തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയുള്ള കോടതി വിധിക്ക് പിന്നാലെ വിങ്ങിപ്പൊട്ടി ഷാരോണിന്റെ മാതാപിതാക്കള്‍. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛന്‍ ജയരാജും പ്രതികരിച്ചു. എന്റെ പൊന്നു ജീവനെയാണ് അവള്‍ കൊന്നുകളഞ്ഞത്. ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ കൊടുക്കണം', നിറകണ്ണുകളോടെ ഷാരോണിന്റെ അമ്മ പ്രതികരിച്ചു.

പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂര്‍ണമായും നീതി കിട്ടിയില്ല. അമ്മയെ വിട്ടയച്ചതിനെതിരെ നാളത്തെ ശിക്ഷാ വിധി വന്നശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും വിങ്ങിപ്പൊട്ടികൊണ്ട് ഷാരോണിന്റെ അമ്മ പ്രിയ ചോദിച്ചു. ഗ്രീഷ്മയുടെ അമ്മയും കൂടി ചേര്‍ന്നല്ലേ എല്ലാം ചെയ്തത്. അവരെ വെറുതെ വിടരുതായിരുന്നു. ഗ്രീഷ്മയ്ക്കും അമ്മയ്ക്കും അമ്മാവനും ശിക്ഷ നല്‍കണമായിരുന്നെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.

ഷാരോണ്‍ വധക്കേസില്‍ ഇന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വിധി പറയാന്‍ ഇരിക്കെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആ ആ മാതാപിതാക്കള്‍. ഗ്രീഷ്മക്കും കൂട്ടുപ്രതികള്‍ക്കും നാളെ അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഗ്രീഷ്മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്, അതുകൊണ്ടാണ് മജിസ്ട്രേറ്റിനോട് മരണക്കിടക്കിയില്‍ കിടക്കുമ്പോഴും പേര് പോലും പറയാത്തതെന്നും അച്ഛന്‍ ജയരാജ് പറഞ്ഞു.

ഗ്രീഷ്മയെ കുറ്റക്കാരിയായി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അമ്മയെ വെറുതെ വിടാന്‍ പാടില്ലായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി. മൂന്ന് പേര്‍ക്കും ശിക്ഷ കൊടുക്കണമായിരുന്നു.ഗ്രീഷ്മയെ കുറ്റക്കാരിയായി കണ്ടെത്തിയ വിധിയില്‍ സംതൃപ്തിയുണ്ട്. എന്നാല്‍ അമ്മയെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്. നാളത്തെ വിധിക്ക് ശേഷം അപ്പീല്‍ പോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പരമാവധി ശിക്ഷ തന്നെ കിട്ടണം. മാദ്ധ്യമങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാരും എല്ലാം പിന്തുണച്ചു.'- ഷാരോണിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീറാണ് കേസില്‍ വിധി പറഞ്ഞത്. 302, 328, 364, 201 വകുപ്പുകള്‍ പ്രകാരം ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ വെറുതെവിട്ടു. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കലാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഏഴ് വര്‍ഷം വരെ തടവുലഭിക്കുന്ന കുറ്റമാണിത്. വിധിന്യായത്തില്‍ തൃപ്തരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.2022 ഒക്ടോബര്‍ 14 ന് കാമുകനായ ഷാരോണ്‍ രാജിനെ തന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കിയെന്നാണ് കേസ്. മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ ചികിത്സയിലിരിക്കെ പതിനൊന്നാം ദിവസമാണ് ഷാരോണ്‍ രാജ് മരിച്ചത്.