- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അയ്യപ്പസംഗമം കൊണ്ട് ഭക്തര്‍ക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം; ഇതിന്റെ ഉദ്ദേശ്യം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കണം; 2018 ലെ നാമജപ ഘോഷയാത്ര കേസുകള്‍ ഉടന്‍ പിന്‍വലിക്കണം, കൊട്ടാരത്തിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് എം ആര്‍ സുരേഷ് വര്‍മ്മ
അയ്യപ്പസംഗമം കൊണ്ട് ഭക്തര്‍ക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം
പന്തളം: സെപ്റ്റംബര്‍ 20ന് പമ്പയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നു നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനം ഉന്നയിച്ചു പന്തളം കൊട്ടാരം. അയ്യപ്പ സംഗമം കൊണ്ട് അയ്യപ്പ ഭക്തര്‍ക്ക് എന്ത് ഗുണമുണ്ടെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. ഇതിന്റെ ഉദ്ദേശ്യം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കണമെന്നും കൊട്ടാരം നിര്‍വാഹകസംഘം ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ് വര്‍മ പറഞ്ഞു
'2018 ലെ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും പൊലീസ് കേസുകളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. ഇനി ഒരിക്കലും ഭക്തജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും മേല്‍ 2018 ല്‍ സ്വീകരിച്ചതുപോലെ ഉള്ള നടപടികള്‍ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണം' -അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്തജനസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും അവരെ വിശ്വാസത്തില്‍ എടുത്തും അവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട് ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് കോട്ടം വരാതെ സംരക്ഷിച്ചെങ്കില്‍ മാത്രമേ അയ്യപ്പ സംഗമത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളും സാധൂകരിക്കാന്‍ കഴിയു.
യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തി ആചാരം സംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം. കൊട്ടാരത്തിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല. ആചാരം സംരക്ഷിക്കുന്നതിന് ഭക്തജനങ്ങള്‍ക്കൊപ്പം എക്കാലവും കൊട്ടാരം ഉണ്ടാകുമെന്നും സുരേഷ് വര്‍മ പറഞ്ഞു.
അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. അയ്യപ്പ സംഗമം പരിപാടിക്കെതിരെ ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയാണ് സെപ്റ്റംബര്‍ ഒമ്പതിലേക്ക് മാറ്റിയത്. ഓണാവധിക്കു ശേഷം കോടതി ചേരുമ്പോള്‍ ദേവസ്വം ബെഞ്ച് ഹര്‍ജി പരിഗണിക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആരാണ് പരിപാടിയുടെ സംഘാടകര്‍ എന്നു കോടതി ആരാഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് അഭിഭാഷകന്‍ അറിയിച്ചു.
സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ദേവസ്വം ബോര്‍ഡിന്റെ ചുമതലകള്‍ക്കു വിരുദ്ധമാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. മതേതര സര്‍ക്കാരിനു മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ നിയമപരമായി അധികാരമില്ല. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം മുടക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അയ്യപ്പ സംഗമം രാഷ്ട്രീയ വാണിജ്യ ലക്ഷ്യങ്ങളോടെയാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം.
ശബരിമല തീര്‍ഥാടനത്തിന്റെയും ഹിന്ദുമത വിശ്വാസികളുടെയും പേരില്‍ ഒരു രാഷ്ട്രീയ പരിപാടി നടത്താന്‍ ദേവസ്വം ബോര്‍ഡിനെ കൂടി വലിച്ചിഴയ്ക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ദേവസ്വം ഫണ്ടില്‍ നിന്നെടുക്കുന്ന പണമാണ് ഇതിന് ഉപയോഗിക്കുന്നതെങ്കില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ടിന് അനുസൃതമാകണം അതെന്നും ഹര്‍ജിയില്‍ പറയുന്നു.