- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബാങ്ക് തലപ്പത്തെ പി മോഹനന്റെയും ടി വി രാജേഷിന്റെയും നിയമനം വിവാദത്തില്‍; പ്രസിഡന്റിന്റെ പ്രായം 70 കടന്നു; ക്രിമിനല്‍ കേസില്‍ പെട്ടവരാകരുതെന്ന ചട്ടം മറികടന്നു; മുഴുവന്‍ സമയ ബാങ്കിങ് എക്‌സ്പീരിയന്‍സ് 8 ദിവസത്തേത് പോലും ഇല്ല; യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം
കേരള ബാങ്ക് തലപ്പത്തെ പി മോഹനന്റെയും ടി വി രാജേഷിന്റെയും നിയമനം വിവാദത്തില്‍
തിരുവനന്തപുരം: കേരള ബാങ്കിന്റെ പുതിയ പ്രസിഡന്റായി സിപിഎം നേതാവ് പി. മോഹനനെയും വൈസ് പ്രസിഡന്റായി മുന്‍ എംഎല്‍എ ടി.വി. രാജേഷിനെയും നിയമിച്ചത് റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) കര്‍ശന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആക്ഷേപം. പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത പി. മോഹനന് 70 വയസ്സ് എന്ന ആര്‍ബിഐയുടെ പ്രായപരിധി മറികടന്ന് 74 വയസ്സായി.
സംസ്ഥാനത്തെ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ ലഭിച്ച ചില ഇളവുകളുടെ മറവിലാണ് രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നതെന്നാണ് വിമര്‍ശനം. പി മോഹനനും, ടി വി രാജേഷും കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ഇരുവരും സിപിഎം സംസ്ഥാന സമിതി അംഗങ്ങളാണ്. ഗോപി കോട്ടമുറിക്കല്‍ ആയിരുന്നു മുന്‍ പ്രസിഡന്റ്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫിസില്‍ നടന്ന വോട്ടെണ്ണലിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ ആദ്യ യോഗം ചേര്‍ന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്കിലെ നിലവിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇരുവരുടെയും നിയമനമെന്ന വിമര്‍ശനം ഉയരുന്നു.
സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമിയുടെ പോസ്റ്റ് ഈ മാനദണ്ഡ ലംഘനം ചൂണ്ടിക്കാണിക്കുന്നു. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949-ലെ സെക്ഷന്‍ 10A, 10B എന്നിവ പ്രകാരം, ഒരു ബാങ്കിന്റെ ഡയറക്ടര്‍മാര്‍, മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് RBI നിര്‍ദ്ദേശിക്കുന്ന 'ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍' മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്. ഈ മാനദണ്ഡങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്:
പ്രായം: ഡയറക്ടര്‍മാര്‍ക്ക് പരമാവധി 70 വയസ്സ് എന്ന പരിധി RBI നിര്‍ദ്ദേശിക്കാറുണ്ട്. സഖാവ് പി. മോഹനന് 74 വയസ്സായി.
ക്രിമിനല്‍ പശ്ചാത്തലം: ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളോ മറ്റ് ക്രിമിനല്‍ കേസുകളോ വിചാരണ നേരിടുന്നവരോ ശിക്ഷിക്കപ്പെട്ടവരോ ആകരുത്.
മറ്റ് പദവികള്‍: എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയ പൊതു ഭരണപരമായ പദവികള്‍ വഹിക്കുന്നവര്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ വരുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്.
ബിസിനസ് താല്‍പ്പര്യങ്ങള്‍: മറ്റ് ബിസിനസ് പങ്കാളിത്തങ്ങളോ താല്‍പ്പര്യങ്ങളോ ഇല്ലാത്തവരായിരിക്കണം.
പ്രൊഫഷണല്‍ യോഗ്യതയും പരിചയവും
എം.ഡി./ഹോള്‍-ടൈം ഡയറക്ടര്‍ പദവിയിലേക്ക്, കുറഞ്ഞത് 8 വര്‍ഷത്തെ ബാങ്കിംഗ് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളിലെ പരിചയം, കൂടാതെ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം (CA, MBA, CFA, CAIIB തുടങ്ങിയവ) തുടങ്ങിയ കര്‍ശനമായ യോഗ്യതകള്‍ RBI നിഷ്‌കര്‍ഷിക്കാറുണ്ട്.
കേരള ബാങ്കിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ മാത്രമാണ്. പൊതുവേ, ഈ പദവികള്‍ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അല്ലെങ്കില്‍ ഡയറക്ടര്‍ പദവിയുടെ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇവരെ തിരഞ്ഞെടുക്കുന്നത് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെ (PACS) പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഷെയര്‍ ഹോള്‍ഡര്‍മാരാണ്. നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് ഹോള്‍-ടൈം ഡയറക്ടര്‍മാര്‍ക്ക് ബാധകമായത്രയും കര്‍ശനമായ ബാങ്കിംഗ് പരിചയമോ വിദ്യാഭ്യാസ യോഗ്യതകളോ വേണ്ടതില്ല. എങ്കിലും, 'ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍' മാനദണ്ഡങ്ങള്‍ ഇവര്‍ക്കും ബാധകമാണ്.
ബൈജു സ്വാമിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്നലെ ഒരു വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. കേരള ബാങ്ക് എന്ന കേരളത്തിന്റെ സ്വന്തം ബാങ്കിന്റെ പ്രസിഡന്റ് ആയി സിപിഎംലെ പി മോഹനനെയും വൈസ് പ്രസിഡന്റ് ആയി ടി വി രാജേഷ് എക്‌സ് എം എല്‍ എ യെയും നിയമിച്ചു. ഇതിന് മുന്‍പ് കണ്ണന്‍ സഖാവ് ആയിരുന്നു പ്രസിഡന്റ്. എങ്കിലും സംസ്ഥാനത്തെ ജില്ല ബാങ്കുകളെല്ലാം ലയിപ്പിച്ച് ഒന്നാക്കുന്ന ഒരു പ്രോസസ് ആയത് കൊണ്ട് ആര്‍ബിഐ തന്നെ കേരളാ ബാങ്കിന് കുറച്ച് എക്‌സംഷന്‍ കൊടുത്തിരുന്നത് കൊണ്ടായിരിക്കാം റിസേര്‍വ് ബാങ്കിന്റെ തന്നെ നിയമങ്ങള്‍ ലഘൂകരിച്ചത് എന്നാണ് എന്റെ തോന്നല്‍.
ഇനി മോഹനന്റെ നിയമനം എങ്ങനെയാണ് റിസേര്‍വ് ബാങ്കിന്റെ തന്നെ നിര്‍ദേശങ്ങള്‍ക്ക് എതിര്‍ക്കുന്നതെന്ന് പറയാം. എന്റെ വിശാല കുടുംബത്തില്‍ ബാങ്ക് ഡയറക്ടര്‍മാരും എം ഡി മാരുമെല്ലാം എല്ലാം ഉണ്ടായിരുന്നത് കൊണ്ട് തന്നെ എനിക്ക് ബാങ്കിങ്ങിലെ ചില കാര്‍ഡിനല്‍ റൂള്‍സ് അറിയാം. അതിലൊന്നാണ് സാധാരണ കമ്പനികളില്‍ എന്നത് പോലെ ഷെയര്‍ ഹോള്‍ഡ്‌ഴ്സ് തിരഞ്ഞെടുത്തത് കൊണ്ട് മാത്രം ആര്‍ക്കും ഡയറക്റ്ററോ എം ഡി യോ ആകാനാകില്ല എന്നത്. റിസേര്‍വ് ബാങ്കിന്റെ ഡിസ്‌ക്രീഷന്‍ ആണ് ഒരു ബാങ്കിനെ ആര് നയിക്കണം, ആരൊക്കെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇരിക്കണം എന്നത്.
റിസേര്‍വ് ബാങ്ക് എം ഡി & ഡയറക്ടര്‍ ആകാനും ഉള്ള ചില യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് ഡിറക്ടര്‍സ് എല്ലാം ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ ക്രിറ്റീരിയ ഉള്ളവരാകണം എന്നാണ്. ഈ ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ എന്നത് വിശാലമായ ഒരു കണ്ടീഷന്‍ ആണ്. അതില്‍ ചീറ്റിംഗ്, നികുതി വെട്ടിപ്പ്, കൊലപാതകം പോലെയുള്ള വന്‍ കേസുകളില്‍ വിചാരണ നേരിടുന്നവരോ ശിക്ഷിക്കപെട്ടവരോ ആകരുത്, പരമാവധി 70 വയസ് മാത്രമേ ആകാവൂ, മറ്റു ബിസിനസുകള്‍ ഒന്നും നടത്തുന്നവരാകരുത്, ഏതെങ്കിലും ബിസിനസിന്റെ പാര്‍ട്ടണര്‍ ആണെങ്കില്‍ നാമ മാത്രമായ രീതിയിലേ ആകാവൂ, നിരോധിത സംഘടനകളില്‍ അംഗമാകരുത്, കൂടാതെ എംപി, എംഎല്‍എ, സെല്‍ഫ് ഗവേര്‍ണിംഗ് ബോഡികളില്‍ അംഗമാകരുത്, ഇങ്ങനെ കുറെയുണ്ട്.
ഇതെല്ലാം കഴിഞ്ഞാലും എംഡി ആകുന്നവരും ആക്റ്റീവ് (ഹോള്‍ ടൈം) ഡിറക്ടര്‍സ് ആകുന്നവരും ബാങ്കിങ്ങില്‍ ഏറ്റവും കുറഞ്ഞത് 8 കൊല്ലത്തെ മുഴുനീള പ്രവര്‍ത്തി പരിചയം ഉള്ളവരും സാമ്പത്തിക വിദ്യാഭ്യാസം (CA , CAIIB, എംബിഎ ഇന്‍ ഫിനാന്‍സ്, CFA etc ) ഉള്ളവരുമായിരിക്കണം. എന്റെ അറിവില്‍ സഖാവ് മോഹനനും രാജേഷിനും ഈ പറഞ്ഞ യോഗ്യതകളില്‍ ഒന്ന് പോലുമില്ല. കൂടാതെ മോഹനന് പ്രായം 74 ആണ്. ക്രിമിനല്‍ കേസില്‍ രണ്ടു പേരും വിചാരണ നേരിടുന്നുണ്ടാകുമെന്നുറപ്പാണ്. ഇതെല്ലം പോട്ടെ എന്ന് വെച്ചാലും ഇവര്‍ക്ക് രണ്ടുപേര്‍ക്കും മുഴുവന്‍ സമയ ബാങ്കിങ് എക്‌സ്പീരിയന്‍സ് 8 വര്‍ഷത്തേത് പോയിട്ട് 8 ദിവസത്തേത് പോലും ഇല്ലായെന്നത് അറിയാത്തത് RBI മാത്രമാകും. ഇവരോ ഏതെങ്കിലും വീരപ്പനോ കേരള ബാങ്കിന്റെ എംഡി ആകുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് വേദനയൊന്നുമില്ല. കാരണം എനിക്ക് ആ ബാങ്കുമായി യാതൊരു ഇടപാടുമില്ല. പിന്നെ ബാങ്ക് ആര് ഭരിച്ചാല്‍ എനിക്കെന്ത്?




