പോര്‍ട്ട് സുഡാന്‍: സുഡാനിലെ രാജ്യത്തിന്റെ അര്‍ധസൈനികവിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 158 പേര്‍ക്ക് പരിക്ക്. ഗ്രേറ്റര്‍ ഖാര്‍ത്തൂമിന്റെ ഭാഗമായ ഓംദുര്‍മാനിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന് സ്വാധീനമുള്ള പടിഞ്ഞാറന്‍ ഓംഡുര്‍മാന്‍ പ്രദേശത്ത് നിന്നാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാജ്യത്ത് റാപ്പിഡ് ഫോഴ്‌സും സുഡാന്‍ സൈന്യവും തമ്മിലുള്ള ആക്രമണം ശക്തമാകുകയാണ്.

റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ (ആര്‍എസ്എഫ്) ആക്രമണത്തെത്തുടര്‍ന്ന് പരിക്കേറ്റവരെ 'ഇപ്പോഴും ആശുപത്രിയില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന്' ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം - മാര്‍ക്കറ്റിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ആര്‍എസ്എഫില്‍ നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ആക്രമണത്തെ അപലപിച്ചുകൊണ്ട് സാംസ്‌കാരിക മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ഖാലിദ് അല്‍-അലീസിര്‍ രംഗത്തെത്തി. കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നെന്ന് ഖാലിദ് അല്‍-അലീസിര്‍ പറഞ്ഞു. 'ഇപ്പോള്‍ നടന്നിരിക്കുന്ന ആക്രമണം ഈ സൈന്യത്തിന്റെ രക്തരൂക്ഷിതമായ മറ്റൊരു ആക്രമണമായി റെക്കോര്‍ഡ് ചെയ്യപ്പെടും. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്,' സര്‍ക്കാര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

2023 ഏപ്രില്‍ മുതല്‍ സുഡാനില്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. അര്‍ധ സൈനികവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും സുഡാന്‍ സൈന്യവും തമ്മില്‍ 2023 ഏപ്രിലിനും 2024 ജൂണിനുമിടയിലായി സംഘര്‍ഷങ്ങളില്‍ 28,000 പേരോളം ഇതുവരെ കൊല്ലപ്പെട്ടു. മാസങ്ങളായി ഖാര്‍ത്തുമില്‍ ഇരുപക്ഷങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയായിരുന്നെങ്കിലും അടുത്തിടെ ആര്‍എസ്എഫിനെ സുപ്രധാന കേന്ദ്രങ്ങളില്‍നിന്ന് പിന്നോട്ടുപായിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നു.

ഇതെത്തുടര്‍ന്നാണ് ഖാര്‍ത്തുമിലെ മാര്‍ക്കറ്റിന് നേരെ നടന്ന ആക്രമണം. യുഎന്‍ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ പ്രകാരം ഖാര്‍ത്തൂമില്‍ കുറഞ്ഞത് 106,000 ആളുകളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ട്. കൂടാതെ 3.2 ദശലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണ്. വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ അഞ്ച് പ്രദേശങ്ങളില്‍ ക്ഷാമം പ്രഖ്യാപിച്ചിട്ടുണ്ട്.

കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയായി ആഭ്യന്തര കലാപം മാറുമ്പോഴും, അന്താരാഷ്ട്ര ശ്രദ്ധ സുഡാനിലേക്ക് എത്തുന്നില്ല എന്നാണ് ഗാര്‍ഡിയന്‍ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജനീവയിലേത് അടക്കം സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുമ്പോള്‍, ആര്‍എസ്എഫിന് ആയുധസഹായമടക്കം നല്‍കുന്ന യുഎഇയുടെ ഇടപെടല്‍ ചര്‍ച്ചയാക്കുന്നതില്‍ ഐക്യരാഷ്ട്രസംഘടന സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടു എന്ന ഗുരുതര ആരോപണവും നിലനില്‍ക്കുന്നുണ്ട്.