ന്യൂഡല്‍ഹി: 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി ആയുധ സംവിധാനമാണ് ഇന്‍ഡസ് പരിശീലനത്തിന്റെ ഭാഗമായി പരീക്ഷിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഏറിയ സാഹചര്യത്തിലാണ് പ്രകോപനരമായ പരീക്ഷണം. ഏറ്റുമുട്ടലുണ്ടായാല്‍, സൈന്യത്തിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തിലും സൈനികരുടെ കഴിവിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മറ്റു സൈനിക മേധാവികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.


നിയന്ത്രണരേഖയില്‍ ഉടനീളം പതിവായി വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ ഇന്ത്യ ശക്തമായ രീതിയില്‍ ചെറുക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമേ പാക് നേതാക്കള്‍ തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുന്നു. 36 മണിക്കൂറിനകം തങ്ങളെ ആക്രമിക്കാന്‍ ഇന്ത്യ കരുനീക്കുന്നതായി പാക് ഇന്‍ഫൊര്‍മേഷന്‍ മന്ത്രി അതാവുളള താറ അവകാശപ്പെട്ടിരുന്നു. അതിനുശേഷം 72 മണിക്കൂറുകള്‍ കടന്നുപോയി. ഏപ്രില്‍ 29 ന് പാക് പ്രതിരോധ മന്ത്രിയും സമാന പ്രസ്താവന നടത്തി. എന്തങ്കിലും സംഭവിച്ചാല്‍, മൂന്നുദിവസത്തിനകം സംഭവിക്കും എന്നായിരുന്നു വാക്കുകള്‍.

ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്ക്

പാക് ചരക്കുസാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പലുകള്‍ക്ക് പ്രവേശനം വിലക്കി. ഇന്ത്യന്‍ കപ്പലുകള്‍ പാക്കിസ്ഥാന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും തുറമുഖ മന്ത്രാലയം നിര്‍ദേശിച്ചു. മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 1958-ലെ 411ാം വകുപ്പ് പ്രകാരമാണ് നടപടി. ഇന്ത്യയുടെ സമുദ്ര താല്‍പര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്നും മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു.

പാക് പതാകയുള്ള കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ പാകിസഥാനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുമാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയത്.

പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിക്കും നിരോധനം

പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷയും, പൊതുനയവും അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

' പാക്കിസ്ഥാനില്‍ നിന്ന് നേരിട്ടുള്ളതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ചരക്ക് സാധനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെയാണ് വിലക്ക്. ഈ നിരോധനത്തിന് ഒഴിവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം'- വാണിജ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏക വാണിജ്യ റൂട്ടായ വാഗ-അട്ടാരി അതിര്‍ത്തി നേരത്തെ അടച്ചിരുന്നു. ഫാര്‍മ ഉത്പന്നങ്ങള്‍, പഴങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയാണ് പ്രധാനമായി പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 200 ശതമാനം ചുങ്കം ചുമത്തിയതോടെ, ഇറക്കുമതിയുടെ തോത് നന്നേ കുറഞ്ഞിരുന്നു. 2024-25 ല്‍ മൊക്കം ഇറക്കുമതിയുടെ 0.0001 ശതമാനം മാത്രമായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി.

2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ പാക്കിസ്ഥാനില്‍നിന്ന് 4,20,000 ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 28.6 കോടി ഡോളറായിരുന്നെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഉഭയകക്ഷി വ്യാപാരത്തില്‍ കുത്തനെ ഇടിവുണ്ടായിരുന്നു.

ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 202324 വര്‍ഷത്തില്‍ 110 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്‌തെങ്കില്‍ 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ 44.77 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്.

നേരത്തെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും, പാക് പൗരന്മാര്‍ക്കുളള എല്ലാ വിസകളും റദ്ദാക്കുകയും ചെയ്തു. ഇന്ത്യന്‍ നടപടിക്ക് ബദലായി പാക്കിസഥാന്‍ ഷിംല കരാര്‍ അടക്കം എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കി.