തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ബോര്‍ഡ് സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാളിക്ക് തൂക്കക്കുറവുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടും പ്രശാന്ത് തള്ളി. പ്രശ്നം വരുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ മേലും ക്രെഡിറ്റ് വരുമ്പോള്‍ ഉദ്യോഗസ്ഥന്റെ മേലും ചാര്‍ത്തുന്ന സ്വഭാവം ശരിയല്ല. വിവാദം സംബന്ധിച്ച എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെ. എന്നിട്ട് കുഴപ്പക്കാരന്‍ താനാണെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്രാവശ്യം സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ബോര്‍ഡിനാണ്. ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊടുത്തുവിട്ടത്. 2024 മുതല്‍ തിരുവാഭരണം കമ്മിഷണര്‍ക്ക് തങ്ങള്‍ കൊടുത്ത ഉത്തരവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അയച്ചുതരാം. ഏതെങ്കിലുമൊരു ഉത്തരവില്‍ ഉണ്ണികൃഷ്ണന്റെ കൈയില്‍ കൊടുത്തുവിടാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് പറഞ്ഞു. 1998 മുതല്‍ ഇതുവരെയുള്ള ഏത് ബോര്‍ഡിന്റെ കാര്യവും ഏത് ഉദ്യോഗസ്ഥരുടെ കാര്യവും അന്വേഷണ പരിധിയില്‍ വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാത്തരം ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും ഒരന്ത്യം വേണം. ബോര്‍ഡ് അത്തരമൊരു നിലപാട് സ്വീകരിച്ചതിനാലാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവന്നത്. നഷ്ടപ്പെട്ട സ്വര്‍ണമെല്ലാം പിടിച്ചെടുക്കണം. ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാന്‍ ഈ സര്‍ക്കാരോ ദേവസ്വം മന്ത്രിയോ ബോര്‍ഡോ കൂട്ടുനിന്നിട്ടില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ, ആറാഴ്ച ക്ഷമിക്കൂ. സമാന്തര അന്വേഷണവും സമാന്തര വാര്‍ത്തയും കൊടുത്ത് ഭക്തരെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കും പങ്കുണ്ടെന്ന പരോക്ഷ വിമര്‍ശനവുമായി എ പദ്മകുമാര്‍ രംഗത്തെത്തി. 2007 ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെത്തിയത്. അതിന് മുന്‍പ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. അവിടെ തന്ത്രം ആര്‍ക്കായിരുന്നുവെന്നും ആരൊക്കെ തമ്മിലാണ് നേരത്തെ പരിചയം ഉണ്ടായിരുന്നതെന്നും തിരക്കണമെന്നും പദ്മകുമാര്‍ പറഞ്ഞു.

താഴമണ്‍ കുടുംബത്തിനാണ് ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ താന്ത്രിക അവകാശം. നമ്മള്‍ ദൈവ തുല്യരെന്ന് കരുതുന്ന ആളുകള്‍ ഇപ്പോള്‍ പുറത്ത് വരുന്ന കാര്യങ്ങളില്‍ ഉണ്ടെങ്കില്‍ എന്ത് പറയാന്‍ എന്ന് നേരത്തെ പദ്മകുമാര്‍ പ്രതികരിച്ചിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പ്രതി ചേര്‍ത്തതായി വിവരം കിട്ടിയിട്ടില്ലെന്നും 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണകവര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘം കേസെടുത്ത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികള്‍. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം പതിപ്പിച്ച പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയെന്നാണ് എസ്‌ഐടി എഫ്‌ഐആറിലെ കണ്ടെത്തല്‍.

ശ്രീകോവിലിലെ വാതിലിന്റെ കട്ടിളയില്‍ പതിച്ച സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍ എന്നത് ഒഴിവാക്കി ചെന്പ് പാളികള്‍ എന്ന് മാത്രം എഴുതി അനധികൃതമായി ഇളക്കി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയെന്നാണ് കുറ്റം.ഇത് അന്നത്തെ ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നതാണ് ഏറ്റവും നിര്‍ണ്ണായക കണ്ടെത്തല്‍.