- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജയിലാണോ അതോ റിസോര്‍ട്ടോ? പരപ്പന അഗ്രഹാര ജയിലില്‍ തടവുകാര്‍ക്ക് വേണ്ടതെല്ലാം ലഭിക്കും; ജയിലില്‍ തടവുകാര്‍ മൊബൈല്‍ ഫോണും ടി.വിയും ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഐപിഎല്‍ ചര്‍ച്ചയും നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗും! മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ജയിലാണോ അതോ റിസോര്‍ട്ടോ? പരപ്പന അഗ്രഹാര ജയിലില്‍ തടവുകാര്‍ക്ക് വേണ്ടതെല്ലാം ലഭിക്കും

ബംഗളൂരു: ഇത് ജയിലാണോ അതോ സകല സൗകര്യങ്ങളുമുള്ള ആഡംബര റിസോര്‍ട്ടോ? ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ഈ ചോദ്യം ചോദിച്ചുപോകും. തടവുകാര്‍ക്ക് ശിക്ഷയല്ല, മറിച്ച് അടിപൊളി വിനോദമാണ് ജയിലിനുള്ളില്‍ നടക്കുന്നതെന്ന് തെളിയിക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സാധാരണക്കാര്‍ പുറത്ത് കാശുകൊടുത്ത് കാണുന്ന നെറ്റ്ഫ്‌ലിക്‌സ് സിനിമകളും വെബ് സീരീസുകളും ജയിലിനുള്ളിലെ ടിവിയില്‍ തടവുകാര്‍ ആസ്വദിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. അത് മാത്രമല്ല, സ്മാര്‍ട്ട് ഫോണുകളില്‍ ഇവര്‍ വിദേശത്തുള്ള ബന്ധുക്കളുമായി വരെ വീഡിയോ കോള്‍ ചെയ്യുന്നു. പുറംലോകത്ത് ഐപിഎല്‍ ആവേശം അലതല്ലുമ്പോള്‍, ജയിലിനുള്ളിലിരുന്ന് ആര് ജയിക്കും ആര് തോല്‍ക്കും എന്നതിനെക്കുറിച്ച് തടവുകാര്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
ജയില്‍ അധികൃതര്‍ റെയ്ഡിന് വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ എവിടെ ഒളിപ്പിക്കും? അതിനും തടവുകാര്‍ക്ക് കൃത്യമായ പ്ലാനുണ്ട്. ടോയ്ലറ്റ് ബ്ലോക്കിന് സമീപത്തെ ഭൂഗര്‍ഭ പൈപ്പ് ലൈനിലാണ് ഫോണുകള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്. റെയ്ഡ് കഴിഞ്ഞാല്‍ ഈ 'പൈപ്പ് ഗോഡൗണില്‍' നിന്ന് ഫോണുകള്‍ പുറത്തെടുക്കും.
മാര്‍ച്ച് 27-നാണ് വീഡിയോകള്‍ റെക്കോഡ് ചെയ്യപ്പെട്ടത്. കൊലക്കേസില്‍ രണ്ടര വര്‍ഷമായി ജയിലില്‍ കഴിയുന്ന കൊടുംകുറ്റവാളികള്‍ക്ക് വേണ്ടിയാണ് നിയമ വഴിമാറിയത്. സെക്യൂരിറ്റി കണ്ണുവെട്ടിച്ച് ജയിലിനുള്ളില്‍ ഫോണും ഇന്റര്‍നെറ്റും എത്തി. സംഭവം വിവാദമായതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഞെട്ടിയിരിക്കുകയാണ്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ മൂന്ന് വാര്‍ഡന്മാരെ ഉടനടി സസ്‌പെന്‍ഡ് ചെയ്തു.
ശിവാനന്ദ് കരലബട്ടി, നിരഞ്ജന്‍ എ. കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നിവരെയാണ സസ്‌പെന്റ് ചെയ്തത്. ജയില്‍ ജീവനക്കാരുടെ ഒത്താശയില്ലാതെ ഇത്രയും വലിയ സൗകര്യങ്ങള്‍ തടവുകാര്‍ക്ക് ലഭിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. വീഡിയോ പുറത്തുവിട്ടതോടെ ജയില്‍ വകുപ്പിന്റെ മുഖം രക്ഷിക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും, അകത്ത് നടക്കുന്ന 'അന്തര്‍ധാരകള്‍' ഇനിയും അവസാനിച്ചിട്ടില്ലെന്നതാണ് വാസ്തവം.


