ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്കിടെ യുദ്ധഭീഷണിയുമായി എത്തുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യന്‍ നാവികസേന. എന്തിനും ഏതിനും ഏപ്പോഴും സജ്ജമാണെന്ന് നാവികസേന അറിയിച്ചു. സാമൂഹികമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് നാവികസേനയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 'എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാര്‍' എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാക്കിസ്ഥാന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

കര-നാവിക-വ്യോമ സേനകളുടെ ഭാഗത്തുനിന്നും എല്ലാതരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. സീ സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത് എംആര്‍ സാം (മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍) എന്ന മിസൈലാണ് പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ തൊടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് സൂറത്ത് എന്ന കപ്പലില്‍നിന്നാണ് മിസൈല്‍ തൊടുത്തിരിക്കുന്നത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യ സ്വീകരിച്ച ഏഴ് തീരുമാനങ്ങളെ കുറിച്ച് പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അതേസമയം, കശ്മീരില്‍ സുരക്ഷാസേന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ച കശ്മീരിലെ കുല്‍ഗാമില്‍നിന്ന് ഭീകരരെ സഹായിച്ച രണ്ടുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുല്‍ഗാമിലെ തോക്കെര്‍പോര മേഖലയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയവരാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, കശ്മീരിലെ അഞ്ച് ഭീകരരുടെ വീടുകള്‍ സുരക്ഷാസേന തകര്‍ത്തു. ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് അഹമദ് കുറ്റേ ഉള്‍പ്പെടെയുള്ള ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. വ്യാഴാഴ്ച രാത്രി രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തത്.

ഷാഹിദ് അഹമദിന്റെ ഷോപ്പിയാനിലെ ഛോട്ടിപോര ഗ്രാമത്തിലെ വീടാണ് തകര്‍ത്തത്. കഴിഞ്ഞ നാലുവര്‍ഷമായി ഇയാള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് അധികൃതര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ഇഹ്സാന്‍ ഉള്‍ ഹഖ് ഷെയ്ഖിന്റെ പുല്‍വാമയിലെ ഇരുനിലവീടും വെള്ളിയാഴ്ച രാത്രി തകര്‍ത്തിരുന്നു. 2018-ല്‍ പാകിസ്താനില്‍ പോയി പരിശീലനം നേടിയ ഭീകരനാണ് ഇഹ്സാന്‍ ഉള്‍ ഹഖ്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കശ്മീരികളില്‍നിന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാദവുമായി 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍ഫ്)' രംഗത്തെത്തി. പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള ടിആര്‍ഫ് നേരത്തേ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍, പുതിയ പ്രസ്താവനയില്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്ക് ടിആര്‍എഫ് നിഷേധിച്ചു.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രത്യക്ഷപ്പെട്ട സന്ദേശം അനധികൃതമായി മറ്റാരോ പോസ്റ്റ് ചെയ്തതാണെന്നാണ് ടിആര്‍എഫിന്റെ പുതിയ വിശദീകരണം. ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിന് ശേഷം തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മറ്റൊരോ നുഴഞ്ഞുകയറ്റം നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് ടിആര്‍എഫ് പറഞ്ഞു.