പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ദേശീയപാതയില്‍, പൊലിഞ്ഞത് ക്രിസ്മസ് പരീക്ഷ കഴിഞ്ഞുമടങ്ങിയ നാലുവിദ്യാര്‍ഥിനികളുടെ ജീവന്‍. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, റിദ, മിത ആയിഷ എന്നിവരാണ് പാഞ്ഞുവന്ന സിമന്റ് ലോറിക്കടിയില്‍ പെട്ടത്.

ഇന്ന് കുട്ടികള്‍ക്ക്് ഇംഗ്ലീഷ് പരീക്ഷയായിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പരീക്ഷ മൂന്നേകാല്‍ വരെയായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ പരീക്ഷാ ചോദ്യപേപ്പറിനെ കുറിച്ചും അടുത്ത പരീക്ഷയെ കുറിച്ചുമൊക്കെ അവര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ടാകണം. ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു അപകടം.

രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടികളുടെ വീട്ടിലേക്കുള്ള മടക്കയാത്ര ചേതനയറ്റാണെന്ന യാഥാര്‍ഥ്യം വീട്ടുകാരെ മാത്രമല്ല, നാട്ടുകാരെയും കരയിക്കുന്നു. അമിതവേഗതയില്‍ ലോറി പാഞ്ഞെത്തുന്നതുകണ്ട് ഒരുമിച്ച് നടന്ന് നീങ്ങിയ അഞ്ചുപേരില്‍ ഒരാള്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഒരുനിമിഷം മുമ്പ് വരെ തനിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളില്‍ ഇല്ലാതായ ഷോക്കിലാണ് കുട്ടി.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പരീക്ഷ കഴിഞ്ഞുമടങ്ങുകയായിരുന്ന കുട്ടികളാണ് ലോറിക്കടിയില്‍ പെട്ടത്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പനയംപാടം വളവിലാണ് അപകടം ഉണ്ടായത്. ലോറി പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയതോടെ അഞ്ചുവിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ചു. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്നു കുട്ടികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒരുകുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മഴയില്‍ നനഞ്ഞ റോഡില്‍ ലോറിക്ക് നിയന്ത്രണം നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം. എന്നാല്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ലോറി നിയന്ത്രണം വിട്ട് വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മഴയത്ത് വാഹനം തെന്നിയുള്ള അപകടം ഇവിടെ സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. പനയമ്പാടം വളവ് സ്ഥിരം അപകടമേഖലയാണെന്നും റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.