- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പറഞ്ഞത് ജാഗ്രത വേണമെന്ന് മാത്രം, മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട; അപൂര്‍വം ചിലയിടത്തു നുഴഞ്ഞുകയറ്റക്കാര്‍'; വ്യായാമ പരിശീലനത്തിന് എത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിന്‍വലിച്ചു പി മോഹനന്‍; മെക് സെവനില്‍ സിപിഎം നേതാവിന്റെ മലക്കം മറിയല്‍ എന്‍ഐഎയും മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയതോടെ
'പറഞ്ഞത് ജാഗ്രത വേണമെന്ന് മാത്രം, മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട; അപൂര്‍വം ചിലയിടത്തു നുഴഞ്ഞുകയറ്റക്കാര്‍';
കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മ വിവാദത്തില്‍ മലക്കം മറിഞ്ഞ് സിപിഎം. വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം സിപിഎം നേതാവ് പി മോഹനന്‍ പിന്‍വലിച്ചു. അപൂര്‍വം ചിലയിടങ്ങളില്‍ അത്തരക്കാര്‍ നുഴഞ്ഞു കയറുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് പി മോഹനന്‍ ഇന്ന് പറഞ്ഞു.
'ജീവിത ശൈലീരോഗങ്ങള്‍ക്കെതിരായ ഒരു കരതുലെന്ന രീതിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് മെക് സെവന്‍ എന്ന വ്യായാമകൂട്ടായ്മ. അതിനെ എതിര്‍ക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ലല്ലോ. ചൂണ്ടിക്കാട്ടിയ കാര്യം, അത് ഒരു പൊതുവേദിയാണ്. അത്തരത്തിലുള്ള ജാതിമത ഭേദമന്യേ ആളുകള്‍ കൂടിച്ചേരുന്ന പൊതുവേദികളില്‍ അപൂര്‍വ്വം ചിലയിടത്ത് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, സംഘപരിവാറും മറ്റു വര്‍ഗീയ ശക്തികളും നുഴഞ്ഞുകയറി അവരുടെ അജണ്ടയ്ക്ക് മറയായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം വേദികളിലും അത്തരം ശക്തികള്‍ ഹൈജാക്ക് ചെയ്യുന്നു. പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞത്' മോഹനന്‍ പറഞ്ഞു.
ജാഗ്രത വേണമെന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്കുള്ള വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും പി.മോഹനന്‍ കൂട്ടിച്ചേര്‍ത്തു. അപൂര്‍വ്വം ചിലയിടത്ത് അത്തരം നുഴഞ്ഞുകയറ്റമുണ്ടെന്ന സംശയമുണ്ടാക്കിയിട്ടുണ്ട്. സിപിഎം എല്ലാ വര്‍ഗീയതയേയും ശക്തമായി എതിര്‍ക്കും. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നും മോഹനന്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മെക് സെവന്‍ എന്ന വ്യായാമ പരിശീലന പരിപാടിക്കെതിരെ പി മോഹനന്‍ നടത്തിയ പ്രസ്താവനയിലാണ് തീവ്രവാദികളാണ് അതില്‍ പങ്കാളികളാവുന്നത് എന്ന് ആക്ഷേപിച്ചത്. മെക് സെവന്‍ വാട്സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനന്‍ പറയുകയുണ്ടായി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കലാണ്. തീവ്രവാദികളേയും കൂട്ടിയുള്ള ഏര്‍പ്പടാണ് ഇതെല്ലാമെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞിരുന്നു.
പിന്നാലെ മതസംഘടനകളും ബിജെപിയും അതിനെ പിന്തുണച്ചു. വ്യായാമ പരിശീലന പരിപാടിയെ ഒരു സമുദായവുമായി കൂട്ടിച്ചേര്‍ത്ത് തീവ്രവാദ നിറം ചാര്‍ത്തിയത് ശരിയല്ല എന്ന പാര്‍ട്ടിക്കുള്ളിലെ നിലപാട് പരിഗണിച്ചാണ് ഇപ്പോള്‍ പി മോഹനന്‍ തിരുത്തുമായി വന്നത്. അതേസമയം മെക് 7നെതിരായ ആരോപണം തള്ളി മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരത്തെ രംഗത്തുവന്നിരുന്നു. പദ്ധതിയെ കുറിച്ച് മോശം അഭിപ്രായമില്ല. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാ മതസ്ഥരും പങ്കെടുക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.
'മെക് 7നെ പറ്റി മോശം അഭിപ്രായമില്ല. എന്റെ അനുഭവത്തില്‍ നല്ല പദ്ധതിയാണ്. വ്യായാമം മാത്രമാണ് നടക്കുന്നത്. എല്ലാ മതസ്ഥരും പങ്കെടുക്കാറുണ്ട്. മോഹനന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത് മെക് 7നെ കുറിച്ച് എടുത്ത് പറഞ്ഞിട്ടില്ല എന്നാണ്. 2 മാസം മുമ്പാണ് പരിപാടിയില്‍ പങ്കെടുത്തത്. എല്ലാ മതസ്ഥരും അന്ന് പങ്കെടുത്തിരുന്നു. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കണം. മെക് 7ന് എതിരെയുള്ള ആരോപണം തെറ്റാണ്. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പെടെയുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. എനിക്ക് മോശം അഭിപ്രായമില്ല. തുറസ്സായ സ്ഥലത്താണ് പരിപാടി നടന്നത്. കോഴിക്കോട്ടെ ഉദ്ഘാടന പരിപാടിയില്‍ ആണ് ഞാന്‍ പങ്കെടുത്തത്. നല്ല പരിപാടി ആയി തോന്നി. മതപരമായ ക്ലാസുകള്‍ ഒന്നും അന്ന് നടന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലബാര്‍ മേഖലയില്‍ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് 7. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ധീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ വന്നു.
ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ ആദ്യം രംഗത്തെത്തിയത് സമസ്ത എ പി വിഭാഗമാണ്. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണെന്നും മുസ്ലിമീങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫിയാണ് പറഞ്ഞത്. മെക് സെവന് പിന്നില്‍ ചതിയാണ്. വിശ്വാസികള്‍ പെട്ടുപോകരുതെന്നാണ് പേരോട് സഖാഫി പറഞ്ഞത്. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം. വ്യായായ്മ കൂട്ടായ്മയാണെങ്കില്‍ എന്തിനാണ് ഇസ്ലാമികമായിട്ടുള്ള സലാം ചൊല്ലുന്നത്. അത് പോലെയുള്ള കാര്യങ്ങള്‍ എന്തിനാണ് ഉള്ളിലൂടെ കടത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.