പാലക്കാട്: കെപിഎം റീജന്‍സി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നു സിപിഎം അവകാശപ്പെട്ടെങ്കിലും പണം കടത്തിയെന്നു തെളിയിക്കുന്ന ഒന്നും അതില്‍ ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റെയ്ഡിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മനോരമ വാര്‍ത്ത നല്‍കുന്നത്. എന്നാല്‍ കള്ളപ്പണം എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് രാത്രി 12ന് ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയതെന്ന് ദേശാഭിമാനിയും പറയുന്നു. എന്നാല്‍ സിപിഎം മുഖപത്രത്തിന്റെ ഈ നിലപാടിനൊപ്പമല്ല തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറുനാടനും കിട്ടുന്ന സൂചന. രാഷ്ട്രീയ വിവാദം ഉണ്ടാകാതിരിക്കാനാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം റെയ്ഡ് നടന്നെന്ന് ദേശാഭിമാനി വിശദീകരിക്കുന്നത്.

കൊണ്ടുവന്ന നീലബാഗില്‍ വസ്ത്രങ്ങളായിരുന്നെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം പണം കൊണ്ടുവന്നുവെന്നു പറയുന്ന ട്രോളി ബാഗുമായി ഫെനി നൈനാന്‍ മുറിയില്‍ ചെലവഴിച്ചതു 48 സെക്കന്‍ഡ് മാത്രം. 10.42നാണു ഫെനി നൈനാന്‍ ഹോട്ടലില്‍ എത്തുന്നത്. 10.54നു മുറിയിലേക്കു കയറി. 48 സെക്കന്‍ഡിനുശേഷം പുറത്തെത്തുന്നു. മുറിയില്‍ പണം എത്തിച്ചുവെന്നാണ് എല്‍ഡിഎഫ് ആരോപണം. അതേസമയം, 48 സെക്കന്‍ഡില്‍ ബാഗ് തുറക്കാന്‍ പോലും ആകില്ലല്ലോ എന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ എംപിമാരായ വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ ആണ് പെട്ടികൊണ്ടുവരുന്നത്. രാഹുല്‍ പിന്‍വാതിലിലൂടെ പുറത്തുപോയെന്ന് സിപിഎം അവകാശപ്പെട്ടെങ്കിലും രാഹുല്‍ മുന്‍വാതിലിലൂടെയാണ് പുറത്തുകടക്കുന്നത്. അങ്ങനെ വീഡിയോ ദൃശ്യങ്ങളും സിപിഎം ആരോപണം തെളിയിക്കുന്നതില്‍ വ്യക്തതയില്ലാതെ വന്നു.

രാത്രി 10.11-ന് ഷാഫി, ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെ.പി.എം. ഹോട്ടലിലേക്ക് കയറുന്നു. 10.39-ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലിലെ മുറിയിലേക്ക് കയറുന്നു, 10.42-ന് ഫെനി കോറിഡോറിലേക്ക് വരുന്നു. ഈ സമയം ഫെനിയുടെ കൈയില്‍ ബാഗ് ഇല്ല. 10.47- രാഹുലിനെ പി.എ. മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുന്നു, 10.51- രാഹുല്‍ ആദ്യത്തെ മുറിയിലേക്ക് തിരിച്ചുവരുന്നു. 10.53- ഫെനി നൈനാന്‍ ഹോട്ടലില്‍നിന്ന് പുറത്തേക്ക് പോകുന്നു. 10.54- ഫെനി ട്രോളി ബാഗുമായി മുറിയിലേക്ക് കയറുന്നു. 10.59- രാഹുല്‍ പുറത്തേക്ക്. പിന്നാലെ ഫെനി നൈനാന്‍ ട്രോളി ബാഗുമായി പുറത്തേക്ക് പോകുന്നു. മറ്റൊരു ബാഗും കൈയിലുണ്ട്. 11.00- ഹോട്ടലിലേക്ക് മടങ്ങിവരുന്ന ഫെനി വീണ്ടും മറ്റ് രണ്ട് ബാഗുകളുമായി പുറത്തേക്ക് പോകുന്നു-ഇതാണ് ബാഗുമായി ബന്ധപ്പെട്ട സമയക്രമം. അതായത് ബാഗും രാഹുല്‍ മാങ്കൂട്ടത്തിലും ഫെനിയും നേതാക്കളുമെല്ലാം 11 മണിക്ക് തന്നെ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോയി. അതും അവിടെയുണ്ടായിരുന്നവരുടെ കണ്‍മുന്നിലൂടെ. എന്നിട്ടും ആ ബാഗില്‍ ഉണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം പിടിക്കാന്‍ പോലീസ് എത്തിയത് 12 മണിക്കാണ്. അതായത് കള്ളപ്പണം കണ്ടെത്തുകയായിരുന്നില്ല ലക്ഷ്യമെന്ന് വ്യക്തം.

എന്നാല്‍ ഇതിന് വിരുദ്ധമായ ചര്‍ച്ചകളാണ് സിപിഎം ഉയര്‍ത്തുന്നത്. കള്ളപ്പണം എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് രാത്രി 12ന് ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. അതിന് തൊട്ടുമുമ്പ് ശ്രീകണ്ഠനും ഷാഫിയും ഹോട്ടലില്‍നിന്ന് പോയി. ഒന്നര മണിക്കൂറിന് ശേഷം ആളെക്കൂട്ടി പൊലീസുമായി കയര്‍ത്തു. ഇത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്യാനും ശ്രമിച്ചു. മണിക്കൂറോളം സംഘര്‍ഷ സാധ്യത നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. പരിശോധന വൈകിപ്പിക്കാനും മാധ്യമശ്രദ്ധ തിരിച്ചുവിടാനുമായിരുന്നു ഇത്. ഈ സമയം ബിജെപി പ്രവര്‍ത്തകരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും സംശയാസ്പദമെന്ന് സിപിഎം പറയുന്നു. മാധ്യമപ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠന്‍ എംപി കൈയേറ്റത്തിന് ശ്രമിച്ചത്. ഫെനി നൈനാന്‍ കൊണ്ടുവന്ന ബാഗില്‍ വസ്ത്രങ്ങളായിരുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി എത്തിയ പണമടങ്ങിയതെന്ന് സംശയിക്കുന്ന ബാഗ് അടുത്ത ദിവസം പകല്‍ മൂന്നിന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച് അതില്‍ പണമില്ലെന്ന് വാദിച്ചതും പരിഹാസ്യമായി എന്നാണ് സിപിഎം പറയുന്നത്. ഈ നീല ട്രോളി ബാഗിലാണ് കള്ളപ്പണമെത്തിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.




ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി സിപിഎം ഉന്നയിക്കുന്നത് ഇവയാണ്.

ട്രോളി ബാഗ് കോണ്‍ഫറന്‍സ് ഹാളില്‍ കൊണ്ടുവന്നതെന്തിന്

ബാഗുമായി വന്നപ്പോള്‍ കോറിഡോറില്‍ എല്ലാവരും അസ്വസ്ഥരായതെന്തിന്

താന്‍ പാലക്കാടില്ലെന്ന് മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞതെന്തിന്

മറ്റ് രണ്ടുബാഗില്‍ പുറത്തേക്ക് കൊണ്ടുപോയതെന്ത്

പൊലീസ് പരിശോധനയ്ക്ക് വന്നപ്പോള്‍ അനുവദിക്കാതിരുന്നതെന്തിന്

സിസിടിവി ദൃശ്യം വരുമെന്നുറപ്പായപ്പോള്‍ ഇതാണാ ബാഗ് എന്ന് പറഞ്ഞത് മുന്‍കൂര്‍ ജാമ്യമോ

ഫ്‌ലാറ്റില്‍ താമസിക്കുന്നയാള്‍ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥിക്ക് 'വസ്ത്രം' കൊണ്ടുവന്നതെന്തിന്