- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരോള്‍ നല്‍കിയതില്‍ മഹാപരാധം എന്ത്? ജാമ്യത്തിന് അര്‍ഹത ഉണ്ടായിരുന്നെങ്കിലും ആറു വര്‍ഷമായി പരോള്‍ അനുവദിച്ചിരുന്നില്ല; കോവിഡ് കാലത്ത് പോലും പരോള്‍ അനുവദിച്ചിരുന്നില്ല; തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; കൊടി സുനിക്ക് ഒരു മാസമാണ് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ചു പി ജയരാജന്‍
പരോള്‍ നല്‍കിയതില്‍ മഹാപരാധം എന്ത്?
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി. ജയരാജന്‍. കൊടി സുനിക്ക് ജാമ്യത്തിന് അര്‍ഹയുണ്ടായിരുന്നെങ്കിലും ആറുവര്‍ഷമായി പരോള്‍ അനുവദിച്ചിരുന്നില്ല. കൊടി സുനിയുടെ അമ്മയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ചതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു.
തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണെന്നത് പരിഗണിച്ച് പ്രമാദമായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ പരോള്‍ അനുവദിക്കാറുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. ഇടക്കാലത്തുണ്ടായ കേസുകളുടെ പേരില്‍ പരോള്‍ നല്‍കാതിരുന്നത് ശരിയായ തീരുമാനമാണ്. ജയില്‍ മേധാവി ഇപ്പോള്‍ പരോള്‍ നല്‍കിയത് അമ്മയുടെ പരാതിയിലും മാനുഷിക പരിഗണനയിലുമാണ്. കൊടിയുടെ നിറം നോക്കാതെ പരോള്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. കൊവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു. കൊവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലില്‍ പ്രവേശിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്. കൊവിഡ് കാലത്ത് പോലും കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളതെന്നും ജയരാജന്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ പുതിയ നിര്‍ദേശം ! കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന മാഹി സ്വദേശി കൊടിസുനിക്ക് പരോളിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവര്‍ഷമായി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരില്‍ ഇടക്കാലത്ത് ചുമത്തിയ കേസ്സുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാല്‍ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായത്. ഇത് മനോരമയുടെ ഭാഷയില്‍ കൊടി കെട്ടിയ മനുഷ്യാവകാശമാണത്രെ.
തടവറകളെക്കുറിച്ച് ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വന്നത് അധികാരത്തിന്റെ രാഷ്ട്രീയ നേതൃത്വം എല്‍ഡിഎഫ് ആണെന്നതിനാല്‍ മനോരമ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; ഈ അടിസ്ഥാനത്തില്‍ പ്രമാദമായ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അവധി അനുവദിച്ചു വരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു.
കോവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലില്‍ പ്രവേശിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ മനോരമയുടെ രാഷ്ട്രീയത്തോടൊപ്പം നില്‍കാത്തവര്‍ക്ക് മനുഷ്യാവകാശം പോലും നല്‍കരുതെന്ന വാദം, കമ്മ്യൂണിസ്റ്റ്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വിഷം കുടിച്ച് മരിക്കും എന്ന പഴയ മനോരമ പത്രാധിപരുടെ 'ഭീരു' വാദത്തിന്റെ പുതിയ വാദമാണ്.
ടിപി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി. പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പരോള്‍ ലഭിച്ചതോടെ 28ന് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. ജയിലില്‍നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, കൊടി സുനിക്ക് ഒരുമാസത്തെ പരോള്‍ നല്‍കിയത് അസാധാരണ നടപടിയെന്ന് കെ കെ രമ എം എല്‍ എ.അമ്മയെ കാണാനാണെങ്കില്‍ 10 ദിവസം മതിയല്ലോ എന്തിനാണ് 30 ദിവസത്തെ പരോള്‍ എന്നും രമ ചോദിച്ചു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു. പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
'അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരില്‍, സ്ഥിരം കുറ്റവാളിയായ ഒരാള്‍ക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചത് ദുരൂഹമാണ്. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കവെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കൊടി സുനി ഒരു മാസത്തെ പരോള്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളത്?' - വി.ഡി സതീശന്‍ ചോദിച്ചു.
കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും പൂര്‍ണമായും കൊലയാളി പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി വധക്കേസിലെയും പെരിയ ഇരട്ടക്കൊലക്കേസിലെയും പ്രതികള്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ക്കും നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ക്കും സംരക്ഷണം നല്‍കുമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഓരോ നടപടികളിലൂടെയും കേരളത്തോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കൊലയാളികളുടെയും ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും സംരക്ഷകരായി ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരും ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും മാറുന്നത് കേരളത്തിനു തന്നെ അപമാനമാണ്. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകളും സത്യസന്ധരായ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ കേരളം ഒന്നാകെ നിങ്ങളുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ തിരിയുന്ന കാലം വിദൂരമല്ലെന്ന് സി.പി.എം നേതൃത്വം ഓര്‍ത്താല്‍ നന്ന്.- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.