- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരരെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട്; കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി 48 മണിക്കൂറിനിടയില്‍ സുരക്ഷാ സേന തകര്‍ത്തത് ആറ് ഭീകരവാദികളുടെ വീടുകള്‍
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരരെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരര്‍ക്കും ഇടയില്‍ വെടിവയ്പ് നടന്നവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ച ശേഷം നാല് പേര്‍ അടങ്ങുന്ന സംഘം രക്ഷപ്പെടുകയായിരുന്നു.
അതേസമയം കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടയില്‍ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു നേരെ നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങള്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരായ ആസിഫ് അഹമ്മദ് ഷെയ്ഖ്, ആദില്‍ അഹമ്മദ് തോക്കര്‍, ഷാഹിദ് അഹമ്മദ് കട്ടെയ് എന്നിവരുടെ വീടുകള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു.
പുല്‍വാമയിലെ കച്ചിപോരാ, മുറാന്‍ മേഖലയിലായിരുന്നു വീടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്ന് പേരില്‍ ഒരാളാണ് ആദില്‍ തോക്കര്‍ എന്നാണ് കരുതുന്നത്. ആസിഫ് അഹമ്മദ് ഷെയ്ഖിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം, ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ശ്രീനഗറില്‍ ആര്‍മി കോര്‍ കമാന്‍ഡുമാരുടെ യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. കശ്മീരില്‍ ലഫ്റ്റനന്റ് ജനറല്‍ പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആര്‍മി കോര്‍ കമാന്‍ഡര്‍മാരുടെ യോഗം നടക്കുന്നത്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഫോണില്‍ സംസാരിച്ച് പിന്തുണ ഉറപ്പ് നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം. പാകിസ്ഥാന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നുമാണ് ചൈനയുടെ നിലപാട്. പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍കോളിനിടെ പറഞ്ഞു.
പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങള്‍ക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകള്‍ക്കിടെയാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും. പാകിസ്ഥാന്‍ പൗരന്‍മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേര്‍ന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ എല്ലാ ഇന്ത്യന്‍ പൗരന്മാരുടെ ഹൃദയം തകര്‍ത്ത ഭീകരര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പ്രതികരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ വളര്‍ച്ച ഭീകരവാദികള്‍ക്ക് ദഹിക്കുന്നില്ല. രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ഓരോ പൗരനും രോഷാകുലരാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐക്യത്തോടെ തുടരണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു.