കോട്ടയം: ഈ കാലത്ത് ഇങ്ങനെയും ഒരു പഞ്ചായത്തംഗമോ..ആരോരുമില്ലാത്ത വയോധികനെ പരിചരിച്ച് മരണശേഷം സ്വന്തം വീട്ടില്‍ പൊതുദര്‍ശനം വച്ച് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് സംസ്‌ക്കാരം നടത്തിയ പഞ്ചായത്തംഗം കോട്ടയം ജില്ലയിലുണ്ട്. പാലായ്ക്ക് സമീപം കരൂര്‍ പഞ്ചായത്തിലെ വള്ളിച്ചിറയിലെത്തിയാല്‍ ആരും മെമ്പറെ നോക്കി ഇങ്ങനെ ചോദിച്ചു പോകും. ഏറെക്കാലം കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന ശിവശങ്കരന്‍ നായര്‍ (75) ക്ക് താങ്ങായും തണലായും മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിന്നു. അന്ത്യയാത്രയില്‍ മെമ്പറുടെ വീട്ടില്‍ തന്നെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതും മെമ്പര്‍ തന്നെ.

കോട്ടയം ജില്ലയിലെ പാലാ കരൂര്‍ ഗ്രാമപഞ്ചായത്തിലെ 11 ാം വാര്‍ഡിലെ സ്വതന്ത്ര അംഗമായ പ്രിന്‍സ് അഗസ്റ്റിനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. ഉറ്റവരും ഉടയവരുമില്ലാതെ കഴിഞ്ഞ കണിയാരംപറമ്പില്‍ ശിവശങ്കരന്‍ നായരുടെ മൃതദേഹമാണ് പാലായില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്. അവിവാഹിതനായ ശിവശങ്കരന്‍ നായര്‍ കടത്തിണ്ണയിലാണ് കഴിഞ്ഞിരുന്നത്.

വാര്‍ധക്യകാലത്ത് അദ്ദേഹത്തിന് തുണയായി മാറുകയായിരുന്നു പ്രിന്‍സ് മെമ്പറും നാട്ടുകാരും.. ചെറുകര സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തില്‍ ചെറിയ വീട് നിര്‍മ്മിച്ചു നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് വീഴ്ച്ചയില്‍ നട്ടെല്ലിന് പരുക്കേറ്റതോടെ കിടപ്പിലായി. അടുത്ത ബന്ധുക്കളൊന്നുമില്ലാത്ത ശിവശങ്കരന്‍ നായരുടെ ചികിത്സ സഹായവും മറ്റും പ്രിന്‍സിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഏറ്റെടുത്തു. എട്ടു മാസത്തോളം മെമ്പറും സുഹൃത്തുക്കളുമാണ് ആശുപത്രിയില്‍ ശിവശങ്കരന്ആശ്രയമായത്. നാട്ടുകാരില്‍ ചിലരെ ഭക്ഷണം നല്‍കുന്നതിനും ഏര്‍പ്പാടാക്കി.

വീഡിയോ കാണാം:

https://youtu.be/OAD5-BFLE6Q?si=O0erykaB92xMlt8K

ഒരു മാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചതോടെ തോട്ടുവായില്‍ അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിച്ചു. 14 ാം തീയതി വൈകിട്ടാണ് മരിച്ചത്. പിറ്റേന്ന് മെമ്പറുടെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. അകന്ന ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഹൈന്ദവാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചതോടെ സ്വന്തക്കാര്‍ ഇല്ലാത്തതിനാല്‍ പ്രിന്‍സ് മെമ്പര്‍ തന്നെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരികയായിരുന്നു. തുടര്‍ന്ന് കര്‍മ്മി മഹേഷ് ചൊല്ലികൊടുത്ത മന്ത്രങ്ങള്‍ ഏറ്റു ചൊല്ലി പ്രിന്‍സ് ശിവശങ്കരന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു.