ശ്രീനഗര്‍: സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ രാജ്യമാണ് ഇന്ന് പാക്കിസ്ഥാന്‍. ജനം പട്ടിണി കിടന്ന് വലയുമ്പോഴും, അവിടെ മതതീവ്രാദത്തിനും ഇന്ത്യവിരുദ്ധ പ്രചാരണത്തിനും യാതൊരു കുറവുമില്ല. എന്നാല്‍ രാജ്യം സാമ്പത്തികമായി പാപ്പരായതോടെ, പാക് സൈന്യവും, ചാരസംഘടനയായ ഐഎസ്ഐയും ഭീകരസംഘടകള്‍ക്ക് നേരിട്ട് പിന്തുണ കൊടുക്കുന്ന രീതി അവസാനിപ്പിച്ചതായി ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ധന പ്രതിസന്ധി പരിഹരിക്കാന്‍ പാക്കിസ്ഥാന്, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായവും വേണ്ടിയിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി പാക്കിസ്ഥാനില്‍ നിന്നുവരുന്ന വാര്‍ത്ത അവിടെ സൈന്യം രാഷ്ട്രീയ രംഗത്തും പിടിമുറുക്കുന്നുവെന്നതായിരുന്നു. ഇപ്പോള്‍ 30-ഓളം പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിലും പാക്ക് സൈന്യത്തിന്റെ നിഴല്‍യുദ്ധം സംശയിക്കപ്പെടുന്നുണ്ട്. തളര്‍ന്നുകിടക്കുന്ന കാശ്മീര്‍ ഭീകരര്‍ക്ക് പ്രേരണ നല്‍കിയത് പാക്ക് ആര്‍മി ചീഫ്, ജനറല്‍ അസിം മുനീര്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു പ്രകോപനപരമായ പ്രസംഗമാണെന്നും ആക്ഷേപമുണ്ട്.




കശ്മീര്‍ മറക്കാനാവില്ലെന്ന്

പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ പോലും കശ്മീരിന്റെ കാര്യത്തില്‍ കടുത്ത പ്രസ്താവനകള്‍ നടത്താതിരിക്കുന്ന സമയത്താണ്, പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഇന്ത്യയ്ക്കും ഹിന്ദുമതത്തിനും എതിരെ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചത്. 'മതമായാലും എന്തായാലും എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് ' എന്ന് അസീം മുനീര്‍ പറഞ്ഞത് വലിയ വാര്‍ത്തയായി. ഇസ്ലാമാബാദില്‍ നടന്ന ഓവര്‍സീസ് പാകിസ്ഥാനീസ് പ്രോഗ്രാം കോണ്‍ഫറന്‍സിലാണ് അസിം മുനീറിന്റെ ഈ പ്രസ്താവന.

'പാകിസ്ഥാനികള്‍ അവരുടെ ഭാവി തലമുറയ്ക്ക് വിഭജനത്തിന്റെ കഥ പറഞ്ഞു കൊടുക്കണം. അങ്ങനെ അവര്‍ ഒരിക്കലും അവരുടെ രാജ്യത്തിന്റെ കഥ മറക്കാതിരിക്കുകയും അതുമായി ബന്ധപ്പെട്ട ബന്ധം അനുഭവിക്കുകയും ചെയ്യും. പാകിസ്ഥാനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്‌കാരം, മതം, ചിന്ത എന്നിവയ്ക്ക് യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സംസ്‌കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് അത് സ്ഥാപിക്കപ്പെട്ടു. നമ്മള്‍ രണ്ട് രാജ്യങ്ങളാണ്, നമ്മള്‍ ഒരു രാജ്യമല്ല. നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്തിനായി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. കശ്മീര്‍ പാക്കിസ്ഥാന്റെ ജഗുലാര്‍ വെയിന്‍ ആണ്. കഴുത്തിലെ രക്തക്കുഴല്‍) ഒരു ശക്തിക്കും പാക്കിസ്ഥാനെ കശ്മീരില്‍നിന്ന് വേര്‍പെടുത്താനവില്ല.




ഒരു സൈനിക മേധാവിയെപ്പോലെയല്ല, മറിച്ച് ഒരു മൗലാന മതപ്രഭാഷണം നടത്തുന്നതുപോലെയായിരുന്നു മുനീറിന്റെ പ്രസംഗം. പധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉള്‍പ്പെടെ പാകിസ്ഥാനിലെ എല്ലാ പ്രധാന നേതാക്കളും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലാവരും അസീം മുനീറിന്റെ വാക്കുകള്‍ ശരിവെക്കുകായായിരുന്നു. ഇതോടെ മറ്റൊരുപേടിയും ജനാധിപത്യ ഭരണകൂടത്തിനുണ്ട്. നിരവധി പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് പാക്കിസ്ഥാന്‍. മുനീര്‍ കരുത്താര്‍ജിച്ച് വരുന്നത് ഭാവിയെ പട്ടാള അട്ടിമറിയിലേക്കുള്ള സൂചകമാണെന്നും സംശയമുണ്ട്. മുനീറിന്റെ ഈ വാക്കുകളാണ് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുകയായിരുന്ന കാശ്മീര്‍ ഭീകരര്‍ക്ക് പ്രേരണയായത് എന്ന് ഇന്ത്യടുഡെയക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ടി ആര്‍എഫിന് പിന്നില്‍ ഐഎസ്ഐ?

ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എറ്റടുത്തിട്ടുണ്ട്. ലഷ്‌ക്കറെ ത്വയ്യിബ അനുകൂല സംഘടനയാണ് ഇത്. ലഷ്‌ക്കറിനെതിരെ ആഗോള അടിസ്ഥാനത്തില്‍ നടപടിയുണ്ടായപ്പോള്‍ തട്ടിക്കൂട്ടിയ സമാന്തര സംഘടനയാണ്, ടിആര്‍എഫ് എന്നും ആരോപണമുണ്ട്. 2023 ജനുവരിയില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനക്കു പിന്നിലും പാക്ക് ചാര സംഘടനയായ ഐഎസ്ഐ ആണെന്ന് ആരോപമുണ്ട്.

അടിക്കടി ആക്രമിച്ച് ഇന്ത്യന്‍ സൈന്യം ലഷ്‌ക്കറിന്റെ നട്ടെല്ല് ഒടിച്ചിരുന്നു. ഇന്നും ഇന്ത്യയൂടെ ഹിറ്റ് ലിസ്റ്റിലാണ് ഹാഫിസ് സയ്യിദ് അടക്കമുള്ള ലഷ്‌ക്കര്‍ നേതാക്കള്‍. നേരത്തെ ഇന്ത്യയുടെ ശത്രുക്കള്‍ ഒന്നൊന്നായി പാക്കിസ്ഥാനില്‍വെച്ച് 'അജ്ഞാതരാല്‍' കൊല്ലപ്പെട്ടിരുന്നു. അത്തരത്തിലുള്ള കാരണങ്ങളാല്‍ ഏറെ നാണം കെട്ടുപോയ പാക്കിസ്ഥാന്‍ നല്‍കിയ തിരിച്ചടി തന്നെയാണ് ഇപ്പോഴത്തെ ഭീകരാക്രമണം എന്നാണ് കരുതുന്നത്.

ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. ഭീകരര്‍ രക്ഷപ്പെടുന്നത് തടയാന്‍ സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ആക്രമിക്കപ്പെട്ടവരില്‍ ഏറെയുമെന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചവരില്‍ വിദേശികളുമുണ്ട്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് രക്ഷപ്പെട്ടവര്‍ പോലീസിനോട് പറഞ്ഞത്. ഇനിയുള്ള ദിവസങ്ങളില്‍ ടിആര്‍എഫിനെ ലക്ഷ്യമിട്ടുകൊണ്ടായിരിക്കണം, ഇന്ത്യന്‍ സൈന്യത്തിന്റെയും രഹസ്വാന്വേഷണ ഏജന്‍സികളുടെയും പ്രവര്‍ത്തനം.