ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത ആഘാതം നേരിട്ടിട്ടും യാഥാര്‍ത്ഥ്യങ്ങളെ മാസങ്ങള്‍ക്കുള്ളില്‍ വക്രീകരിച്ചും വ്യാജവാദങ്ങള്‍ ഉയര്‍ത്തിയും പാക്കിസ്ഥാന്‍. പുതിയ സ്‌കൂള്‍ പാഠപുസ്തകങ്ങളിലാണ് നുണക്കഥകളുടെ കൂമ്പാരം. നാലുദിവസത്തെ സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. വ്യോമതാവളങ്ങള്‍ക്കും മറ്റ് തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്കും നാശമുണ്ടായി. സൈന്യത്തിന് ആള്‍നാശവും നേരിടേണ്ടിവന്നു. ഈ വസ്തുതകളെല്ലാം തമസ്‌കരിച്ചാണ് പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ജയിച്ചെന്ന് പുതിയ തലമുറയെ പഠിപ്പിക്കാന്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടതെന്നും, പ്രതികാരമായി പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്തുവെന്നും, എല്ലാറ്റിനുമുപരിയായി, യുദ്ധത്തില്‍ പാകിസ്താന്‍ 'വിജയിച്ചു' എന്നതടക്കുള്ള അവകാശവാദങ്ങളാണ് പാഠപുസ്തകത്തില്‍ നിരത്തിയിരിക്കുന്നത്.വസ്തുതകള്‍ക്ക് വിരുദ്ധമായി ഇന്ത്യയാണ് പ്രകോപനം നടത്തിയിരിക്കുന്നത് എന്നതാണ് പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഒരു കൂട്ടക്കൊലയെ തുടര്‍ന്നായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

'പാകിസ്ഥാന്‍ സായുധ സേന വളരെ ധൈര്യത്തോടെയും പ്രൊഫഷണലിസത്തോടെയുമാണ് ഇന്ത്യന്‍ ആക്രമണത്തെ നേരിട്ടത്. കശ്മീരിലെ നിരവധി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ നശിപ്പിച്ചു. ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി, 2025 മെയ് 10 ന് പാകിസ്ഥാന്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ 26 തന്ത്രപ്രധാന സ്ഥലങ്ങള്‍ പാക് വ്യോമസേന വിജയകരമായി ലക്ഷ്യം വച്ചു, പല പ്രധാന സ്ഥാപനങ്ങളും നശിപ്പിച്ചു' തുടങ്ങിയ അവകാശവാദങ്ങളും പുതുക്കിയ പാഠ്യപദ്ധതിയില്‍ പാകിസ്ഥാന്‍ ചേര്‍ത്തിട്ടുണ്ട്.

പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ലഷ്‌കര്‍-ഇ-ത്വയ്യിബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരവാദ സംഘടനകളുടെ താവളങ്ങള്‍ക്ക് നേരെ കൃത്യമായ ആക്രമണങ്ങള്‍ നടത്തിയതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാഠപുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത കള്ളങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ മാത്രം ലക്ഷ്യമിട്ട് ഉത്തരവാദിത്തത്തോടെയാണ് പ്രതികരിച്ചതെന്ന് അവകാശപ്പെടുന്നു. എന്നാല്‍ വാസ്തവത്തില്‍, അമൃത്സര്‍, ജമ്മു, ശ്രീനഗര്‍ എന്നിവയുള്‍പ്പെടെ സാധരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ലാഹോറിലെ പാക്കിസ്ഥാന്റെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തും സിയാല്‍കോട്ടിന്റെയും ഇസ്ലാമാബാദിന്റെയും ഉള്‍പ്രദേശങ്ങളിലെ ലക്ഷ്യങ്ങള്‍ ആക്രമിച്ചും ഇന്ത്യ ഇതിന് തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. 'കനത്ത നഷ്ടം' സംഭവിച്ചതിനെ തുടര്‍ന്ന് ഇന്ത്യ സമാധാനത്തിനായി യാചിച്ചുവെന്നും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രം പാകിസ്താന്‍ ഔദാര്യപൂര്‍വ്വം അതിന് സമ്മതിച്ചുവെന്നുമുള്ള ആഖ്യാനമാണ് മറ്റൊരു കെട്ടിച്ചമച്ച കഥ.

ഏഷ്യാകപ്പില്‍ ഹാരിസ് റൗഫ്

ഏഷ്യാ കപ്പിലെ ആവേശപ്പോരില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന ആംഗ്യങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ പുറത്തെടുത്തിരുന്നു. പാക് പേസര്‍ ഹാരിസ് റൗഫ് ആയിരുന്നു ഇതില്‍ മുന്നില്‍. ഇന്ത്യന്‍ ബാറ്റിംഗിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരിസ് റൗഫിനുനേരെ ഇന്ത്യന്‍ ആരാധകര്‍ കോലി ചാന്റ് ഉയര്‍ത്തിയപ്പോള്‍ ആദ്യം ചെവി വട്ടം പിടിച്ച് ഇനിയും വിളിക്കൂ എന്ന് ആംഗ്യം കാട്ടിയ ഹാരിസ് റൗഫ് കൈവിരലുകള്‍ കൊണ്ട് 6-0 എന്ന് കാണിച്ചാണ് ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയ്ക്കിടെ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന് പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യ ഒരിക്കല്‍പോലും സ്ഥിരീകരിച്ചിട്ടില്ല. ഇതിനെ സൂചിപ്പിക്കാനായാണ് പാക് താരം 6-0 എന്ന വിവാദ ആംഗ്യം കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

ഭീകരകേന്ദ്രങ്ങള്‍ കല്‍കൂമ്പാരം; പാഠപുസ്തകത്തില്‍ നുണകളുടെ കൂമ്പാരം

പാക് പാഠപുസ്തകത്തില്‍ പറയുന്നതിങ്ങനെ: 'കശ്മീരിലെ ചെറു പട്ടണമായ പഹല്‍ഗാമില്‍ ഉണ്ടായ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന വ്യാജ ആരോപണത്തിന് പിന്നാലെ മേയ് 6, 2025ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെ ആക്രമിച്ചു. പഹല്‍ഗാമില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടും 2025 മേയ് 7ന് ഇന്ത്യ ആക്രമിച്ചു'.

വാസ്തവം ഇങ്ങനെ: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 26 പേരെ പാക് ഭീകരര്‍ മതം തിരഞ്ഞ് ക്രൂരമായി കൊലപ്പെടുത്തി. ഇതിന് തിരിച്ചടിയായി ഇന്ത്യ മേയ് 7ന് 'ഓപറേഷന്‍ സിന്ദൂര്‍' ആരംഭിച്ചു. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരതാവളങ്ങള്‍ തകര്‍ത്തു. നിയന്ത്രിതവും കൃത്യവുമായിരുന്നു ആക്രമണം. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരത്താവളങ്ങളും പരിശീലനകേന്ദ്രങ്ങളും തകര്‍ന്നു. പാക്കിസ്ഥാനിലെ സാധാരണ പൗരന്‍മാരില്‍ ഒരാള്‍ക്കുപോലും അപായം ഉണ്ടായില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പാക് പാഠ പുസ്തകം: 'പാക്കിസ്ഥാന്‍ സൈന്യം ധീരതയോടെയും പ്രഫഷനലിസത്തോടെയും ഇന്ത്യയെ നേരിട്ടു. ഇന്ത്യയുടെ കൈവശമുള്ള കശ്മീരിലെ ഏഴ് സൈനിക പോസ്റ്റുകള്‍ പാക് സൈന്യം തകര്‍ത്തു.'

വാസ്തവം ഇങ്ങനെ: പഹല്‍ഗാമിന് 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ഇന്ത്യ മറുപടി നല്‍കിയെന്നും പാക്കിസ്ഥാന്‍ കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ താക്കീത് നല്‍കിയിരുന്നു. അമൃത്സര്‍, ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലും മറ്റ് 26 സ്ഥലങ്ങളിലും പാക്കിസ്ഥാന്‍ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. തിരിച്ചടിച്ച ഇന്ത്യ, ലഹോറിലെ പാക് വ്യോമപ്രതിരോധവും വ്യോമതാവളങ്ങളും തകര്‍ത്ത് തിരിച്ചടിച്ചു. സിയാല്‍ കോട്ടിലും ഇസ്ലാമബാദിലും ഇന്ത്യന്‍ മിസൈലുകള്‍ കനത്ത നാശം വിതച്ചു.

ഇന്ത്യന്‍ വ്യോമത്താവളം തകര്‍ത്തെന്ന് പാഠപുസ്തകം: ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണത്തിന് മേയ് 10ന് പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കിയെന്നും ഇന്ത്യയിലെ 26 തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ പാക് ആക്രമണം ഉണ്ടായെന്നും പാഠപുസ്തകത്തില്‍ പറയുന്നു. ഇന്ത്യയുടെ നിര്‍ണായക വ്യോമതാവളങ്ങള്‍ തകര്‍ത്തുവെന്നും പാഠ പുസ്തകത്തില്‍ അവകാശപ്പെടുന്നു.

വാസ്തവം ഇങ്ങനെ: ഇന്ത്യന്‍ വ്യോമത്താവളങ്ങളെ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതോടെ മുരിദ്, നുര്‍ ഖാന്‍, റാഫിഖ്വി, സര്‍ഗോദ, ചക്ല, റഹിം യാര്‍ ഖാന്‍ വ്യോമത്താവളങ്ങളിലും പാക് സൈന്യത്തിന്റെ ആസ്ഥാനമായ റാവല്‍പിണ്ടിയിലും ഇന്ത്യ ആക്രമണം നടത്തി. പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഉപഗ്രഹ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈന്യത്തിന്റെ ഹാങറുകളടക്കം തകര്‍ന്നിരുന്നു. ജനവാസ മേഖലകളിലേക്ക് പാക്കിസ്ഥാന്‍ അയച്ച മിസൈലുകളെ ഇന്ത്യ നിര്‍വീര്യമാക്കുകയും പാക് യുദ്ധവിമാനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.

കനത്ത നാശം സംഭവിച്ചതിന് പിന്നാലെ ഇന്ത്യ സമാധാനം അഭ്യര്‍ഥിച്ച് സമീപിച്ചുവെന്നും യുഎസ് പ്രസിഡന്റിന്റെ നിരന്തരമായ അഭ്യര്‍ഥനയ്?ക്കൊടുവില്‍ പാക്കിസ്ഥാന്‍ വെടി നിര്‍ത്തലിന് സമ്മതിച്ചുവെന്നുമാണ് അവിടത്തെ കുട്ടികളെ പഠിപ്പിക്കുന്നത്.

വാസ്തവം ഇങ്ങനെ: മേയ് പത്തിന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് സമാധാനം സ്ഥാപിക്കണമെന്നും മധ്യസ്ഥത വഹിക്കാന്‍ യുഎസ് തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. എന്നാല്‍ ഒരു തരത്തിലുള്ള മധ്യസ്ഥതയും ആവശ്യമില്ലെന്നും പാക്കിസ്ഥാന്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ അതിശക്തമായി വീണ്ടും തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി മറുപടി നല്‍കി. അന്നുവൈകിട്ട് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ ഫോണില്‍ വിളിച്ച് പാക്കിസ്ഥാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ചു. മധ്യസ്ഥത വേണ്ടെന്നും പാക്കിസ്ഥാന്‍ നേരിട്ട് അഭ്യര്‍ഥിക്കട്ടെ എന്നും ഇന്ത്യ നിലപാടെടുത്തു. ഒടുവില്‍ ഇന്ത്യന്‍ ഡിജിഎംഒയെ പാക് ഡിജിഎംഒ വിളിക്കുകയും ആക്രമണം അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.

അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും അസംബന്ധവുമായ കാര്യങ്ങളാണ് ചരിത്രമെന്ന പേരില്‍ പാക്കിസ്ഥാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കുന്നത്. ഇന്ത്യയില്‍ നാശമുണ്ടാക്കിയെന്ന് പറയുന്നതല്ലാതെ ഒരു തെളിവും ഇന്നുവരെ പുറത്തുവിടാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടുമില്ല.