്‍ന്നും ജാതിമത ഭേദമന്യേ ശക്തമായി കത്തോലിക്കാസഭ അവര്‍ക്കൊപ്പം നിലകൊള്ളുക തന്നെ ചെയ്യും.