- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയരാന്‍ ഇനി കാത്തിരിപ്പ്! പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് 7ന്; മൂന്നില്‍ രണ്ടുഭൂരിപക്ഷം ലഭിക്കുന്ന ആള് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയാകും; 138 കര്‍ദ്ദിനാള്‍മാരില്‍ കേരളത്തില്‍ നിന്ന് വോട്ടവകാശം മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയ്ക്കും മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനും
പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് 7ന്
വത്തിക്കാന്‍ സിറ്റി: മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദ്ദിനാള്‍മാരുടെ യോഗം മെയ് 7 ന് നടക്കും. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം.
മൂന്നില്‍ രണ്ടുഭൂരിപക്ഷം നേടുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ വോട്ടെടുപ്പ് തുടരും. വോട്ടവകാശമുള്ള 138 കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
പാപ്പല്‍ കോണ്‍ക്ലേവ് എന്നാല്‍...
'പാപ്പല്‍ കോണ്‍ക്ലേവ്' എന്ന തിരഞ്ഞെടുപ്പ് സമ്മേളനം നടത്തിയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. ഇതില്‍, 80 വയസില്‍ താഴെയുള്ള 138 കര്‍ദിനാളുകള്‍ രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കും.
പുതിയ പോപ്പിനെ തിരഞ്ഞെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഒരു റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ സമവായം ആയില്ലെങ്കില്‍ ആ ബാലറ്റുകള്‍ കത്തിക്കും. സിസ്‌റ്റൈന്‍ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരും. ടെലിവിഷനിലും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നിന്നും തിരഞ്ഞെടുപ്പ് വീക്ഷിക്കുന്നവര്‍ക്കുള്ള സന്ദേശമാണത്. മാര്‍പാപ്പയെ തിരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശം. ബാലറ്റുകള്‍ക്കൊപ്പം പൊട്ടാസ്യം പെര്‍ക്ലോറേറ്റ്, ആന്താസിന്‍, സള്‍ഫര്‍ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോണ്‍ക്ലേവില്‍ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകള്‍ക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കില്‍ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേര്‍ തമ്മിലാകും മത്സരം. 1271 ല്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ പാപ്പല്‍ കോണ്‍ക്ലേവ് കടുത്ത രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം ഏകദേശം മൂന്ന് വര്‍ഷമെടുത്തു.
മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോള്‍ അതിലേറെയും നീണ്ടുപോയേക്കാം. അങ്ങനെ ചരിത്രവുമുണ്ട്. വോട്ടെടുപ്പിനൊടുവില്‍ ഒരു കര്‍ദിനാളിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ക്കൂടി വെളുത്ത പുക വരും. ലോകമെങ്ങും കാത്തിരിക്കുന്ന വിശ്വാസികള്‍ക്ക് ആശ്വാസവും ആഹ്‌ളാദവും പ്രതീക്ഷയും പകരുന്ന നിമിഷം. അവസാനവോട്ടെടുപ്പിലെ ബാലറ്റുകള്‍ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിന്‍ എന്നീ രാസവസ്തുക്കള്‍ കൂടി ചേര്‍ക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാര്‍പാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കറുത്ത വര്‍ഗ്ഗക്കാരന്‍ മാര്‍പ്പാപ്പയാകുമോ?
കഴിഞ്ഞ തവണ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രത്യേകതയുള്ള കാര്യം അദ്ദേഹം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ പോപ്പാണ് എന്നതായിരുന്നു. ഇത് കത്തോലിക്കാ സഭയില്‍ വലിയൊരു മാറ്റത്തിന്റെ സൂചനയായി പലരും കണക്കാക്കിയിരുന്നു. ഇപ്പോള്‍ പലരും കാത്തിരിക്കുന്നത് അടുത്ത മാര്‍പ്പാപ്പ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ആയിരിക്കുമോ അതോ ഏഷ്യാക്കാരന്‍ ആയിരിക്കുമോ എന്നതാണ്.
ഭൂരിഭാഗം മാര്‍പ്പാപ്പമാരും നേരത്തേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു. അടുത്ത മാര്‍പ്പാപ്പയാകാന്‍ സാധ്യതയുള്ള ചില കര്‍ദ്ദിനാള്‍മാരെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കുന്നത് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ്. അവരിലെ മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് നോക്കാം.
ആഫ്രിക്കന്‍ വംശജനായ പീറ്റര്‍ ടര്‍ക്ക് ആണ് സാധ്യതാപട്ടികയിലെ ഒരാള്‍. കേപ് കോസ്റ്റിലെ മുന്‍ ബിഷപ്പായ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാല്‍ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ പോപ്പ് ആയിരിക്കും. ഘാനയില്‍ ജനിച്ച അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ദക്ഷിണ സുഡാനിലേക്കുള്ള സമാധാന ദൂതനായി അയച്ചിരുന്നു. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തെരഞ്ഞെടുത്ത സമയത്തും ഇദ്ദേഹത്തിന്റെ പേരും പറഞ്ഞു കേട്ടിരുന്നു.
ലൂയിസ് അന്റോണിയോ ടാഗിള്‍ ആണ് മാര്‍പ്പാപ്പയാകാന്‍ സാധ്യതയുള്ള അടുത്തയാള്‍. മനിലയിലെ മുന്‍ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. ടാഗിള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഏഷ്യയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയാകും ഇദ്ദേഹം. സ്വന്തം രാജ്യമായ ഫിലിപ്പീന്‍സിലെ ഗര്‍ഭഛിദ്ര അവകാശങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.
സാധ്യതാ പട്ടികയിലുള്ള അടുത്ത കര്‍ദ്ദിനാള്‍ പീട്രോ പരോളിന്‍ ആണ്. ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം കര്‍ദ്ദിനാള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. പൊതുവേ ഒരു മിതവാദി ആയിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
2015 ല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ അയര്‍ലന്‍ഡ് തീരുമാനിച്ചപ്പോള്‍ പരോളിന്‍ അതിനെ മനുഷ്യരാശിയുടെ പരാജയം എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. അടുത്തത് പീറ്റര്‍ എര്‍ദോയാണ്. ബുഡാപെസ്റ്റിലെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. കടുത്ത യാഥാസ്ഥിതികന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ജോസ് ടോളന്റിനോ ആണ് അടുത്തയാള്‍. പോര്‍ച്ചുഗലിലെ മദീരയില്‍ നിന്നുള്ള ഇദ്ദേഹം ആര്‍ച്ച് ബിഷപ്പായിരുന്നു. സാധ്യതാ പട്ടികയില്‍ ഉള്ളവരുടെ കൂട്ടത്തില്‍ താരതമ്യേന ചെറുപ്പക്കാരനാണ് ടോളന്റിനോ. മാറ്റ്യോ സുപ്പി ആണ് പട്ടികയിലെ മറ്റൊരു പേരുകാരന്‍. 2015മുതല്‍ ബൊളോണയിലെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന സുപ്പിയെ 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാളായി നിയമിച്ചു. രണ്ട് വര്‍ഷം മുമ്പ്, പോപ്പ് അദ്ദേഹത്തെ ഉക്രെയ്നിന്റെ വത്തിക്കാന്‍ സമാധാന ദൂതനായും നിയോഗിച്ചിരുന്നു.
മരിയോ ഗ്രെക്ക് ആണ് അടുത്ത സാധ്യതാ സ്ഥാനാര്‍ത്ഥി. ഗോസോയിലെ ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലാണ്. തികഞ്ഞ പാരമ്പര്യവാദി എന്നാണ് ഗ്രെക്ക് അറിയപ്പെടുന്നത്.
ഫ്രഞ്ച് ഗയാനക്കാരനായ റോബര്‍ട് സാറയും പട്ടികയില്‍ ഉണ്ട്. ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാല്‍ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ മാര്‍പ്പാപ്പയായിരിക്കും. ജോണ്‍ പോള്‍ രണ്ടാമന്റെ കാലം മുതല്‍ വത്തിക്കാനില്‍ പല പദവികളും വഹിക്കുന്ന റോബര്‍ട്ട് സാറ ഇസ്ലാമിക മതമൗലിക വാദത്തിന്റെ ശക്തനായ വിമര്‍ശകനാണ്.
കേരളത്തില്‍ നിന്ന് രണ്ടുപേര്‍
ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാരുള്ളത് യൂറോപ്പിലാണ്. 39 ശതമാനം വോട്ട് ഇവിടെ നിന്നാണ് ലഭിക്കുക. ഏഷ്യ - ഓഷ്യാന മേഖലയില്‍ നിന്നായി 20 ശതമാനത്തോളം വോട്ടുകള്‍ ലഭിക്കും. സ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്ന് നല്‍കിയ മാര്‍പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം; ചരിത്ര നിമിഷത്തിന്റെ ഓര്‍മയില്‍ വിശ്വാസ സമൂഹം പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നവരില്‍ 4 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേരും ഉള്‍പ്പെടുന്നു. കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയില്‍ 6 കര്‍ദിനാള്‍മാര്‍ ഉണ്ടെങ്കിലും 80 വയസ്സായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാന്‍ സാധിക്കില്ല. സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ദിനാള്‍ ഫിലിപ്പ് നെറി ഫെറാറോ, കര്‍ദിനാള്‍ ആന്റണി പൂല എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്.