- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേയൊരു ലക്ഷ്യം മാത്രം; പിണറായി വിജയന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കണം; പി.ആര്‍.ഡിയും സി- ഡിറ്റും സോഷ്യല്‍ മീഡിയ ടീമിനും പുറമേ പ്രത്യേക സംവിധാനം; തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇടത് സഹയാത്രികരും സംഘടനാ പ്രവര്‍ത്തകരും മാത്രം; 'പ്രത്യേക പവര്‍ ഗ്രൂപ്പി'നുള്ള സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തില്‍ പരിശീലനം
ഒരേയൊരു ലക്ഷ്യം മാത്രം; പിണറായി വിജയന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കണം
തിരുവനന്തപുരം: പി.ആര്‍.ഡിയും സി-ഡിറ്റും പ്രത്യേക സോഷ്യല്‍ മീഡിയ ടീമും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും ഉള്‍പ്പെടുത്തി പ്രത്യേക സേനയെ നിയോഗിക്കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ടുള്ള ബന്ധത്തിലൂടെ ഒരു 'പ്രത്യേക പവര്‍ ഗ്രൂപ്പ്' ഉയര്‍ന്നു വരാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. ഇടതുപക്ഷ സഹയാത്രികരും സര്‍വീസ് സംഘടനകളില്‍ നിന്നുള്ളവരുമായ ആയിരത്തോളംപേരെ ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള സ്‌ക്രീനിങിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തില്‍ പരിശീലനം നല്‍കാനാണ് ഇപ്പോഴുള്ള ധാരണ.
ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സംരംഭം ആരംഭിക്കുമെന്നും 'മുഖ്യമന്ത്രി എന്നോടൊപ്പം' അഥവാ 'സി എം വിത്ത് മി' എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റര്‍ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുക.
ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക. ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിലെ നിര്‍ദ്ദേശങ്ങളും അവയുടെ വിലയിരുത്തലും നടത്തുക. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ഉറപ്പാക്കുക. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സര്‍ക്കാര്‍ സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവര്‍ത്തിക്കുക. എന്നിവയാണ് ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ അഭിപ്രായം.
സംവിധാനത്തിന്‍െ്റ ഭാഗമാകാനായി സിപിഎം, സിപിഐ അനുകൂല സര്‍വീസ്, അധ്യാപക സംഘടനകളില്‍ നിന്ന് ഇതിനകം അംഗങ്ങളുടെ പട്ടിക ശേഖരിച്ചു കഴിഞ്ഞു. മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് 100 ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ പ്രത്യേക പരിശീലനം നല്‍കാനാണ് ഇപ്പോഴുള്ള ധാരണ. സാങ്കേതിക, അടിസ്ഥാന സൗകര്യ ങ്ങളും മനുഷ്യവിഭവശേഷിയും നല്‍കുന്നതിന് കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെ (കിഫ്ബി) മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്തുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനും ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സംവിധാനത്തില്‍ ലഭിക്കുന്ന വിഷയങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ മാത്രാമണ് പി.ആര്‍.ഡിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഉള്ളടക്ക നിര്‍മ്മാണം, വികസനം, പ്രചരണം എന്നിവക്കായി പി.ആര്‍.ഡിക്ക് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും.
വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തിക്കുക. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. പി.ആര്‍.ഡിക്കും സി- ഡിറ്റിനും പുറമേ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ ഇപ്പോള്‍ 12 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈയ്യിടെ 12 അംഗ സംഘത്തിന്റെ ശമ്പള നിരക്കില്‍ രണ്ട്മാസത്തെ മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയിരുന്നു. സോഷ്യല്‍ മീഡിയ ടീം ലീഡിന്റെ ശമ്പളം 75000ത്തില്‍ നിന്ന് 78750 രൂപയാക്കി.
കണ്ടന്റ് മാനേജറുടെ ശമ്പളം 70000 രൂപയായിരുന്നത് 73500 ആക്കി ഉയര്‍ത്തി. മറ്റെല്ലാ തസ്തികകളിലും ആനുപാതിക വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം കൂട്ടിയെന്ന് അറിയിച്ച് പിആര്‍ഡി ഉത്തരവും ഇറക്കിയിരുന്നു. 2022 മെയ് ആറുമുതലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് മാത്രമായി 12 അംഗ പ്രത്യേക സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്. ഒരു വര്‍ഷ കാലാവധി തീര്‍ന്ന മുറക്ക് നിയമനം പുതുക്കി നല്‍കുകയും ചെയ്തിരുന്നു. ഈ വര്‍ഷം നിയമനം പുതുക്കിയതിന് ശേഷമാണ് ശമ്പള നിരക്ക് കൂട്ടി പുതിയ ഉത്തരവിറക്കിയത്.