- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീന് ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി കൈവിട്ടതോടെ അറസ്റ്റു ഭീതിയില്‍ ദിവ്യ; മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്; ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും; പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും; അധ്യക്ഷ സ്ഥാനം തെറിച്ച നേതാവിനെ പാര്‍ട്ടിയിലും തരംതാഴ്ത്തും
നവീന് ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി കൈവിട്ടതോടെ അറസ്റ്റു ഭീതിയില്‍ ദിവ്യ
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ അറസ്റ്റു ഭീതിയിലാണ് നേതാവ്. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും.
അതേസമയം കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. അതിനിടെ ഹൈക്കോടതിയെ സമീപിച്ചു മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ദിവ്യ. കേരളം ഏറെ വൈകാരികമായിയാണ് എഡിഎം നവീന് ഇന്നലെ വിട നല്‍കിയത്. ഉപതിരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തില്‍ ദിവ്യയെ കൈവിടാന്‍ സിപിഎം നിര്‍ബന്ധിതരായിരുന്നു.
അതേസമയം പ്രശാന്തന്‍ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും. പ്രശാന്തന്റെ പരാതി അടക്കം വ്യാജമാണെന്ന് സൂചനകളുണ്ട്. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പി പി ദിവ്യ ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ചതുകാണ്ട് കാര്യമില്ല, പൊലിഞ്ഞ ജീവന്‍ തിരിച്ച് കൊടുക്കാന്‍ സാധിക്കുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു. പി പി ദിവ്യക്കെതിരായ സിപിഐഎം നടപടിക്ക് പിന്നാലെയാണ് പ്രതികരണം.
'ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവന്‍ തിരിച്ച് കൊടുക്കാന്‍ ആകുമോ? ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ല. രാജിവച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം', വി ഡി സതീശന്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. അതിനിടെയാണ് പദവിയില്‍ നിന്നും പുറത്താക്കികൊണ്ടുള്ള നടപടി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. കണ്ണൂര്‍ ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായ പ്രശാന്താണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്.
പെട്രോള്‍ പമ്പിന് എന്‍ഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അതിന് അനുമതി നല്‍കുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാല്‍ സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നല്‍കിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയില്‍ ആരോപിച്ചത്.
അതേസമയം പി.പി ദിവ്യ യ്‌ക്കെതിരെ സി.പി.എം നടപടിയുണ്ടാകാന്‍ സാദ്ധ്യതയേറി. സംഭവത്തെ തുടര്‍ന്ന് ദിവ്യ യ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സമഗ്രമായി പരിശോധിക്കാനാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതു സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചിരുന്നു. പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായതിനാല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് സംഭവത്തില്‍ അനുശോചിച്ചു കൊണ്ടു വാര്‍ത്താ കുറിപ്പിറക്കിയിരുന്നുവെങ്കിലും യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ നടത്തിയ പ്രസംഗം അനുചിതമാണെന്ന് വിമര്‍ശിച്ചിരുന്നു. ജീവനൊടുക്കിയ നവീന്‍ബാബു അടിയുറച്ച സി.പി.എം കുടുംബത്തില്‍ നിന്നും വരുന്നയാളായതിനാല്‍ വന്‍ പ്രതിസന്ധിയിലാണ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം.
നവീന്‍ ബാബു സത്യസന്ധന നായ ഉദ്യോഗസ്ഥനാണെന്ന നിലപാടുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി രംഗത്തുവന്നിരുന്നു. നവീന്‍ ബാബുവിന്റെ പിതാവും മാതാവും ഭാര്യയും സഹോദരനുമെല്ലാം സി.പിഎമ്മിന്റെയും ഇടതു സംഘടനാ ഭാരവാഹികളായ തിനാലും സംസ്ഥാനത്തെ രണ്ട് ജില്ലാ കമ്മിറ്റികള്‍ തമ്മിലുള്ള ആഭ്യന്തര വിഷയമായി എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ മാറിയിട്ടുണ്ട്.
പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നപത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ കണ്ണൂരിലെ പാര്‍ട്ടി ഉടന്‍ അച്ചടക്കനടപടി സ്വീകരിച്ചേക്കും. കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ ശക്തമായനിലപാടെടുത്തിട്ടുണ്ട്.