- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കാടംപൊയിലില്‍ അന്‍വറിന്റെ പാര്‍ക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്; ടെണ്ടര്‍ വിളിക്കാന്‍ തീരുമാനം; അധികാരം സ്വാധീനം നഷ്ടമായ അന്‍വറിനെ കാത്തിരിക്കുന്നത് മുട്ടന്‍ പണികള്‍!
കക്കാടംപൊയിലില്‍ അന്‍വറിന്റെ പാര്‍ക്കിലെ തടയണ പൊളിക്കും
മലപ്പുറം: സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു രംഗത്തുവന്ന പി വി അന്‍വറിനെതിരെ നടപടി ശക്തമാക്കാന്‍ സിപിഎം. മലപ്പുറം ജില്ലയിലെ കക്കാടംപൊയിലില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു.
പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് വ്യക്തമാണ്. ഇതുവരെ അധികാരത്തിന്റെ ബലത്തിലാണ് അന്‍വര്‍ ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്തത്. ഇപ്പോള്‍ ഭരണപക്ഷത്തു നിന്നും മാറിയതോടെ വീണ്ടും നടപടികള്‍ ഉണ്ടാകുകയാണ്. തടയണ പൊളിക്കാന്‍ എട്ട് മാസം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്‍വര്‍ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.
അതേസമയം ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പി.വി. അന്‍വറിനെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കോട്ടയം കറുകച്ചാല്‍ പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിന്റെ ടെലി കമ്മ്യൂണിക്കേഷന്‍ രേഖകള്‍ തന്റെ കൈയില്‍ ഇല്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നുമാണ് തോമസ് കെ പീലിയാനിക്കല്‍ നല്‍കിയ മൊഴി.
അതേസമയം താന്‍ ഫോണ്‍ ചോര്‍ത്തിയതല്ല, തനിക്ക് വന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തതാണ് എന്നാണ് അന്‍വറിന്റെ വിശദീകരണം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തള്ളിപ്പറഞ്ഞതിന്റെ പിറ്റേദിവസമാണ് പി.വി.അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. . ഫോണ്‍ ചോര്‍ത്തിയതായി കാട്ടി ഈ മാസം 5ന് ലഭിച്ച പരാതിയിലാണ് 23 ദിവസം കാത്തിരുന്നതിനു ശേഷം 28ന് കേസെടുത്തത്. 27ന് ആയിരുന്നു അന്‍വറിനെതിരെയുള്ള എം.വി.ഗോവിന്ദന്റെ പത്രസമ്മേളനം.
പൊതുപ്രവര്‍ത്തകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ തോമസ് കെ.പീലിയാനിക്കലിന്റെ പരാതിയില്‍ കറുകച്ചാല്‍ പൊലീസ് ആണ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുംവിധം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കടന്നുകയറി ചോര്‍ത്തുകയോ ചോര്‍ത്തിപ്പിക്കുകയോ ചെയ്തു. ഇതു ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റും പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ പരസ്പരം പകയും ഭീതിയും ഉണ്ടാക്കാനും മനഃപൂര്‍വം കലാപം സൃഷ്ടിക്കാനും ശ്രമിച്ചെന്നുമാണ് എഫ്‌ഐആര്‍. ഭാരതീയ ന്യായസംഹിതയിലെ 192ാം വകുപ്പനുസരിച്ചു സൈബര്‍ കേസാണ് റജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി ഒരു വര്‍ഷം തടവും പിഴയുമാണു ശിക്ഷ.
ഈ മാസം 5ന് ഇമെയില്‍ ആയി ലഭിച്ച പരാതി കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലേക്ക് 28ന് ആണ് ഡിജിപി കൈമാറിയത്. അന്നുതന്നെ തോമസിനെ കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി രാത്രി 8.20നു മൊഴിയെടുത്തശേഷം കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് ചങ്ങനാശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് അയച്ചിട്ടുണ്ട്. അന്‍വറിനെതിരെ വരുംദിവസങ്ങളിലും ഇത്തരത്തില്‍ പരാതികള്‍ വന്നേക്കാമെന്നാണു സൂചന.
ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പി.വി.അന്‍വറും എഡിജിപി എം.ആര്‍.അജിത്കുമാറും ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. പത്തനംതിട്ട എസ്പി സുജിത്ദാസിന്റെ റിക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച ഫോണ്‍ സംഭാഷണം അന്‍വര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണു പരാതിക്കിടയാക്കിയത്.
അതിനിടെ പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് പോകുന്ന പിവി അന്‍വര്‍ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്.