തിരുവനന്തപുരം കിളിമാനൂരില്‍ വയോധികനായ രാജനെ ഇടിച്ച് കൊന്നത് പാറശാല എസ് എച്ച് ഒ പി. അനില്‍ കുമാര്‍ തന്നെ. വാഹനമോടിച്ചത് അനില്‍ കുമാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. അനില്‍ കുമാര്‍ കുറ്റം സമ്മതിച്ചു. മറ്റൊരാള്‍ കൂടി കാറിലുണ്ടായിരുന്നെന്നും മൊഴി. നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ഈ സാഹചര്യത്തില്‍ അനില്‍ കുമാറിനെതിരെ നടപടി വരുമെന്ന് ഉറപ്പാണ്.

സിസിടിവി ദൃശ്യങ്ങളെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്. നീല മാരുതി ഓള്‍ട്ടോ കാറിന് പിന്നാലെ പോലീസ് പോയി. ഒടുവില്‍ തിരുവല്ലം ബൈപ്പാസിലെ ടോളില്‍ നിന്നാണ് കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കിട്ടിയത്. ഇതോടെ തന്നെ വണ്ടി സിഐയുടേതാണന്നെ് പോലീസ് ഉറപ്പിക്കുകയും ചെയ്തു. അനില്‍കുമാറിനെതിരെ നടപടി വരും. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് അന്ന് പാറശ്ശാല സ്റ്റേഷന്‍ പരിധി സിഐ വിട്ടത്. അതും വകുപ്പ് തല നടപടിക്ക് കാരണമാകും. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും വാഹനം നിര്‍ത്താതെ പോയതെന്നാണ് സുചന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരാള്‍ കാറിന്റെ സൈഡില്‍ ഇടിച്ചുവീണെന്നും പിന്നീട് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാര്‍ പറയുന്നത്. മറ്റൊരാള്‍ കൂടി കാറിലുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജന്റെ (59) മരണത്തിന് ഇടയാക്കിയ വാഹനം അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാലിന് കൈമാറിയിക്കുകയാണ്. സംഭവദിവസം മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് സ്റ്റേഷനില്‍ നിന്ന് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടിലേയ്ക്ക് പോയത്.

ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് സമീപം വാഹനമിടിച്ച നിലയില്‍ രാജനെ കണ്ടെത്തുന്നത്. അപകടമുണ്ടാക്കി നിര്‍ത്താതെ പോയ എസ്എച്ച്ഒയുടെ ഗുരുതര അനാസ്ഥയില്‍ ഒരു മണിക്കൂറോളം റോഡില്‍ കിടന്നാണ് രാജന്റെ ദാരുണാന്ത്യം. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേയ്ക്കും ചോരവാര്‍ന്ന് മരണം സംഭവിച്ചിരുന്നു. അതേ സമയം രക്തം വാര്‍ന്ന റോഡില്‍ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്ന് രാജന്റെ സഹോദരി പ്രതികരിച്ചു. നീതിവേണമെന്നും, പാവങ്ങളായതുകൊണ്ട് പൊലീസ് അവഗണിക്കുന്നുവെന്നും രാജന്റെ സഹോദരി ബേബി കൂട്ടിച്ചേര്‍ത്തു.

അനില്‍കുമാറിനെതിരായി കുറ്റം തെളിഞ്ഞാല്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉന്നതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമിതവേഗത്തില്‍ വാഹനം അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. അപകടശേഷം വാഹനം വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി അറ്റകുറ്റപണി ചെയ്തതായായി വിവരം ലഭിച്ചിരുന്നു. വാഹനമിടിച്ച ശേഷം രാജന്‍ റോഡില്‍ ചോരവാര്‍ന്ന് ഒരു മണിക്കൂറോളം കിടന്നു. ആറ് മണിയോടെയാണ് നാട്ടുകാര്‍ രാജനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇടിച്ചയുടന്‍ അനില്‍കുമാര്‍ നിര്‍ത്തി രാജനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.