തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുമ്പോള്‍ കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാന്‍ കഴിയാത്തവിധം തികഞ്ഞ മൗനത്തിലായിരുന്നു ഗ്രീഷ്മ വിധി കേട്ടത്. വിധി പ്രസ്താവം തുടങ്ങിയപ്പോള്‍ ഗ്രീഷ്മയുടെ കണ്ണുകള്‍ നനഞ്ഞെങ്കിലും പിന്നീട് നിര്‍വികാരയായി മാറി. വിധി പ്രസ്താവം കഴിഞ്ഞിട്ടും പ്രതികരണമില്ലാതെ ഗ്രീഷ്മ കോടതി മുറിയില്‍ നിന്നു. എന്നാല്‍ മകന്റെ മരണത്തില്‍ ഒടുവില്‍ നീതി ലഭിച്ചപ്പോള്‍ ആ അമ്മയും അച്ഛനും കുടുംബവും കോടതിയില്‍ പൊട്ടികരഞ്ഞു.

വിധികേള്‍ക്കാനായി ഇന്ന് ഷാരോണിന്റെ കുടുംബം കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവുമാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണെന്നും ആന്തരിക അവയവങ്ങള്‍ ഒക്കെ അഴുകിയ നിലയിലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സമര്‍ത്ഥമായ കൊലപാതകമാണ് നടന്നതെന്നും വിധിപ്രസ്താവത്തില്‍ ചൂണ്ടികാട്ടിയിരുന്നു. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്ന് നിയമം ഒന്നുമില്ലെന്നും നിരീക്ഷിച്ചാണ് 48 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്.

ഷാരോണ്‍ വധക്കേസില്‍ പ്രതിയുടെ പ്രായം കണക്കില്‍ എടുക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധിപറഞ്ഞത്. കോടതിക്ക് പ്രതിയുടെ പ്രായം മാത്രം കണ്ടാല്‍ പോരാ. അതുകൊണ്ടാണ് ഷാരോണിന്റെ കുടുംബത്തെ കോടതിക്ക് അകത്തേക്ക് വിളിച്ചത്. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. പതിനൊന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും ഇറങ്ങാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. എന്നിട്ടും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. പക്ഷേ മരിച്ചിട്ടും ഷാരോണിനെ വ്യക്തിഹത്യ ചെയ്യാനാണ് ഗ്രീഷ്മ ശ്രമിച്ചത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വിധിപ്രസ്താവത്തില്‍ ചൂണ്ടികാട്ടി.

ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്ന് നിയമം ഒന്നുമില്ല. ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാന്‍ സാധിക്കില്ല. കാരണം ഗ്രീഷ്മ നേരത്തെയും വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ആദ്യം ജ്യൂസ് ചലഞ്ച് പിന്നീട് കൊലപാതകം.

ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ല. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ 11 ദിവസം ഷാരോണ്‍ കിടന്നു. ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കിലും ഷാരോണ്‍ വിശേഷിപ്പിച്ചതെന്നും വിധിന്യായം വായിക്കവെ കോടതി പറഞ്ഞു.

ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസില്‍ നിന്ന് വഴി തിരിച്ചുവിടാനാണെന്നും കോടതി നിരീക്ഷിച്ചു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ നടത്തിയത് വ്യാജ ആത്മഹത്യാശ്രമമാണ്. ലൈസോള്‍ കുടിച്ചാല്‍ മരിക്കില്ലെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു. ഇത് സമര്‍ത്ഥമായ കൊലപാതകമാണെന്നും കോടതി വ്യക്തമാക്കി.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിര്‍മ്മലകുമാരന്‍ നായര്‍ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25 ന് മരണം സംഭവിച്ചു.

വിധിപ്രസ്താവത്തില്‍ കോടതി നിരീക്ഷണം

കേരള പോലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. പോലീസ് അന്വേഷണം അതില്‍ സമര്‍ത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതല്‍ തനിക്ക് എതിരായ തെളിവുകള്‍ താന്‍ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നല്‍കിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാന്‍ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാല്‍ പോരാ. മറ്റു കുറ്റകൃത്യത്തില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു.

ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ല. അതേ സമയം സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോണ്‍ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.

11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാന്‍ ആകാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോണ്‍ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബര്‍ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൊലപ്പെടുത്താന്‍ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നുവെന്നും വിധിന്യായത്തില്‍ കോടതി പറയുന്നു.