ലണ്ടന്‍: എവിടേയ്ക്കുമില്ലാതെ ഒരു വിമാനയാത്ര. കേട്ടിട്ട് വിശ്വസിക്കാന്‍ കഴിയുന്നില്ലെ? എന്നാല്‍, കേട്ടോളൂ, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 40 മിനിറ്റോളം പറന്ന് തിരികെ ഹീത്രുവില്‍ തന്നെ തിരിച്ചിറങ്ങുന്ന ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ഇതുവരെ പറന്നത് 50,000 ല്‍ അധികം പേരാണ്. വിമാനയാത്രയെ ഭയക്കുന്നവരുടെ ഭയം ഇല്ലാതെയാക്കാന്‍ വേണ്ടി ഒരുക്കിയിരിക്കുന്ന വിമാനയാത്രയാണ് ഇതെന്നുകൂടി അറിയുക.

ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ, 'ആത്മവിശ്വാസത്തോടെ പറക്കുക' എന്ന പദ്ധതിയുടെ ഭാഗമാണ് ഈ വിമാന സര്‍വീസ്. ജീവിതം തന്നെ മാറ്റിമറിക്കുന്ന, ഈ ഒരു ദിവസത്തെ വിമാനയാത്രാ പഠനം, യാത്രക്കാര്‍ക്ക് വിമാന യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഭയം തരണം ചെയ്യാന്‍ ആവശ്യമായ അറിവും ടെക്നിക്കുകളും പകര്‍ന്നു നല്‍കുന്നു എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് പറയുന്നത്. യാത്രക്കാരുടെ ഭയമകറ്റാനായി പൈലറ്റുമാരുടെയും മനഃശാസ്ത്രജ്ഞരുടെയും അനുഭവ പരിചയം ഇതില്‍ ഉപയോഗിക്കുനു എന്നാണ് ഒരുടിക്ടോക് വീഡിയോയില്‍ പറയുന്നത്.

വിമാനത്താവളത്തിനടുത്തെ ഒരു ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹോളില്‍, ബ്രിട്ടീഷ് എയര്‍വേയ്‌സിലെ മുതിര്‍ന്ന പൈലറ്റുമാര്‍ നടത്തുന്ന ഒരു പ്രസന്റേഷനോടെയാണ് യാത്രയ്ക്ക് തുടക്കമാകുന്നത്. എങ്ങനെയാണ് വിമാനം സുരക്ഷിതമായി പറക്കുന്നതെന്നും, പൈലറ്റുമാര്‍ എങ്ങനെയാണ് അത് പറത്തുന്നതെന്നും ഒപ്പം, വിമാനം പറത്തുന്നതിനായി പൈലറ്റുമാര്‍ നിരന്തരം പരിശീലിക്കുന്നത് എങ്ങനെയെന്നുമൊക്കെ അതില്‍ വിശദീകരിക്കും.

അതിനു ശേഷം യാത്രക്കാരോട് സംസാരിക്കാന്‍ എത്തുന്നത് പരിചയ സമ്പന്നരായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായിരിക്കും. വിമാനയാത്ര ചെയ്യുന്നതിനുള്ള ഭയം ഉളവാകുന്നതെങ്ങനെയെന്നും, അത് നിയന്ത്രിക്കേണ്ടതെങ്ങനെയെന്നുമൊക്കെ അവര്‍ വിശദീകരിക്കും. അതിനു ശേഷം അവര്‍ക്ക് ധ്യാനം ഉള്‍പ്പടെയുള്ള, മനസ്സിനെ ശാന്തമാക്കുന്നതിനുള്ള വ്യായാമ മുറകള്‍ പരിശീലിപ്പിക്കും. അതിനു ശേഷം പരിശീലനം സിദ്ധിച്ച ജീവനക്കാര്‍ ഇവരെ സെക്യൂരിറ്റി പരിശോധനകളിലൂടെ നയിച്ച്, ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കയറ്റും.

വിമാനത്തിനകത്ത്, യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന കുലുക്കവും, ശബ്ദങ്ങളുമെല്ലാം എന്താണെന്ന് യാത്രക്കാര്‍ക്ക് വിശദീകരിച്ചു കൊടുക്കും. ഇത് യാത്രക്കാരെ ശാന്തരായി യാത്ര ചെയ്യാന്‍ സഹായിക്കും. യാത്രക്കിടയില്‍, ഒരു പൈലറ്റ് വിമാനത്തിലെ ഡെക്കില്‍ തന്നെ ഇരുന്ന്, വിമാനയാത്രയുടെ വിവിധ ഘട്ടങ്ങള്‍ തത്സമയം വിശദീകരിച്ചു കൊടുക്കും. ഓരോ ഘട്ടത്തിലും എന്താണ് സംഭവിക്കുന്നതെന്നും വിശദീകരിക്കും.

കഴിഞ്ഞ 30 വര്‍ഷക്കാലമായി തുടരുന്ന ഈ പരിശീലന കോഴ്സില്‍ ഇതുവരെ 50,000 ല്‍ അധികം പേര്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് പറയുന്നത്. 98 ശതമാനമാണ് വിജയ നിരക്ക് എന്നും അവര്‍ അവകാശപ്പെടുന്നു. പ്രാഥമിക കോഴ്സിന് 399 പൗണ്ടാണ് ഫീസ് ഈടാക്കുന്നത്. ഒരു ദിവസത്തെ കോഴ്സിന്റെ അവസാനം പഠിതാക്കള്‍ ഹീത്രൂവില്‍ നിന്നും ഒരു ഹ്രസ്വനേര വിമാനയാത്രയും ചെയ്യും. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ രണ്ട് ആഭ്യന്തര വിമാനങ്ങളിലെ യാത്രകള്‍ ഉള്‍പ്പെടുന്ന പ്രീമിയം കോഴ്സിന് 1,899 പൗണ്ടാണ് ചാര്‍ജ്ജ്.