- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യ ജയിലിന് പുറത്തിറങ്ങി; എഡിഎമ്മിന്റെ മരണത്തില്‍ ദുഖമുണ്ട്; താന്‍ പറഞ്ഞത് സദുദ്ദേശ്യത്തോടെ; നിയമത്തില്‍ വിശ്വസിക്കുന്നു; തന്റെ ഭാഗം കോടതിയില്‍ പറയും, നിരപരാധിത്വം തെളിയിക്കും; നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കും പോലെ കൃത്യമായ അന്വേഷണ നടക്കട്ടെയെന്ന് മാധ്യമപ്രവര്‍ത്തകരോട് ദിവ്യ
ദിവ്യ ജയിലിന് പുറത്തിറങ്ങി;
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദു:ഖമുണ്ടെന്ന് ജയില്‍ മോചിതയായി പിപി ദിവ്യ. നവീന്‍ ബാബുവിന്റെ കുടുംബത്തെപ്പോലെ താനും സത്യാവസ്ഥ പുറത്തു കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നതെന്ന് ജയില്‍മോചിതയായ പി.പി ദിവ്യമാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ വനിതാ ജയിലില്‍ നിന്നും വിമോചിതമായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ കുറെക്കാലമായി ഞാന്‍ ജനങ്ങളുടെ ഇടയിലുണ്ട്. തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്‍പിലും എവിടെയും പറയാറുണ്ട്. തികച്ചും സദുദ്ദേശപരമായാണ് അന്ന് യാത്രയയപ്പ് യോഗത്തില്‍ അക്കാര്യം പറഞ്ഞത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഞാന്‍ പൊതു പ്രവര്‍ത്തന രംഗത്തുണ്ട്. എന്റെ നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും എന്നെ അറിയാം. കഴിഞ്ഞ 12 വര്‍ഷമായി ജില്ലാ പഞ്ചായത്തുമായി സഹകരിക്കുന്നുണ്ട്. വ്യത്യസ്ത പാര്‍ട്ടികളിലുളള ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ട്. ഇതുവരെ ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടില്ല. എല്ലാവരുടെയും മുഖത്ത് നോക്കി കാര്യങ്ങള്‍ പറയാറുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപ്പോലെ താനും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം ആഗ്രഹിക്കുന്നുണ്ട്. തനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടെന്നും സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കുന്നതായും ദിവ്യ പറഞ്ഞു.
ദിവ്യയുടെ ജാമ്യ ഹരജി യിലുള്ള വിധി നാലു മണിയോടെയാണ് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ കോടതിയിലെത്തിച്ചത്
അഞ്ചു മണിയോടെയാണ് ദിവ്യജ യില്‍ മോചിതയായത്. കല്യാശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജര്‍ , ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു തുടങ്ങിയവര്‍ ദിവ്യയെ സ്വീകരിക്കാനെത്തിയിരു ന്നു. ദിവ്യയ്ക്ക് ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോ. നേതാക്കളായ എന്‍. സുകന്യ, പി.കെ ശ്യാമള , സി.പി.എം. നേതാക്കളായ ബിനോയ് കുര്യന്‍, പി.വി ഗോപിനാഥ് എന്നിവര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
കണ്ണൂര്‍ ജില്ല വിട്ടുപോകരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി ദിവ്യയ്ക്ക ജാമ്യം അനുവദിച്ചത്. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ആണ് വിധി പറഞ്ഞത്.
പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കുടുംബനാഥ എന്ന പരിഗണനയിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് എന്ന് കോടതി വിധിയില്‍ പറയുന്നു. കുടുംബനാഥ ഇല്ലെങ്കില്‍ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പിപി ദിവ്യയ്ക്കെതിരേ ചുമത്തിയ ബിഎന്‍എസ് 108 ആത്മഹത്യാപ്രേരണക്കുറ്റം കേസില്‍ നിലനില്ക്കും എന്ന് കോടതി നിരീക്ഷിച്ചു. 33 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. വിളിക്കാത്ത വേദിയില്‍ ചെന്ന് പ്രാദേശിക ചാനലിനെ കൂട്ടിപ്പോയി എ.ഡി.എമ്മിന്റെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന രീതിയില്‍ ദിവ്യ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കോടതി നിരീക്ഷിച്ചു.
മാനുഷികവശങ്ങള്‍ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്കിയിരിക്കുന്നത്. സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാല്‍ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന കാര്യങ്ങള്‍ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അസുഖബാധിതനായ പിതാവിനെ പരിചരിക്കാന്‍ ദിവ്യ വീട്ടിലുണ്ടാകണം എന്ന വാദം നേരത്തെ തന്നെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണം, കണ്ണൂര്‍ ജില്ല വിട്ട് പോകരുത്, പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കണം, ഇല്ലെങ്കില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്.
കെ. നവീന്‍ബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവര്‍ത്തിക്കുകയാണ് ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ദിവ്യ ചെയ്തത്. പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്തും നവീന്‍ബാബുവും ഫോണില്‍ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങള്‍ ഉണ്ടെന്നുമാണ് വാദത്തില്‍ അഭിഭാഷകന്‍ കെ. വിശ്വന്‍ ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂര്‍ നീണ്ട വാദങ്ങളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്. റാല്‍ഫും തമ്മില്‍ നടന്നത്.
എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവീന്‍ ബാബുവിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇത് എ.ഡി.എമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനല്‍ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്ന് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളും റിപ്പോര്‍ട്ടുണ്ട്.
ഉപഹാര വിതരണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ഏര്‍പ്പാടാക്കി. കലക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്ന് കലക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിങ്ങിലെ സീനിയര്‍ ക്ലര്‍ക്കിന്റെ മൊഴിയില്‍ പറയുന്നു. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പില്‍ വരുത്തി. ദിവ്യ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞു. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.