- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാന്‍ വിഷയം ഏറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചു; ഞാന്‍ ഫോണെടുത്തില്ല; ഫോണ്‍ പലതവണ ഓഫാക്കി: പി വി അന്‍വര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ വീണ്ടും ഉന്നംവെച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ തന്റെ പോരാട്ടം ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പാര്‍ട്ടി ഓഫീസില്‍നിന്നും തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും താന്‍ ഫോണ്‍ എടുത്തില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. 'ഞാന്‍ ഈ വിഷയം തുടങ്ങിയതിന് ശേഷം നിരവധി തവണ പാര്‍ട്ടി ഓഫീസില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തിട്ടില്ല. ഫോണ്‍ പലതവണ ഓഫാക്കിയിട്ടുണ്ട്. സ്റ്റാഫിന്റെയും ഡ്രൈവറുടെയും ഫോണ്‍ ഓഫാക്കാന്‍ […]
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ വീണ്ടും ഉന്നംവെച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ തന്റെ പോരാട്ടം ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പാര്‍ട്ടി ഓഫീസില്‍നിന്നും തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും താന്‍ ഫോണ്‍ എടുത്തില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
'ഞാന്‍ ഈ വിഷയം തുടങ്ങിയതിന് ശേഷം നിരവധി തവണ പാര്‍ട്ടി ഓഫീസില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തിട്ടില്ല. ഫോണ്‍ പലതവണ ഓഫാക്കിയിട്ടുണ്ട്. സ്റ്റാഫിന്റെയും ഡ്രൈവറുടെയും ഫോണ്‍ ഓഫാക്കാന്‍ പറഞ്ഞിരുന്നു. ഗണ്മാന്മാരുടെ ഫോണും ഓഫാക്കിച്ചു. ഈ വിഷയമൊന്ന് പൊതുസമൂഹത്തിന് മുന്നില്‍ വരുന്നതിന് വേണ്ടിയാണത്. അതാണ് ഈ വിഷയത്തില്‍ ദൈവം മാത്രമേ ഒപ്പമുള്ളൂവെന്ന് പറഞ്ഞത്. ഇപ്പോള്‍ ഞാനിത് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ഏല്‍പ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയേയും ഏല്‍പ്പിച്ചു. പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞതിന് ശേഷം ഉത്തരവാദപ്പെട്ടവരെ കണ്ടാല്‍ മതിയെന്നത് എന്റെ തീരുമാനമായിരുന്നു', അന്‍വര്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരില്‍കണ്ട് പരാതി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ആരോപണം. എഡിജിപി എം.ആര്.അജിത്കുമാറടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍കണ്ടും അന്‍വര്‍ പരാതി നല്‍കിയിരുന്നു.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം എനിക്കില്ല. ഇവിടുത്തെ പോലീസിനുതന്നെ കൃത്യമായി അന്വേഷിച്ച് പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന ഉത്തമബോധ്യമുള്ള, ഈ പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമുള്ള അടിയുറച്ച സഖാവാണ് താനെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും കണ്ടശേഷം തനിക്ക് എവിടെനിന്ന് ഉറപ്പുകളൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ അന്‍വര്‍, നേരത്തെ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിലുള്ള അതൃപ്തിയും പ്രകടമാക്കി. ഹെഡ്മാസ്റ്റര്ക്കെതിരായ പരാതി പ്യൂണ്‍ അന്വേഷിച്ചാല്‍ അതിന് ഉത്തരവാദിത്വം സര്‍ക്കാരിനും പാര്ട്ടിക്കുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കിയ അന്‍വര്‍, കാത്തിരുന്ന് കാണാമെന്നും അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണ സംഘത്തിനും അന്‍വര്‍ മുന്നറിയിപ്പ് നല്കി.
'എഡിജിപിക്ക് വിധേയനായിട്ടാണ് അന്വേഷണം നടക്കുന്നതെങ്കില്‍ അന്വേഷിക്കുന്നവര്‍ ഉത്തരംപറയേണ്ടിവരും. സത്യസന്ധമായിട്ടല്ല അന്വേഷിക്കുന്നതെങ്കില്‍ അവരേയും ഈ സമൂഹം ചോദ്യംചെയ്യും. അതിനുമുന്നിലും ഞാനുണ്ടാകും. അങ്ങനെ കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്തിക്കളയാമെന്ന് ഈ അന്വേഷണ സംഘത്തിലെ ആരെങ്കിലും തീരുമാനിക്കുന്നുണ്ടെങ്കില്‍ അതും പുറത്തുവരും', അന്‍വര്‍ പറഞ്ഞു.
ഇതിനിടെ, അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചതായും അന്‍വര്‍ പറഞ്ഞു. 'കൊണ്ടോട്ടിയില്‍ കസ്റ്റംസിന്റെ ഒരു സ്വര്‍ണ അപ്രൈസര്‍ ഉണ്ട്, ഉണ്ണി. അവിടെയാണ് പിടിച്ച സ്വര്‍ണം പോലീസ് ഉരുക്കുന്നത്. ഇന്നലെയും മിനിഞ്ഞാന്നുമായി ഉണ്ണി സാധനങ്ങള്‍ കടത്തുകയാണ്. അവിടെ തെളിവ് നശിപ്പിക്കുകയാണ്. സ്വര്‍ണം കൊണ്ടുവന്ന പലരുടേയും വീടുകളുല്‍ കഴിഞ്ഞ രണ്ടുദിവസമായി ഡാന്‍സാഫിന്റെ ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. സുജിത് ദാസ് എന്തിനാണ് മൂന്ന് ദിവസം ലീവില്‍ പോയത്. അന്നേ ഞാന്‍ പറഞ്ഞു, അന്വേഷണം അട്ടിമറിക്കാനാണെന്ന്. മലപ്പുറത്ത് മരംമുറിച്ചത് പോലീസ് ഒന്ന് അട്ടിമറിക്കട്ടെ, നമുക്ക് കാണാം', അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.