ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സംഘര്‍ഷം മുറുകിയിരിക്കെ, പാക് സൈന്യത്തിന്റെ യുദ്ധശേഷി വെറും നാലുദിവസത്തേക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. പീരങ്കികളുടെയും വെടിക്കോപ്പുകളുടെയും കടുത്ത ക്ഷാമമാണ് പാക് പട്ടാളം നേരിടുന്ന വെല്ലുവിളിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയിനുമായും. ഇസ്രേയലുമായുളള പാക്കിസ്ഥാന്റെ സമീപകാല ആയുധകരാറുകളാണ് വെടിക്കോപ്പുകളുടെ ക്ഷാമത്തിന് കാരണം. യുക്രെയിനും, ഇസ്രയേലും യുദ്ധത്തില്‍ മുഴുകിയിരിക്കുന്നത് കൊണ്ട് തന്നെ ആയുധങ്ങളുടെ അത്യാവശ്യമുണ്ട്. പാക് സൈന്യത്തിന് വെടിക്കോപ്പുകള്‍ വിതരണം ചെയ്യുന്ന പാക്കിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറികള്‍ ആവശ്യത്തിന് അനുസരിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാന്‍ പാടുപെടുകയാണ്.

ഇന്ത്യ തങ്ങള്‍ക്കെതിരെ സൈനിക ആക്രമണത്തിന് മുതിരുമെന്നും അങ്ങനെ സംഭവിച്ചാല്‍ പാക് സൈന്യം ചുട്ട മറുപടി നല്‍കുമെന്നുമാണ് പല നേതാക്കളും വീരവാദം മുഴക്കുന്നത്. എന്നാല്‍, കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് യാഥാര്‍ഥ്യം അറിയാവുന്നവര്‍ പറയുന്നത്.

ആയുധ സംഭരണശാലകളില്‍ ക്ഷാമം നേരിടുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, കഷ്ടിച്ച 96 മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനേ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. എം 109 ഹോവിറ്റ്‌സറുകള്‍ക്ക് ആവശ്യമായ 155mm ഷെല്ലുകളോബിഎം-21 സിസ്റ്റങ്ങള്‍ക്ക് ആവശ്യമായ 122mm റോക്കറ്റുകളോ ഇല്ല. ഏപ്രിലില്‍ 155mm പീരങ്കി ഷെല്ലുകള്‍ യുക്രൈനിലേക്ക് അയച്ചതായും സ്റ്റോക്ക് അപകടകരമാം വിധം കുറഞ്ഞതായും പറയുന്നു.

വെടിക്കോപ്പുകളുടെ ക്ഷാമത്തില്‍, പാകിസ്ഥാന്‍ പ്രതിരോധ രംഗത്തെ ഉന്നതര്‍ വളരെയധികം ആശങ്കാകുലരും പരിഭ്രാന്തരുമാണ്. മെയ് 2 ന് നടന്ന സ്‌പെഷ്യല്‍ കോര്‍പ്‌സ് കമാന്‍ഡര്‍മാരുടെ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥര്‍ ഈ വിഷയം ഉന്നയിച്ചത്.

ഇന്ത്യ ആക്രമിക്കുമെന്ന ആശങ്കയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ആയുധപ്പുരകള്‍ നിര്‍മ്മിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പാകിസ്ഥാന്‍ മുന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ സൈന്യം നേരിടുന്ന വെല്ലുവിളികള്‍ തറന്നുസമ്മതിച്ചിരുന്നു. സംഘര്‍ഷം നീണ്ടുപോയാല്‍, ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് വെടിക്കോപ്പുകളും സാമ്പത്തിക ശക്തിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.