കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ അഭ്യന്തര വകുപ്പ് അടിമുടി കുത്തഴിഞ്ഞ് കിടക്കയാണെന്നും, ഉന്നതരായ ഐപിഎസ് ഓഫീസര്‍മാര്‍ തമ്മില്‍ കടുത്ത ചേരിപ്പോര് നടക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഭരണകക്ഷി എംഎല്‍എ തന്നെ അക്കാര്യം സ്ഥിരീകരിക്കുന്നു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണ്, മുന്‍ മലപ്പുറം എസ്പി സുജിത്ത് ദാസുമായുള്ള ഓഡിയോ ചാനലുകള്‍ക്ക് കൊടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുന്നത്. എഡിജിപി അജിത്കുമാറാണ് സംസ്ഥാന പൊലീസ് സേനയെ നിയന്ത്രിക്കുന്നതെന്നും ഇദ്ദേഹം വലിയ അഴിമതിക്കാരനാണെന്നും, സുജിത് ദാസ് പറയുമ്പോള്‍, പി വി അന്‍വറും അക്കാര്യം ശരിവെക്കയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ലൈംഗിക പീഡനങ്ങള്‍ പുറത്താവുകയും, മുകേഷ് എംഎല്‍എയുടെ രാജിക്കായി പ്രതിപക്ഷം മറുവിളി കൂട്ടുകയും ചെയ്യുന്ന ഈ സമയത്ത്, സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സെല്‍ഫ് ഗോളാണ്്, പി വി അന്‍വിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

മലപ്പുറം, എസ് പിയുടെ ക്യാമ്പ് ഓഫിസിലെ മരം മുറിച്ച് കടത്തിയെന്ന് നേരത്തെ പി വി അന്‍വര്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതി പിന്‍വലിക്കാനായിട്ടാണ്, മുന്‍ മലപ്പുറം എസ്പികൂടിയായ സുജിത് ദാസ് അന്‍വറിനെ വിളിക്കുന്നത്. അതിന്റെ ഓഡിയോ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. ഓഡിയോയില്‍ എംഎല്‍എയുടെ കാലുപിടിക്കുന്ന, എസ്പിയെയാണ് കാണുന്നത്.

പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ പിവി അന്‍വറിനോട് കടപ്പെട്ടിരിക്കുമെന്ന് എസ് പി സുജിത് ദാസ് പറയുന്നുണ്ട്. ഡിജിപി ആയാലും തന്റെ സേവനം പി വി അന്‍വറിന് ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ഇനി 25 വര്‍ഷത്തെ സര്‍വ്വീസ് ഉണ്ടെന്നും അത്രയും കാലം താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നും സുജിത്ത് ദാസ് സംഭാഷണത്തിനിടെ പറയുന്നുണ്ട്. തന്നെ സഹോദരനെപ്പോലെ കാണണം എന്ന് കൂടി എസ് പി കൂട്ടിച്ചേര്‍ക്കുന്നു.

മരംമുറിക്കേസില്‍ തന്നെ കുടുക്കാനാണ് ഇപ്പോഴത്തെ എസ്പി ശശിധരനും ടീമും ശ്രമിക്കുന്നത്. തന്റെ കാലവധിക്കുമുമ്പാണ് മരങ്ങള്‍ മുറിച്ചത് എന്നും, ഇത് എല്ലാം നടന്നത് ടെന്‍ഡര്‍ പ്രകാരം ആണെന്നും സുജിത് ദാസ് പറയുന്നു. മൂന്ന് തവണ ടെന്‍ഡര്‍ വിളിച്ചിട്ടും എടുക്കാന്‍ ആളില്ലാതായതോടെയാണ് മരത്തിന്റെ വില കുറഞ്ഞത്. ഇതിന്റെ എല്ലാ രേഖകളും എംഎല്‍എക്ക് വാട്സാപ്പ് ചെയ്യാമെന്നും, തന്നെ രക്ഷിക്കണമെന്നും ഒരു ലജ്ജയുമില്ലാതെ സുജിത് ദാസ് പറയുന്നുണ്ട്. കാര്യങ്ങള്‍ പഠിച്ചശേഷം പറയാമെന്നാണ് പി വി അന്‍വര്‍ പ്രതികരിക്കുന്നത്.

തനിക്കുവേണ്ടി സംസാരിക്കാന്‍ ആളില്ലെന്നും, നേരത്തെ ഒരു കസ്റ്റഡി മരണക്കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ച കാര്യവും സുജിത് ദാസ് പറയുന്നുണ്ട്. നിലവിലെ എസ്പി ശശിധരനെനെതിരെയും സുജിത്ദാസും, പി വി അന്‍വറും ആരോപണം ഉന്നയിക്കുന്നുണ്ട്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ ഗുരുതരമായ പ്രശ്നം താന്‍ ചൂണ്ടിക്കാട്ടിയെന്നും എസ്പി അത് പരിഹരിച്ചില്ലെന്നും പി വി അന്‍വര്‍ പറയുന്നു 2500 കിലോയോളം വരുന്ന സാധനങ്ങള്‍ തന്റെ അമ്യൂസ്മെന്റ് പാര്‍ക്കില്‍നിന്ന് മോഷണം പോയെന്നും എംഎല്‍എ പറയുന്നു. ശശിധരനെതിരെ കടുത്ത ആരോപണമാണ് സുജിത്ത് ദാസും ഉന്നയിക്കുന്നത്. 31 വയസിലാണ് താന്‍ എസ്പിയായത്. മറ്റെയാള്‍ക്ക് അവിടെ ഓടിയെത്താന്‍ കഴിയുന്നില്ല. അതിന്റെ പ്രശ്നമാണ് എന്നും സുജിത്ത് ദാസ് പറയുന്നു.

നടന്‍ ബാബുരാജിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത്, അന്ന് കൊച്ചിയിലായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്പി ശശിധരന്റെ അടുത്താണ്. എന്നാല്‍ മൊഴിയെടുത്തില്ലെന്നും സുജിത്ത് ദാസ് ആരോപിച്ചു. ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായിട്ടും, എന്തുകൊണ്ടാണ് ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത്ത് ദാസ് ചോദിക്കുന്നു. എന്നാല്‍ താന്‍ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും അതെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നുമാണ് പി വി അന്‍വര്‍ മറുപടി പറയുന്നത്.

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനായി വിളിക്കുന്ന സുജിത്ത് ദാസിനോട്, പി വി അന്‍വര്‍ തന്ത്രപൂര്‍വം എം ആര്‍ അജിത്ത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച്് തിരിച്ച് ചോദിക്കയാണ്. ഇതോടെ സുജിത്ത് ദാസ് കാര്യങ്ങള്‍ പറയുകയാണ്.

സേനയില്‍ അജിത്ത് കുമാര്‍ സര്‍വ്വശക്തനാണ്. എല്ലാകാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇദ്ദേഹമാണ്്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത്ത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത്ത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണ് എന്ന് സുജിത് ദാസ് പറയുന്നു. തൃശൂരും പാലക്കാടുമൊക്കെ എസ്പിമാരായി ഉള്ളത് അജിത്കുമാറിന്റെ ആജ്ഞാനുവര്‍ത്തികള്‍ ആണെന്നും സുജിത് ദാസ് പറയുന്നു.

'സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളിലൂടെയും മറ്റും പ്രശസ്തിയില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കിടയില്‍ പോപുലര്‍ ഫിഗറായിരുന്ന വിജയന്‍ സാറിനെ സസ്പെന്‍ഡ് ചെയ്ത് നശിപ്പിച്ചു കളഞ്ഞില്ലേ?. അതിനൊക്കെ ഒറ്റ കാര്യമേയുള്ളൂ, എം.ആര്‍ അജിത്കുമാര്‍. ഇദ്ദേഹം ഇത്രയും ഗവണ്‍മെന്റിന് വേണ്ടപ്പെട്ട ആളായി നില്‍ക്കുകയാണ്' -സുജിത് ദാസ് പറയുന്നു.

എന്നാല്‍, അദ്ദേഹം ഗവണ്‍മെന്റിന് വേണ്ടപ്പെട്ട ആളൊന്നും അല്ലെന്നും അങ്ങനെയാണെങ്കില്‍ മറുനാടന്‍ ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്താന്‍ ഇത്രയും വലിയ ശ്രമം നടത്തുമോയെന്നും അന്‍വര്‍ മറുപടി പറഞ്ഞു. ഷാജന്‍ ജാമ്യം കിട്ടാതെ ഒളിവില്‍ പോയ സമയത്ത് എം.ആര്‍ എന്നോട് കൂടി പറഞ്ഞതാണ്, എം.എല്‍.എയും ഒന്നന്വേഷിക്കണമെന്ന്. വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പറഞ്ഞു. പുണെയില്‍ ഉണ്ടെന്ന വിവരം ലഭിച്ച് അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍, പൊലീസ് എത്തിയപ്പോഴേക്കും ഷാജന്‍ അവിടെനിന്ന് മുങ്ങി. മൂന്ന് ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ മുതിര്‍ന്ന വക്കീലിന്റെ അപ്പോയിന്‍മെന്റ് എടുത്തിട്ടുണ്ടെന്ന കൃത്യമായ വിവരവും കൈമാറി. ലൊക്കേഷന്‍ വരെ കിട്ടി. സീനിയര്‍ ഓഫിസറോടല്ലാതെ മറ്റാരോടും ഈ വിവരം പറയരുതെന്നും ആവശ്യപ്പെട്ടു. പൊലീസ് അവിടെ പോയെങ്കിലും ഷാജന്‍ സ്‌കറിയ എത്തിയില്ല. അതോടെയാണ് എനിക്ക് സംശയം വരുന്നത്. പിന്നെ നമ്മള്‍ അന്വേഷിക്കുമ്പോള്‍ എം.ആര്‍ അജിത് കുമാര്‍ തന്നെയാണ് ഈ വിവരം കൊടുക്കുന്നതെന്ന് മനസ്സിലായി. അതിനുള്ള റിവാര്‍ഡും വാങ്ങി. അത് കണ്ടീഷനലാണ്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ 66 എഫിട്ട് അവനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ജാമ്യമില്ലല്ലോ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ ടെററിസം ആക്ടാണ് ആ വരുന്നത്. അതില്‍നിന്ന് രക്ഷപ്പെടുത്തിക്കൊടുക്കാനാണ് അവര്‍ തമ്മില്‍ ധാരണയിലെത്തുന്നത്. നേര്‍ക്കുനേരെയല്ല, അതിനിടയില്‍ ആരൊക്കെയോ ഉണ്ട്. ഇയാളെങ്ങനെയാണ് സര്‍ക്കാറിന്റെ ആളാകുന്നത്. ഈയൊരു കോലത്തില്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും തെറിവിളിച്ചുകൊണ്ടിരിക്കുന്നില്ലേ ഷാജനിപ്പോഴും. അവനെ എം.ആര്‍ സഹായിക്കുക എന്നാല്‍ എന്താണര്‍ഥം' -അന്‍വര്‍ ചോദിച്ചു.

'ശരിയാണ് എം.എല്‍.എ, പക്ഷെ ഇത് അവിടെ ഇരിക്കുന്നവര്‍ക്ക് കൂടി തോന്നണ്ടേ. അവിടെയാണ് ഇതിന്റെ വിഷയം. ശശിസാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അയാള്‍ ചെയ്തുകൊടുക്കുന്നുണ്ട്. അതാവാം കാരണം. ഒരു കാര്യത്തില്‍ മാത്രം റിസര്‍ച്ച് നടത്തിയാല്‍ മതി. പുള്ളിയുടെ ഭാര്യയുടെ ആങ്ങളമാര്‍ക്ക് എന്താണ് പരിപാടി, എങ്ങനെയാണ് അവരുടെ സെറ്റപ്പ്' -സുജിത് ദാസ് മറുപടി പറയുന്നു.

മലപ്പുറത്തെ ലീഗുകാരായ ബിസിനസുകാര്‍ക്കും അല്ലാത്തവര്‍ക്കും പൈസയുള്ളവര്‍ക്കുമെല്ലാം പുള്ളി നന്നായി സഹായിക്കുന്നുണ്ടല്ലോ എന്ന് അന്‍വര്‍ പറയുന്നു. പിന്നെ എങ്ങനെയാണ് അയാള്‍ സര്‍ക്കാറിന്റെ ആളാകുന്നത് എന്നാണ് അന്‍വര്‍ ചോദിക്കുന്നത്. മുമ്പ് കലക്ടറായിരുന്ന ജാഫര്‍ മാലികുമായി കശപിശ ഉണ്ടായപ്പോള്‍ എം.എല്‍.എ ഇടപെട്ട് അടിയന്തമായി അദ്ദേഹത്തെ മാറ്റി, എന്തുകൊണ്ട് ഇപ്പോള്‍ അതുണ്ടാകുന്നില്ല എന്നാണെന്റെ ചോദ്യമെന്നായിരുന്നു സുജിത് ദാസിന്റെ മറുപടി.

എന്നാല്‍, ഇതില്‍ ഒരുപാട് വലിയ വലിയ ആളുകളില്ലേയെന്നും അവരൊക്കെ ഇടപെടട്ടെ എന്നുമായിരുന്നു അന്‍വറിന്റെ മറുപടി. 'നമ്മളൊരു പാവപ്പെട്ട എം.എല്‍.എ. ആവശ്യമുള്ളതിലും അല്ലാത്തതിലും ഇടപെടേണ്ടതില്ലല്ലോ. ഇതില്‍ പാര്‍ട്ടി ഇടപെടട്ടെ, നമ്മുടെ വിഷയമല്ലല്ലോ. ഏറ്റവും കൂടുതല്‍ മനുഷ്യരെ വെറുപ്പിക്കാന്‍ എല്ലാ പൊലീസിനെ കൊണ്ടും പണിയെടുപ്പിച്ചത് എം.ആര്‍ അജിത്കുമാര്‍ ആണ്. ഈ മനുഷ്യരെ വെറുപ്പിച്ച് എങ്ങനെയാണ് ഈ പാര്‍ട്ടി മുന്നോട്ടുപോകുക. അവിടയല്ലേ ഇതിന്റെ വിഷയം, അത് പാര്‍ട്ടി ആലോചിക്കട്ടെ. പറയേണ്ട ഉത്തരവാദിത്തം നമ്മള്‍ പറഞ്ഞു' -അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഓഡിയോയില്‍ സുജിത് ദാസ് നേരത്തെ പറഞ്ഞ വാക്കുപാലിക്കാത്തതിന്റെ ഈഷ്യയും പി വി അന്‍വര്‍ പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്ക് വേണ്ടി പരാതി പിന്‍വലിച്ച ഒരു വനിതാ കോണ്‍സ്റ്റബിളിന് ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം കൊടുത്തില്ല എന്ന് അന്‍വര്‍ പറയുന്നുണ്ട്. അപ്പോഴും വിനീത വിധേയനായി, താന്‍ അപ്പോഴേക്കും സ്ഥലംമാറിപ്പോയി എന്നൊക്കെപ്പറഞ്ഞ് മെഴുകുന്ന, ഒരു പൊലീസ് ഓഫീസറുടെ ദയീനയ ശബ്ദമാണ് ഓഡിയോയില്‍ കേള്‍ക്കുന്നത്.

ഓഡിയോ കേട്ടുകഴിഞ്ഞാല്‍, ഇത് ബോധപൂര്‍വം റിക്കോര്‍ഡ് ചെയ്ത് എംഎല്‍എ തന്നെ പുറത്തുവിടുകയായിരുന്നുവെന്ന് വ്യക്തമാവും. സര്‍ക്കാറിനെ വെട്ടിലാക്കുന്ന സംഭാഷണങ്ങള്‍ ഉള്ളതിനാല്‍ ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വര്‍ അത് പുറത്തുവിടില്ല എന്ന ആത്മവിശ്വാസത്തിലാവും സുജിത്ത് കാര്യങ്ങള്‍ പറയുന്നത്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തിപ്പെടുത്തുന്ന സെല്‍ഫ് ഗോളായി മാറുകയാണ് ഈ ഓഡിയോ.

മലപ്പുറം പൊലീസും പി വി അന്‍വറും തമ്മില്‍ നേരത്തെ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പൊലീസ് അസോസിയേഷന്റെ പൊതുപരിപാടിയില്‍, എംഎല്‍എ എസ്പിയെ പരസ്യമായി അധിക്ഷേപിച്ചതും, അതില്‍ പ്രതിഷേധിച്ച് തന്റെ വാക്കുകള്‍ ഒറ്റവരിയില്‍ ഒതുക്കി എസ്പി ശശിധരന്‍ വേദിവിട്ട് പോയതും വിവാദമായിരുന്നു. അതിനുശേഷമാണ് മരംമുറി വിവാദം ഉണ്ടായത്. എസ്പിയുടെ ക്യാമ്പ് ഓഫീസില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് എംഎല്‍എ ആരോപിച്ചത്. ഇത് പരിശോധിക്കാന്‍ കഴിഞ്ഞദിവസം ക്യാമ്പ് ഓഫീസിലെത്തിയ പി വി അന്‍വറിനെ, സിപിഒ തടഞ്ഞിരുന്നു. അനധികൃതമായി ആരെയും പ്രവേശിപ്പിക്കെല്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടര്‍ന്ന് എംഎല്‍എ മടങ്ങിയെങ്കിലും ഇന്ന് ക്യാമ്പ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വലിയ പോസ്റ്റര്‍ ഉള്‍പ്പെടെ സ്ഥാപിച്ചാണ് ക്യാമ്പ് ഓഫീസിന് മുന്നില്‍ എംഎല്‍എ കുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ്. സോഷ്യല്‍ ഫോറസ്റ്റട്രി 56,000 രൂപ വില നിശ്ചയിച്ച മരങ്ങള്‍ ലേലം ചെയ്തത് 20,000 രൂപയ്ക്കാണ്. ലേലം ചെയ്തിട്ടും മരങ്ങള്‍ ആരും കൊണ്ടുപോയില്ല. എന്നാല്‍ മരത്തിന്റെ കാതലായ ഭാഗങ്ങള്‍ കടത്തി. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മരങ്ങള്‍ കൊണ്ടു പോയതായും പരാതിയില്‍ ആരോപിക്കുന്നു. മുറിച്ചു കടത്തിയത് മഹാഗണി, തേക്ക് മരങ്ങള്‍ ഉപയോഗിച്ച് ഫര്‍ണിച്ചര്‍ പണിത് കടത്തിയെന്നും പരാതിയില്‍ പറയുന്നു. 2021ല്‍ എസ് സുജിത്ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്.