പാലക്കാട്: സാമൂഹികമാധ്യമത്തിലെ പോസ്റ്റിന് കമന്റിട്ടതിന്റെ പേരില്‍ ഡിവൈഎഫ്ഐ മേഖല മുന്‍ ജോയിന്റ് സെക്രട്ടറിയെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാക്കളായ മൂന്നു പ്രതികള്‍ പിടിയില്‍. സുര്‍ജിത്, ഹാരിസ്, കിരണ്‍ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. പിടിയിലായവരില്‍ രണ്ടുപേര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരാണ്. സുര്‍ജിത്ത് ഡിവൈഎഫ്‌ഐ കൂനത്തറ മേഖല സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറിയാണ് പിടിയിലായ രാകേഷ്. ഇവരെ ഷൊര്‍ണൂര്‍ പൊലീസിന് കൈമാറും. കോയമ്പത്തൂര്‍ മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസില്‍ നിന്ന് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കോഴിക്കോട് റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ട്രെയിനില്‍ നിന്നും കോഴിക്കോട് ഇറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിനേഷ് വാണിയംകുളത്തിനാണ് ക്രൂരമര്‍ദനമേറ്റത്. യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് പൊലീസ് എഫ്‌ഐആര്‍. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു മര്‍ദനമെന്നാണ് പൊലീസ് എഫ്‌ഐആറിലുള്ളത്. ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി രാകേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. രാഗേഷിനെ വിനേഷ് തെറിവിളിച്ചതിന്റെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും എഫ്‌ഐആറിലുണ്ട്. വിനേഷന്റെ അച്ഛന്‍ കൊച്ചുക്കുട്ടന്റെ മൊഴി പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍. ഇന്നലെ വൈകിട്ട് നാലിനും പത്തിനുമിടയിലാണ് ആക്രമണം നടന്നത്. ആക്രമിച്ച സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് സൂചന. പ്രതിയായ ഷൊര്‍ണൂര്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രാകേഷ് ചീനിക്കുന്ന് ഒളിവിലാണ്. അതേസമയം, ആക്രമണം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുകയാണ്.

ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിനേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് 48 മണിക്കൂര്‍ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. വിനേഷിന്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉള്ളതായും തലക്കേറ്റ പരിക്കുകള്‍ അതീവ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. അതിനിടെ, സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തി. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം എംആര്‍ മുരളിയും പ്രാദേശിക സിപിഎം നേതാക്കളുമാണ് ആശുപത്രിയിലെത്തിയത്. ആക്രമണം വ്യക്തിപരമായ തര്‍ക്കങ്ങളെ തുടര്‍ന്നാണെന്ന് സിപിഎം പ്രതികരിച്ചു. വാണിയംകുളം പനയൂര്‍ സ്വദേശിയാണ് ഗുരുതരാവസ്ഥയിലായ വിനേഷ്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മര്‍ദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതര്‍ ഓട്ടോയില്‍ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച വിനേഷിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നും അറിയിച്ചത് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിനേഷിന്റെ കുടുംബം അടിയുറച്ച സിപിഎം കുടുംബമാണ്. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറിയേറ്റ് അംഗവുമാണ് വിനേഷ്.

വാണിയംകുളത്തും പിന്നീട് പനയൂരില്‍വെച്ചുമാണ് വിനേഷിന് ക്രൂരമര്‍ദനമേറ്റത്. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. മുഖത്തും പരിക്കേറ്റു. വിനേഷിനെ മര്‍ദിച്ച് പനയൂരിലെ വീട്ടില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു. പിന്നീട് അച്ഛന്‍ കൊച്ചൂട്ടനാണ് ആംബുലന്‍സില്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. നിലവില്‍ ഒരു ശസ്ത്രക്രിയയും പൂര്‍ത്തിയാക്കിയതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. വിനേഷിനെ സംഘടനാ നടപടികളുടെ ഭാഗമായി നാലുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. വാണിയംകുളം കുനത്തറ ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്ഐയിലെ ചുമതലകളിലും നിലവില്‍ വിനേഷില്ല.