പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇതിന് മുന്‍പ് 2022 ലാണ് ഈ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. ശക്തമായ മഴയില്‍ ശബരിഗിരി സംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 1976.2 മീറ്റര്‍ കടന്നപ്പോഴാണ് രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഈ മാസം 20 വരെ ആനത്തോട് അണക്കെട്ടിന്റെ റൂള്‍ ലെവല്‍ അനുസരിച്ച് ജലനിരപ്പ് 1976.2 മീറ്ററില്‍ കൂടാന്‍ പാടില്ല. അതിന്‍ പ്രകാരമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയതെന്ന് അണക്കെട്ട് സുരക്ഷാവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉഷാദേവി പറഞ്ഞു. രണ്ടു ദിവസമായി ഈ മേഖലകളില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കക്കിയില്‍ 110 മില്ലിമീറ്ററും പമ്പയില്‍ 94 മില്ലിമീറ്ററും മഴ പെയ്തു. 22.112 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്തി. ഇതോടെ ജലനിരപ്പ് റൂള്‍ ലെവലില്‍ എത്തുകയായിരുന്നു.

ജില്ലയില്‍ അതിശക്തമായ മഴയുള്ളതിനാലും കക്കി ആനത്തോട് ഡാം തുറന്നിട്ടുള്ള സാഹചര്യത്തിലും തീര്‍ത്ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയിലും മറ്റു സ്ഥലങ്ങളിലും നദിയിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും താല്‍ക്കാലികമായി നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉത്തരവായി. ഒറ്റപ്പെട്ട അതിശക്തമായ മഴയുള്ളതിനാല്‍ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട്, പ്രാദേശിക വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്.

മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ചിങ്ങമാസത്തില്‍ നട തുറന്നതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ ഏറെ എത്തുന്നുണ്ട്. അവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളത്.