ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാര്‍ക്ക് മടങ്ങി വരാന്‍ വാഗ അതിര്‍ത്തി തുറന്നിടുമെന്ന് പാക്കിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് പൗരന്മാരുടെ വിസ റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെയാണ് ഈ സാഹചര്യം ഉടലെടുത്തത്.

പാക്കിസ്ഥാനിലെ ലാഹോറിനെയും ഇന്ത്യയിലെ അമൃത്സറിനെയും ബന്ധിപ്പിക്കുന്ന അട്ടാരി-വാഗ അതിര്‍ത്തി വ്യാഴാഴ്ചയാണ് അടച്ചിട്ടത്. സമയപരിധി തീര്‍ന്നതോടെ, കുട്ടികള്‍ അടക്കം 70 പാക്കിസ്ഥാനി പൗരന്മാരാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.

' ചില പാക്കിസ്ഥാനി പൗരന്മാര്‍ അട്ടാരിയില്‍ കുടുങ്ങി കിടക്കുന്നതായി വിവരം കിട്ടി. ഇന്ത്യന്‍ അധികൃതര്‍ അവരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചാല്‍ ഞങ്ങളുടെ പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാണ്'- പാക് വിദേശമന്ത്രാലയ വക്താവ് പറഞ്ഞു. മടങ്ങി വരാന്‍ താല്‍പര്യമുള്ള പാക് പൗരന്മാര്‍ക്കായി വാഗ അതിര്‍ത്തി തുറന്നുകിടക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിസ റദ്ദാക്കാനുളള തീരുമാനം ഗുരുതരമായ മാനുഷിക വെല്ലുവിളികളാണ് സൃഷ്ടിച്ചതെന്ന് പാക് വിദേശകാര്യ വക്താവ് ഇന്ത്യയെ കുറ്റപ്പെടുത്തി. പലരുടെയും മെഡിക്കല്‍ ചികിത്സ മുടങ്ങിയെന്നും കുടുംബങ്ങള്‍ വേറിട്ടുുപോയെന്നുമാണ് ആക്ഷേപം,

അതിനിടെ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. 'ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഈ ചാനലിലെ ഉള്ളടക്കങ്ങള്‍ നിലവില്‍ ലഭ്യമല്ല' എന്ന സന്ദേശമാണ് ചാനലില്‍ കാണുന്നത്. നേരത്തെ ഡോണ്‍ ന്യൂസ് ഉള്‍പ്പെടെയുള്ള 16 പാക്കിസ്ഥാനി യൂട്യൂബ് ചാനലുകള്‍ക്കും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാരംഭിച്ചത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ നിര്‍ദേശം പാലിച്ചതിനാല്‍ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ലെന്നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്ന സന്ദേശം. കഴിഞ്ഞദിവസം ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും പാകിസ്ഥാന്റെ ജാവലിന്‍ താരവുമായ അര്‍ഷദ് നദീമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യയില്‍ നിരോധിച്ചിരുന്നു.