പന്തളം: പന്തളത്തെ അയ്യപ്പ ഭക്ത സംഗമം പ്രഖ്യാപിച്ചത് വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാന്‍ ആരേയും അനുവദിക്കില്ലെന്ന സന്ദേശം. സനാതനധര്‍മത്തെ നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ളവരുടെ ലക്ഷ്യങ്ങള്‍, മഹാക്ഷേത്രവും ആചാര്യന്മാരുമാണ്. ക്ഷേത്രങ്ങളും ആചാര്യന്മാരുമാണ് നമ്മുടെ സനാതന ധര്‍മം നിലനിര്‍ത്തി പോകുന്നതെങ്കില്‍ അതിനെ നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന് ക്ഷേത്രങ്ങള്‍ കരുവാക്കണം. നമ്മുടെ മനസിലെ ആശങ്കകളാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സെമിനാര്‍ നടത്താന്‍ തന്നെ കാരണമെന്നാണ് സംഘ പരിവാര്‍ പ്രഖ്യാപിച്ചത്. ശബരിമല സംരക്ഷണ സംഗമം എന്നായിരുന്നു പന്തളത്തെ ഭക്ത സംഗമത്തിന് ഇട്ട പേര്.

തുടക്കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അടക്കം കൊണ്ടു വരാനായിരുന്നു പദ്ധതി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പരിഗണിച്ചു. എന്നാല്‍ അയപ്പ ഭക്തര്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സംഘാടനം തീരുമാനിക്കപ്പെട്ടു. തമിഴ്‌നാടില്‍ വികാരമായ കെ അണ്ണാമലൈയെ എത്തിക്കാനും തീരുമാനിച്ചു. ഈ തീരുമാനത്തിലൂടെ വലിയ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ കുളനടയിലെ വേദിയിലേക്ക് പതിനായിരങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞു. ഗ്രൗണ്ടും റോഡും നിറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ശരണം വിളികളാല്‍ മുഖരിതമായി ആ യോഗ സ്ഥലം. നാമജപഘോഷ യാത്രയെ അനുസ്മരിപ്പിക്കുന്ന തലത്തിലേക്ക് വിശ്വാസ സംഗമം മാറി.

ഓരോ ക്ഷേത്രവും എങ്ങനെ നശിപ്പിക്കുമെന്ന് പല തലങ്ങളില്‍ ഗൂഢാലോചനയും ആലോചനയും നടക്കുന്നുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ ശബരിമലയുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാലാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിച്ചത്. യുവതിപ്രവേശനം അടഞ്ഞ അദ്ധ്യായമോ കഴിഞ്ഞ അദ്ധ്യായമോ അല്ല. സുപ്രീംകോടതിയില്‍ ഇപ്പോഴും വിഷയം നിലനില്‍ക്കുന്നു. നാമം ജപിച്ചതിന്, ശരണം വിളിച്ചതിന്, കെട്ടുടത്തതിന് ശബരിമലയില്‍ പോയതിന് ആയിരക്കണക്കിന് ആളുകള്‍ക്കെതിരെ എടുത്ത കേസ് ഒരെണ്ണം പോലും പിന്‍വലിച്ചിട്ടില്ലെന്നും ആ യോഗത്തില്‍ പ്രഖ്യാപനം എത്തി. ഇത്രയും ഭക്തര്‍ എത്തിയ സാഹചര്യത്തില്‍ കേസുകള്‍ ഇനിയെങ്കിലും സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.


സര്‍ക്കാരിന്റെ പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന് എന്‍ എസ് എസിനെ ചേര്‍ത്തു നിര്‍ത്താനായി. എന്നാല്‍ പന്തളത്ത് സംഘപരിവാര്‍ സംഗമത്തിനൊപ്പം പന്തളം രാജകൊട്ടാരമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം എന്‍ എസ് എസ് അനുയായികളും ഒഴുകിയെത്തിയെന്നതാണ് ഭക്ത സംഗമത്തിലെ പങ്കാളിത്തം തെളിയിക്കുന്നത്. എന്‍ എസ് എസ് നേതൃത്വം യോഗത്തിന് എത്തിയതുമില്ല. ശബരിമല സംരക്ഷിച്ചേപറ്റൂ. ആത്മീയമായും ഭൗതികമായും കേരളത്തിന്റെ പുണ്യമാണ് ശബരിമല. ആ ശബരിമല സംരക്ഷിക്കാന്‍ ഭക്തര്‍ക്ക് ബാധ്യതയുണ്ടെന്ന ഉത്തമമായ ബോധ്യത്തിലാണ് ശബരിമല കര്‍മ സമിതിയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും ക്ഷണത്തിന്റെ പേരില്‍ ഇത്രയധികം ഭക്തര്‍ ഇവിടെ എത്തിയത്. അവര്‍ വെറും അയ്യപ്പഭക്തരല്ല. പല ആചാര്യന്മാരുണ്ട്. വിവിധ സാമുദായിക സംഘടനകളുടെ പ്രതിനിധികളുണ്ട്. ശബരിമല ആചാരവുമായി ബന്ധപ്പെട്ട ആളുകളുണ്ട്. ക്ഷേത്രത്തിലെ തന്ത്രിമുഖ്യന്മാരുണ്ട്-ഇതാണ് സംഘാടകരുടെ പ്രഖ്യാപനം.


പമ്പയില്‍ ഒരുക്കിയത് പോലെ പഞ്ചനക്ഷത്ര സൗകര്യങ്ങളല്ല, ഭക്തര്‍ക്ക് അവരുടെ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനുള്ള വികസനം ശബരിമലയില്‍ വേണം. പക്ഷേ ആ വികസനം ഒരിക്കലും വിശ്വാസത്തിന് എതിരായിരിക്കരുത്. എല്ല ആരാധനാലയത്തിന്റെയും അടിത്തറ വിശ്വാസം തന്നെയാണ്. വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാന്‍ അനുവദിക്കില്ല. വിശ്വാസത്തില്‍ ഊന്നി ശബരിമല വികസിച്ചേമതിയാകൂ. വിശ്വാസം നശിപ്പിച്ചുകൊണ്ട് വികസനം നടത്തരുത്-ഇതായിരുന്നു ഉയര്‍ന്ന വികാരം.