- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്‍വെസ്റ്റ് കേരളയുടെ ഉച്ചകോടിയില്‍ 1,52,905 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടായി'; ഉച്ചകോടി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം; 5000ത്തിലധികം ഡെലഗേറ്റുകള്‍ പങ്കെടുത്ത 30 സെഷനുകള്‍ നടത്തി; ഇന്‍വെസ്റ്റ് കേരള വന്‍ വിജയമെന്ന് വ്യവസായി മന്ത്രി പി രാജീവ്
'ഇന്‍വെസ്റ്റ് കേരളയുടെ ഉച്ചകോടിയില്‍ 1,52,905 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടായി'
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് കൊച്ചിയില്‍ സമാപനം. രണ്ട് ദിവസമായി നടന്ന ഉച്ചകോടി വന്‍ വിജയമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. രണ്ടു ദിവസമായി നടന്ന ഉച്ചകോടിയില്‍ 1,52,905 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടായതായി പി. രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിനെ നിക്ഷേപ സൗഹൃദ ഇടമാക്കാന്‍ എല്ലാരും കൂട്ടായ പരിശ്രമം നടത്തി. 5000ത്തിലധികം ഡെലഗേറ്റുകള്‍ പങ്കെടുത്ത 30 സെഷനുകള്‍ ഉച്ചകോടിയുടെ ഭാഗമായി നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഐക്യമായിരുന്നു ഉച്ചകോടിയുടെ പ്രധാന വിജയമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ കൂടുതല്‍ തുറന്നു കാട്ടാനുള്ള വേദിയായി ഉച്ചകോടി മാറി. നിക്ഷേപത്തിന് സമയമെടുക്കും. നിക്ഷേപകരില്‍ ആത്മവിശ്വാസം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇത് യാത്രയുടെ അവസാനമല്ല മറിച്ച് കേരളം നിക്ഷേപ സൗഹൃദമാകുന്നതിന്റെ തുടക്കം മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
തെഴില്‍ സമരങ്ങള്‍ കൂടുതല്‍ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ലെന്ന് മന്ത്രി പറഞ്ഞു. യുവാക്കള്‍ വിദേശത്തേക് ജോലി തേടി പോകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. 24 ഐടി കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിന് താല്‍പര്യമറിയിച്ചിട്ടുണ്ട്. 20,000 കോടിയുടെ അധിക നിക്ഷേപം കേരളത്തില്‍ ഉണ്ടാകും. ഇതുവരെ 1,52,905 കോടി രൂപയുടെ നിക്ഷേപമുണ്ടായെന്നും പി. രാജീവ് വ്യക്തമാക്കി.
നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ളതാണോ എന്ന് പരിശോധിക്കണം അതിന് സമയമെടുക്കും. നാളെ മുതല്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ തരംതിരിച്ച് പരിശോധിക്കുകയും റിവ്യൂ മീറ്റിങ് നടത്തുകയും ചെയ്യും. ഭാരത് ബയോടെക് വ്യവസായം തുടങ്ങാന്‍ പോവുകയാണ്. 18 സംസ്ഥാനങ്ങളില്‍ വാട്ടര്‍ മെട്രൊ തുടങ്ങാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. കേരളം വിസ്തൃതിയില്‍ മാത്രമാണ് ചെറുതെന്നും മറ്റെല്ലാ ഘടകങ്ങള്‍ എടുത്താലും കേരളം വലുതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ലഭ്യമാകുന്ന ഭൂമിയെ പറ്റിയും അവയുടെ സാഹചര്യത്തെ കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. അത്തരം കാര്യത്തിലൊന്നും ആശങ്കയേ വേണ്ടെന്ന് വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രദേശങ്ങള്‍ എല്ലാം തന്നെ സമ്പന്നവും വികസിതവുമാണ്. സൌകര്യങ്ങളുടെ നഗരമെന്നോ ഗ്രാമമെന്നോ വിവേചിക്കേണ്ടതില്ലാത്തതാണ് ഇവിടുത്തെ സ്ഥലങ്ങള്‍. ഇത് വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ്.
കേരളത്തില്‍ വ്യവസായ നടത്തിപ്പിന് തടസമുണ്ടാവില്ല. രേഖകള്‍ നേടുന്നതിന് കാലതാമസം ഉണ്ടാവില്ല. ഭൂമി തടസമല്ല. കേരളം ഒരു നഗരമാണ്. വിജയിച്ചു നില്‍ക്കുന്ന പല ബിസിനസുകളും ഓരോ പഞ്ചായത്തുകളിലായാണ്. ഇന്ന് ഇത്രയും വലിയൊരു പരിപാടി ഇവിടെ നടക്കുന്നത് തന്നെ ഒരു പഞ്ചായത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണെന്ന് മന്ത്രി ചൂണ്ടികാട്ടി.
കേരളത്തിലെ വിദ്യാഭ്യാസ മേഖല കുതിപ്പിലാണ്. ഉന്നത കോഴ്‌സുകള്‍ വ്യവസായ മേഖല കൂടി പരിഗണിച്ചു കൊണ്ട് രൂപകല്‍പന ചെയ്യുമെന്നും മന്ത്രി രാജീവ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നത് എന്നും ഉദാഹരണായി ചൂണ്ടികാണിച്ചു.
അതേസമയം ഇന്‍വെസ്റ്റ് കേരളം വ്യവസായ സൗഹൃദമാക്കാന്‍ യുഡിഎഫ് എന്നും ഒപ്പം ഉണ്ടായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഹര്‍ത്താല്‍ നടത്താത്ത റെക്കോര്‍ഡ് പ്രതിപക്ഷത്തിനുണ്ട്. പ്രതിപക്ഷ നിലപാടിന്റെ കൂടി ഫലമായാണ് കേരളത്തില്‍ വ്യവസായ അന്തരീക്ഷമുണ്ടായത്. സില്‍വര്‍ ലൈന്‍ വിവാദ പദ്ധതി ആയതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.