- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി പി ദിവ്യ ജയിലില്‍; വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജറാക്കിയ സിപിഎം നേതാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും; നാളെ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും; നവീന്‍ ബാബുവിനെ വെല്ലുവിളിച്ച വനിതാ നേതാവ് അഴിക്കുള്ളില്‍
പി പി ദിവ്യ ജയിലിലേക്ക്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായയ സിപിഎം നേതാവ് പി പി ദിവ്യ ജയിലില്‍. ദിവ്യയെ വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കി. ഇതോടെ കോടതി 14 ദിവസത്തേക്ക് ദിവ്യയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ പള്ളിക്കുന്ന വനിതാ ജയിലിലാകും ദിവ്യക്ക് ഇന്നത്തെ അന്തിയുറക്കം. നാളെ ദിവ്യ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് സൂചനകള്‍.
നേരത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം ദിവ്യയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. ഇന്നുതന്നെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും പോലീസ് ശ്രമം. കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.
തലശ്ശേരി സെഷന്‍സ് കോടതിയായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ ദിവ്യയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. തുടര്‍ന്ന് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. ഇതോടെ പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ദിവ്യയ്‌ക്കെതിരായ നടപടി പോലീസ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റു ചെയ്യുക മാത്രമായിരുന്നു പോലീസിന്റെ മുന്നിലെ മാര്‍ഗം.
കോടതിവിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അറസ്റ്റിലായ ശേഷവും ദിവ്യക്കായി പോലീസ് സംരക്ഷണം ഒരുക്കുന്ന കാഴ്ച്ച കണ്ടു. ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലേക്ക് ദിവ്യ എത്തിയത് ആദ്യമായിട്ടായിരുന്നു. കാമറകള്‍ക്ക് മുന്നില്‍ ദിവ്യ പരമാവധി വരാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ കറുപ്പും ചുവപ്പും നിറമുള്ള സാരി ധരിച്ചെത്തിയ ദിവ്യയെ അതിവേഗം പോലീസ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു പോലീസ്.
ഇതേസമയം പ്രദേശത്ത് യുവജനസംഘടനകള്‍ കരിങ്കൊടികളുമായി എത്തി പ്രതിഷേധിച്ചു. ഇതോടെ എത്രയും വേഗം ദിവ്യയെ പോലീസ് ഒളിപ്പിക്കുകയായിരുന്നു. പോലീസിന് മുന്നില്‍ കീഴടങ്ങിയ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. അതിനിടെ, ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് വിവരം. ദിവ്യയെ ഹാജറാക്കി സ്ഥലത്ത് വന്‍പോലീസ് സന്നാഹം തന്നെ ഉണ്ടായിരുന്നു.
നേരത്തെ പോലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസും ശ്രദ്ധിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാഷ്ട്രീയ സ്വാധീനമുളളയാള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് മാത്രമല്ല, ദിവ്യയുടെ പ്രസംഗം എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരണയായെന്ന് കോടതി ഇന്ന് മുന്കൂര്‍ ജാമ്യം തള്ളിക്കൊണ്ട് വ്യക്തമാക്കുകയും ചെയ്തു. പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിലാണ് പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍ ഉള്ളത്. ദിവ്യ ക്ഷണിക്കാതെ വന്നതെന്നും പ്രസംഗം ആസൂത്രിതമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദങ്ങളാണ് കോടതി അംഗീകരിച്ചത്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയെങ്കിലും കീഴടങ്ങാന്‍ ദിവ്യക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും വരെ കാത്തിരിക്കാമെന്നായിരുന്നു അഭിഭാഷകരുടെ ഉപദേശം. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് കാലത്ത് ദിവ്യ ഇനിയും ഒളിവില്‍ കഴിഞ്ഞാല്‍, അത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് കണ്ടാണ് പാര്‍ട്ടി നേതൃത്വം ഉച്ചയോടെ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.
ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തത് അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തതിനുശേഷം പറയാം. തുടര്‍ നടപടി ചോദ്യംചെയ്തതിനു ശേഷം തീരുമാനിക്കുമെന്നും പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്.