സിയോള്‍: വിമാനത്തിനകത്ത് പവര്‍ ബാങ്കുകള്‍ മൂലം തീപിടിത്തത്തിന് കാരണമായതോടെ പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗില്‍ കരുതുന്നത് കൊറിയന്‍ വിമാനക്കമ്പനിയായ എയര്‍ ബുസാന്‍ ഈ മാസം ആദ്യം നിരോധിച്ചിരുന്നു. തീപിടിത്തത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടില്ലെങ്കിലും വിമാനത്തിന് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ഇപ്പോഴിതാ മറ്റ് ചില വിമാനക്കമ്പനികളും ഹാന്‍ഡ് ബാഗില്‍ പവര്‍ ബാങ്ക് നിരോധിച്ചിരിക്കുകയാണ്.

മാര്‍ച്ച് 1 മുതല്‍ ഈവ എയര്‍ യാത്രക്കാര്‍ക്ക് പവര്‍ബാങ്ക് വിമാനത്തിനകത്ത് കയറ്റാന്‍ സാധിക്കുകയില്ല എന്ന അറിയിപ്പ് വന്നിട്ടുണ്ട്. അതിനുപകരമായി വിമാനത്തിനകത്തുള്ള, എ സി, യു എസ് ബി എ പോര്‍ട്ടുകള്‍ ഉള്ള പവര്‍ സ്രോതസ്സുകള്‍ ഉപയോഗിക്കുവാനാണ് നിര്‍ദ്ദേശം. പവര്‍ബാങ്കും, എക്സ്ട്രാ ലിഥിയം ബാറ്ററിയും ചെക്ക്ഡ് ലഗേജിലും നിരോധിച്ചിരിക്കുകയാണ്. മാര്‍ച്ച് 1 മുതല്‍ ചൈന എയര്‍ലൈന്‍സും ഈ നിരോധനം പ്രാബല്യത്തില്‍ വരുത്തുകയാണ്.

സ്റ്റാര്‍ലക്‌സ് എയര്‍ലൈന്‍സ്, ടൈഗര്‍ എയര്‍ എന്നിവര്‍ ഇതിനോടകം തന്നെ പവര്‍ബാങ്ക് വിമാനത്തിനകത്ത് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട് എന്നാല്‍, ഇവ ഹാന്‍ഡ് ലഗേജില്‍ കരുതുന്നതിന് നിരോധനമില്ല. എന്നാല്‍, യു കെ ആസ്ഥാനമായുള്ള വിമാനക്കമ്പനികള്‍ മിക്കവയും ഈ നിരോധനം നടപ്പിലാക്കിയിട്ടില്ല. യാത്രക്കാര്‍ക്ക് പരമാവധി രണ്ട് ലിഥിയം ബാറ്ററികള്‍ വരെ ഹാന്‍ഡ് ഇന്‍ ലഗേജില്‍ കരുതാമെന്നാണ് റയന്‍ എയര്‍ പറയുന്നത്. എന്നാല്‍ അവ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാത്ത രീതിയില്‍ സംരക്ഷിക്കണമെന്നും അവര്‍ പറയുന്നു. എന്നാല്‍, പവര്‍ ബാങ്കുകള്‍ ചെക്ക്ഡ് ലഗേജില്‍ അനുവദനീയമല്ല.

ചെറിയ കുഴപ്പങ്ങളുള്ള പവര്‍ ബാങ്ക് പോലും ചെറിയ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം തീപിടിക്കാന്‍ സാധ്യതയുണ്ട് എന്ന് എന്‍ഞ്ചിനീയറിങ് വിദഗ്ധന്‍ ലോ കോക്-ക്യൂങ് പറഞ്ഞു. 2023-ല്‍ തായ്വാനില്‍ ഒരു വിമാനം ടാക്സി ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് തീപിടിച്ച് പുക നിറഞ്ഞു. സിംഗപ്പൂരില്‍നിന്ന് തായ്വാനിലേക്കുള്ള സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റു. അസിയാന എയര്‍ലൈന്‍സ് വിമാനത്തിലെ മേലത്തെ ബാഗ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിച്ച സംഭവവും ശ്രദ്ധേയമാണ്.

യാത്രക്കാര്‍ മൊബൈല്‍ ഫോണ്‍ സീറ്റിനിടയില്‍ പതിച്ചുപോകുന്നത് മറ്റൊരു അപകടം ആണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. സീറ്റ് റിക്ലൈന്‍ ചെയ്യുമ്പോള്‍ ഫോണ്‍ അകത്തു പെട്ട് തീപിടിക്കാന്‍ സാധ്യതയുണ്ട്. വിമാന യാത്രക്കാര്‍ പവര്‍ ബാങ്കുകളും മറ്റു ബാറ്ററി ഉപകരണങ്ങളും സൂക്ഷിച്ച് കൈവശം വെക്കണമെന്നും, മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.