കോതമംഗലം: മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നിസ്‌ക്കാര സൗകര്യം ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ രംഗത്തുവന്ന സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സമാന ആവശ്യം കോതമംഗലം പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഉയര്‍ന്നു. ഇതോടെ ഇതേചൊല്ലി വിവാദം ഉടലെടുത്തിരിക്കയാണ്.

നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയതില്‍ ദുരൂഹതയെന്ന് കോതമംഗലം രൂപത ജാഗ്രത സമിതി വ്യക്തമാക്കു്‌നത്. എന്നാല്‍ വിദ്യാലയങ്ങളിലെ അച്ചടക്കം നശിപ്പിക്കുന്ന യാതൊരു തരത്തിലുളള കടന്നുകയറ്റവും അംഗീകരിക്കാനാകില്ലെന്ന് കോതമംഗലം രൂപത ജാഗ്രത സമിതിയും കത്തോലിക്കാ കോണ്‍ഗ്രസും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രൈസ്തവ സഭകളടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേല്‍ നിരന്തരം ഉയരുന്ന ഇത്തരം ഭീഷണികള്‍ മതേതര സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കുന്ന നിലപാടുകളും അംഗീകരിക്കാനാകില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ഈ വിഷയത്തില്‍ കത്തോലിക്കാ മാനേജ്മെന്റ് സ്‌കൂളുകളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തവുമാണ്.

മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുളള ആരാധനാ സമയം വെളളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കൂറാണ്. ഈ സൗകര്യം കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

നിയമാനുസൃതമല്ലാത്ത മറ്റ് ക്രമീകരണങ്ങളും പതിവായി പുറത്തുപോകാന്‍ അനുവാദം നല്‍കുന്നതും സ്‌കൂളിന്റെ പൊതുസമയക്രമത്തെയും അച്ചടക്കത്തെയും കുട്ടികളുടെ സുരക്ഷയെയും ബാധിക്കുമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് മാഫിയയുടെ ഭീഷണി സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ആവശ്യം ഉയര്‍ന്നതോടെ പരസ്യമായ മതാചാരങ്ങള്‍ ഇത്തരത്തില്‍ അനുവദിക്കാനാകില്ലെന്ന് കുട്ടികളെയും മാതാപിതാക്കളെയും പ്രധാന അദ്ധ്യാപിക അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും വിദ്യാര്‍ത്ഥിനികള്‍ ഈ ആവശ്യം ഉന്നയിച്ചതോടെ മാതാപിതാക്കളെ നേരിട്ട് വിളിച്ച് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കുകയായിരുന്നു.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുവാനുള്ള കുല്‍സിത നീക്കങ്ങളെ എന്ത് വിലകൊടുത്തും തടയുകയും മതസൗഹാര്‍ദവും സമാധാന അന്തരീക്ഷവും സംരക്ഷിക്കുകയും ചെയ്യുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസും അഭിപ്രായപ്പെട്ടു.