- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് പശ്ചിമ ബംഗാളില്‍; 18 വയസിന് മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ 6.3 ശതമാനം; ഏറ്റവും കുറവ് കേരളത്തില്‍; സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം പുറത്തിറക്കിയ സ്ഥിതിവിവരണ കണക്ക് ഇങ്ങനെ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് പശ്ചിമ ബംഗാളില്‍
കൊല്‍ക്കത്ത: രാജ്യത്ത് ബാലികാ വിവാഹം തടയാന്‍ കൃത്യമായ നിയമം ഉണ്ടെങ്കിലും പലയിടത്തും സ്ഥിതി മറിച്ചാണ്. ഇന്ത്യയില്‍ പലസംസ്ഥാനങ്ങളിലും ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ യഥേഷ്ടം നടക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് പശ്ചിമ ബംഗാളിലെന്ന് എസ്.ആര്‍.എസ് (സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം) റിപ്പോര്‍ട്ട്. സെപ്തംബര്‍ മാസം പുറത്തിറക്കിയ സ്ഥിതിവിവരണ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും കുറവ് ശൈശവ വിവാഹം നടക്കുന്നത് കേരളത്തിലാണ്.
രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ ഓഫീസ് റിപ്പോര്‍ട്ട് അനുസരിച്ച്, പശ്ചിമ ബംഗാളില്‍ 18 വയസിന് മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ 6.3 ശതമാനമാണ്. തൊട്ടുപിന്നില്‍ ജാര്‍ഖണ്ഡ് (4.6ശതമാനം). കേരളത്തിലാണ് ഏറ്റവും കുറവ് ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് (0.1ശതമാനം). ഹിമാചല്‍ പ്രദേശ് (0.4 ശതമാനം), ഹരിയാന (0.6ശതമാനം) എന്നിങ്ങനെയാണ് തൊട്ടുപിറകിലുള്ള സംസ്ഥാനങ്ങള്‍.
ദേശീയ തലത്തില്‍ 2.1 ശതമാനം പെണ്‍കുട്ടികളും 18 വയസിന് മുന്‍പ് വിവാഹിതരാകുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതും പശ്ചിമ ബംഗാളില്‍ തന്നെയാണ്. 5.8 ശതമാനമാണ് നിരക്ക്. തൊട്ടുപിന്നില്‍ ജാര്‍ഖണ്ഡ് 5.2ശതമാനം.
നഗരപ്രദേശങ്ങളുടെ പട്ടികയിലും 18 വയസിന് നേരത്തെ വിവാഹിതരാകുന്നവരുടെ എണ്ണം കൂടുതലും പശ്ചിമ ബംഗാളില്‍ തന്നെ. 7.6 ശതമാനമാണ് നിരക്ക്. പിറകില്‍ ജമ്മുകശ്മീര്‍ (3.5 ശതമാനം), ഒഡിഷ (2.8 ശതമാനം )എന്നിങ്ങനെയാണ് കണക്കുകള്‍.
ദേശീയ തലത്തില്‍ 18 വയസിന് മുമ്പ് വിവാഹിതരാവുന്ന സ്ത്രീകളുടെ ശതമാനം ഗ്രാമപ്രദേശങ്ങളില്‍ 2.5ഉം നഗരപ്രദേശങ്ങളില്‍ 1.2ഉം ആണ്. 18-20 വയസ്സിനിടയില്‍ വിവാഹിതരാകുന്ന സ്ത്രീകളുടെ ഏറ്റവും ഉയര്‍ന്ന അനുപാതം പശ്ചിമബംഗാളില്‍ തന്നെ. 44.9 ശതമാനം ആണ്. തൊട്ടുപിന്നില്‍ ജാര്‍ഖണ്ഡും (41.5), ഏറ്റവും കുറവ് ജമ്മുകാശ്മീരിലുമാണ് (8.4). 2025 മേയില്‍ എസ്.ആര്‍.എസ് പുറത്ത് വിട്ട റിപ്പോര്‍ട്ടുമായി പുതിയ റിപ്പോര്‍ട്ട് താരതമ്യപ്പെടുത്തുമ്പോള്‍, 18 വയസിന് മുമ്പ് വിവാഹിതരാകുന്ന സ്ത്രീകളുടേ ശതമാനത്തില്‍ കുറവ് വന്നതായി കാണാം.