- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മന്ത്രിയായ ശേഷം പളനിയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലിരുന്ന് ഒരു വനിത മാഗസിന് ഇന്റര്‍വ്യൂ കൊടുക്കുന്നു; ഈ പളനിയിലെ ഫാം ഹൗസിന്റെ കാര്യം എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ വരാത്തത്?'; സിപിഎമ്മിലെ കോടിപതികളെക്കുറിച്ച് ചര്‍ച്ച ചെയ്ത ഔട്ട് ഓഫ് ഫോക്കസിലെ ചോദ്യത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്; മീഡിയാ വണ്ണിലെ ചിലര്‍ മാത്രം കണ്ട ഫാം ഹൗസ് അവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണമെന്നും പ്രതികരണം
'ഇതുവരെ പഴനിയില്‍ പോയിട്ടില്ല, ഇനിയൊന്നു പോകണം':
തിരുവനന്തപുരം: സിപിഎമ്മിലെ കോടിപതികളെക്കുറിച്ചുള്ള മീഡിയ വണ്ണിലെ ഔട്ട് ഓഫ് ഫോക്കസ് ചര്‍ച്ചയില്‍ തനിക്കെതിരെ വന്ന പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്. രാജ്യസഭാ സ്ഥാനാര്‍ഥിയായി മുമ്പ് മത്സരിക്കവെ നല്‍കിയ സത്യവാങ്മൂലത്തില്‍ കാണിക്കാതിരുന്ന പഴനിയിലെ ഫാം ഹൗസില്‍' വെച്ച് വനിതാപ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കിയെന്നായിരുന്നു ചര്‍ച്ചയില്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് എസ് എ അജിംസ് പറഞ്ഞത്. സത്യവാങ്മൂലത്തില്‍ കാണിക്കാതിരുന്ന പഴനിയിലെ ഫാമില്‍വച്ച് മന്ത്രിയും കുടുംബവും അഭിമുഖം നല്‍കിയെന്ന ആരോപണം നിഷേധിച്ചാണ് പി രാജീവിന്റെ പ്രതികരണം.
അവര്‍ മാത്രം കണ്ട അഭിമുഖത്തിന്റെ കോപ്പി ചോദിച്ചുവാങ്ങണമെന്നും ഇതുവരെ ഞാന്‍ കാണാത്ത പഴനിയില്‍, ആരും കാണാത്ത അഭിമുഖത്തില്‍, മീഡിയാ വണ്ണിലെ ചിലര്‍ മാത്രം കണ്ട ഫാം ഹൗസ് കാണിച്ചു തരുമ്പോള്‍ അത് മീഡിയവണ്ണിന് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണമെന്നും മന്ത്രി പരിഹസിച്ചു
പി രാജീവിന്റെ പ്രതികരണം
ഇതുവരെ പഴനിയില്‍ പോയിട്ടില്ല. ഇനിയൊന്നു പോകണം. മീഡിയവണ്ണില്‍ ഔട്ട് ഓഫ് ഫോക്കസ് അവതരിപ്പിക്കുന്നവരേയും കൂടെകൂട്ടണം. 'പഴനിയിലെ ഫാം ഹൗസില്‍' വെച്ച് വനിതാപ്രസിദ്ധീകരണത്തില്‍ നല്‍കിയതായി പറയുന്ന, അവര്‍ മാത്രം കണ്ട അഭിമുഖത്തിന്റെ കോപ്പി ചോദിച്ചുവാങ്ങണം. ഇതുവരെ ഞാന്‍ കാണാത്ത പഴനിയില്‍, ആരും കാണാത്ത അഭിമുഖത്തില്‍, മീഡിയാ വണ്ണിലെ ചിലര്‍ മാത്രം കണ്ട ഫാം ഹൗസ് അദ്ദേഹം കാണിച്ചു തരുമ്പോള്‍ അത് മീഡിയവണ്ണിന് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണം.
എത്ര ശാന്തമായാണ് നട്ടാല്‍ മുളയ്ക്കാത്ത നുണ ആധികാരികമെന്ന മട്ടില്‍ അവതരിപ്പിക്കുന്നത്. മീഡിയാ വണ്ണിന്റെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ ഈ പച്ചക്കള്ളം വിളിച്ചു പറഞ്ഞത് എന്തെങ്കിലും വിധത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണോ? ഇതെന്ത് മാധ്യമപ്രവര്‍ത്തനമാണ്?. ഇപ്പോള്‍ സ്റ്റോറി പിന്‍വലിച്ചതായി പ്രമോദ് രാമന്‍ പറയുന്നു. പക്ഷേ നുണ ലോകം ചുറ്റിയ ശേഷം സത്യത്തിന് ചെരിപ്പ് അന്വേഷിച്ചതു കൊണ്ട് എന്തു കാര്യം?
ചര്‍ച്ചയിലെ വിവാദ പരാമര്‍ശം
പൊതുപ്രവര്‍ത്തകര്‍ എന്ന് പറയുന്നതില്‍ നിഷ്‌കാമ കര്‍മികള്‍ എന്ന് പറയാവുന്നവര്‍ ഉണ്ട്, ജോലിക്ക് പോയി മടങ്ങി വന്ന ശേഷം ഒന്നും പ്രതീക്ഷിക്കാതെ പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍. മറ്റ് ചിലര്‍ക്ക് അങ്ങനെയല്ല. ചില പ്രത്യേക സ്ഥലങ്ങളിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവിഹിത മാര്‍ഗത്തില്‍ സ്വത്ത് സമ്പാദിക്കുന്നു എന്നത് പച്ചയായ സത്യമാണ്. കൊച്ചി നഗരം കേന്ദ്രീകരിച്ച് ഒരു സിപിഎം നേതാവ്, കൊച്ചിയിലെ മുന്‍ രാജ്യസഭ എംപിയായിരുന്ന ആള്‍, പിന്നീട് എംഎല്‍എയായി, ഇപ്പോള്‍ മന്ത്രിയാണ്. രാജ്യസഭ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആസ്തി എന്ന് പറയുന്നത് പതിനേഴ് ലക്ഷം രൂപയാണ്. ഭാര്യയുടെ പേരിലാണ് ആ ആസ്തി കാണിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയുടെ കാര്‍ഷിക ഭൂമി, പിന്നെ ഒരു ലക്ഷം വില വരുന്ന ബില്‍ഡിങ്, അദ്ദേഹം മന്ത്രിയായ ശേഷം പളനിയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലിരുന്ന് ഒരു വനിത മാഗസിന് ഇന്റര്‍വ്യൂ കൊടുക്കുന്നു. ഈ പളനിയിലെ ഫാം ഹൗസിന്റെ കാര്യം എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ വരാത്തത്. അത് അദ്ദേഹത്തിന്റെ അല്ലെ? അദ്ദേഹത്തിന്റെ ബന്ധുക്കളുടേത് വല്ലതുമാണോ? ഭാര്യയുടെ കുടുംബത്തില്‍ പെട്ടത് വല്ലതുമാണോ? ഈ മന്ത്രി എന്ത് ചെയ്യുന്നു. പളനിയിലെ ഫാം ഹൗസിലിരുന്ന് ഈ മാഗസിന് കുടുംബത്തിനൊപ്പം ഇന്റര്‍വ്യൂ നല്‍കുകയാണ്. അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ പഠിക്കുന്നത് കൊച്ചിയിലെ പ്രധാനപ്പെട്ട രണ്ട് സ്‌കൂളുകളിലാണ്. സാധാരണ സിപിഎം നേതാക്കള്‍ ഒക്കെ മക്കളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുമ്പോള്‍ അഡ്മിഷന്‍ കിട്ടാന്‍ വലിയ പാടുള്ള കൊച്ചിയിലെ ഒരു പ്രധാന സ്‌കൂളിലാണ് രണ്ട് മക്കളും പഠിക്കുന്നത്. അദ്ദേഹത്തിന്റെ ഭൂതകാലം എടുത്തു നോക്കിയാല്‍ എന്ത് ജോലി ചെയ്തിട്ടാണ് ഇതൊക്കെ സമ്പാദിക്കുന്നത്. അത് തുറന്നു കാണിക്കേണ്ടതല്ലെ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഇങ്ങനെയാണ്, ഒട്ടുമിക്ക നേതാക്കളും ഇങ്ങനെയാണ്. ഇത് എടുത്ത് പറയാന്‍ കാരണം കൊച്ചി വലിയ ക്രയവിക്രയങ്ങള്‍ നടക്കുന്ന വലിയ സിറ്റിയാണ്. അവിടെ അധികാരത്തില്‍ ഇരിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും അപ്പര്‍ ക്ലാസുമായി നല്ല ബന്ധമുണ്ടാകും. അവിടെ പല ഡീലിങുകളും നടക്കും. ആ ഡീലിങുകള്‍ എല്ലാം ഇരുട്ടിന്റെ മറവിലാണ്. സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയണമെന്നില്ല. എല്ലാ പാര്‍ട്ടികളിലും ഇത്തരം ഡീലിങുകള്‍ ഉണ്ട്.