- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചിലര്‍ കല്ലെടുത്തറിയാന്‍ ഉപദേശിച്ചെങ്കിലും ഹാള്‍ടിക്കറ്റുമായി ദൂരേക്ക് പറന്നുപോയാലോ എന്ന ചിന്ത കാരണം അതു ചെയ്തില്ല; യാചനയോടെ ആ യുവതി തൊഴു കൈയ്യുമായി കാത്തു നിന്നു; പരീക്ഷയ്ക്ക് അവസാന ബെല്ലടിക്കും മുമ്പ് ഹാള്‍ ടിക്കറ്റ് തിരികെ നല്കി പറന്നകന്നു; അശ്വതിയുടെ പ്രമോഷന് തട്ടിയെക്കാന്‍ ആഗ്രഹിക്കാത്ത പക്ഷി സ്നേഹം; കാസര്‍കോട്ടെ 'വില്ലന്‍ പരുന്ത്' ക്ലൈമാക്‌സില്‍ നായകനായപ്പോള്‍
കാസര്‍കോട്: ജപ്തി ചെയ്ത കടയുടെ കണ്ണാടി വാതിലിനുള്ളില്‍ കുടുങ്ങിയ അങ്ങാടിക്കുരുവിയെ തുറന്നു വിടാന്‍ ജില്ലാ ജഡ്ജി എത്തി. ആ കുരുവി ആകാശത്തേക്ക് പാറി പോയത് മനുഷ്യ സ്‌നേഹത്തിന്റെ കരുതലായി. ഇതിനൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കണ്ണീരിന് മുന്നില്‍ കീഴടങ്ങിയ പരുന്തിന്റെ സ്‌നേഹവും ചര്‍ച്ചകളിലേക്ക്. കാസര്‍കോടാണ് പരുന്ത് വില്ലനായത്. പക്ഷേ കഥയുടെ ക്ലൈമാക്‌സില്‍ നായക റോളിലുമെത്തി.
വകുപ്പുതല പരീക്ഷയെഴുതാന്‍ എത്തിയ ഉദ്യോഗസ്ഥയെയാണ് പരുന്ത് വലച്ചത്. പക്ഷേ ആ യുവതിയുടെ കണ്ണീരിന്റെ വില പരുന്തും അറിഞ്ഞു. സ്ഥാനക്കയറ്റത്തിനുള്ള വകുപ്പുതല പരീക്ഷാകേന്ദ്രമായ കാസര്‍കോട് ടൗണ്‍ ഗവ. യു.പി സ്‌കൂളില്‍ രാവിലെ ഏഴോടെയായിരുന്നു പരുന്തിന്റെ മോഷണം. ഏഴരയ്ക്കായിരുന്നു പരീക്ഷ. യുവതി ഹാള്‍ടിക്കറ്റും കൈയില്‍ പിടിച്ച് ഹാളിലേക്ക് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അത് തട്ടിയെടുത്ത് പരുന്ത് പറന്നത്. സങ്കടപ്പെട്ട് പരുന്തിനെയും നോക്കിയിരിപ്പായി യുവതി. ഹാള്‍ ടിക്കറ്റില്ലാതെ പരീക്ഷ എഴുതുക അസാധ്യം. ആര്‍ക്കും സഹായിക്കാന്‍ കഴിയാത്ത അവസ്ഥ.
പല ശ്രമങ്ങളും നടത്തിയിട്ടും പരുന്ത് ഹാള്‍ടിക്കറ്റിന്റെ പിടിവിട്ടില്ല. പരീക്ഷതുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കും വരെ നാടകീയത തുടര്‍ന്നു. ആ സമയം പരുന്ത് സ്‌കൂള്‍ ഓഫീസ് ജനലിന് മുകളില്‍ വന്നിരുന്നു. കാലൊന്നനക്കി. ഹാള്‍ടിക്കറ്റ് താഴേക്ക്. യുവതിയുടെ കൈയ്യില്‍ ഹാള്‍ടിക്കറ്റ് വീണ്ടും എത്തി. അങ്ങനെ അവര്‍ പരീക്ഷ എഴുതി മടങ്ങി. പരീക്ഷ എങ്ങനെ എഴുതുമെന്നു കരുതി വിഷമിച്ചിരുന്ന പരീക്ഷാര്‍ത്ഥിയുടെ മുന്നിലേക്ക് ബെല്ലടിക്കുന്നതിന് തൊട്ടുമുന്നേയാണ് പരുന്ത് ഹാള്‍ ടിക്കറ്റ് ഇട്ടത് എന്നത് കണ്ടു നിന്നവര്‍ക്ക് കൗതുക കാഴ്ചയായി. സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ വീഡിയോ വൈറലായിട്ടുണ്ട്.
300 ഓളം പേര്‍ പരീക്ഷക്കായി എത്തിയിരുന്നു. ഇവര്‍ ബഹളം വെച്ചിട്ടും പരുന്തിന് കുലുക്കമുണ്ടായിരുന്നില്ല. എന്നാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന പരീക്ഷാര്‍ത്ഥിയുടെ വിഷമം കണ്ടിട്ടാകണം പരുന്തിന്റെ സ്‌നേഹപ്രകടനം എന്നാണ് വിലയിരുത്തല്‍. അവസാന ബെല്ലിന് തൊട്ടു മുന്നേ ഹാള്‍ ടിക്കറ്റ് താഴേക്ക് ഇട്ട് പരുന്ത് പറന്നു പോയി. സ്‌കൂളില്‍ സ്ഥിരതാമസമാക്കിയ പരുന്ത് മുമ്പ് കുട്ടികളുടെ പേനയും മറ്റും റാഞ്ചിയിട്ടുണ്ട്. കുറേസമയം കഴിയുമ്പോള്‍ താഴേക്കിടും. കുട്ടികളുടെയും അധ്യാപകരുടെയും ഉറ്റചങ്ങാതിയാണ് പരുന്ത്. അവരുടെ കൈത്തണ്ടയിലടക്കം വന്നിരിക്കും. ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടികളും അധ്യാപകരും പറയുന്നു.
രാവിലെ 7.30 മണിക്കാണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ നടക്കേണ്ടിയിരുന്നത്. ഏഴുമണിക്ക് തന്നെ പരീക്ഷാര്‍ത്ഥികള്‍ ക്ലാസ്സുകളില്‍ എത്തിയിരുന്നു. ഇതിനിടയിലാണ് പരുന്ത് പരീക്ഷാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റ് കൊത്തി കൊണ്ട് പോയത്. റാഞ്ചിയെടുത്ത ഹാള്‍ടിക്കറ്റുമായി പരുന്ത് പരീഷാഹാളിന് മുകളിലെ ജന്നാലയില്‍ ഇരിപ്പുറപ്പിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ ബഹളം കൂട്ടിയെങ്കിലും പരുന്തിന് ഒരു കുലുക്കവും ഇല്ല. പരീക്ഷ സമയം അടുത്തതോടെ ഉദ്യോഗാര്‍ഥികളില്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. പരീക്ഷ നടത്താനെത്തിയവരും.
എന്തുചെയ്യണമെന്നറിയാതെ ഹാള്‍ടിക്കറ്റിന്റെ ഉടമയായ ഉദ്യോഗാര്‍ഥിയും ഒപ്പം ചില സുഹൃത്തുക്കളും താഴെ. ചിലര്‍ കല്ലെടുത്തറിയാന്‍ ഉപദേശിച്ചെങ്കിലും ഹാള്‍ടിക്കറ്റുമായി പരുന്ത് ദൂരേക്ക് എങ്ങാനും പറന്നുപോയാലോ എന്ന ചിന്ത കാരണം അതു ചെയ്തില്ല. അവസാന ബെല്ലടിക്കുന്നതിന് തൊട്ടു മുമ്പ്, പരുന്ത് ഹാള്‍ടിക്കറ്റ് താഴെയിട്ട് വന്നേ വഴിയേ പറന്നു എന്നിടത്താണ് കൗതുകം. ദൈവത്തിന് നന്ദി പറഞ്ഞ് ഒരു ദീര്‍ഘ നിശ്വാസത്തോടെ മുകളില്‍ നിന്ന് പറന്നുവീണ ഹാള്‍ടിക്കറ്റുമായി ഉദ്യോഗാര്‍ഥി പരീക്ഷാഹാളിലേക്കും.
റവന്യു വകുപ്പില്‍ ജോലിചെയ്യുന്ന, നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി അശ്വതിയുടെ പ്രമോഷനാണ് പരുന്ത് പ്രതിസന്ധിയിലാക്കിയത്. വകുപ്പുതല പ്രമോഷനുള്ള ഡിപ്പാര്‍ട്‌മെന്റ് ടെസ്റ്റ് എഴുതാന്‍ കാസര്‍കോട് ഗവ.യുപി സ്‌കൂളിലെ സെന്ററില്‍ എത്തിയതായിരുന്നു അശ്വതി. രാവിലെ 7.30 മുതല്‍ 9.30 വരെയായിരുന്നു പരീക്ഷ. ബാഗ് സ്‌ട്രോങ്‌റൂമില്‍ വച്ച് പുറത്തിറങ്ങിയപ്പോഴാണ് കയ്യിലിരുന്ന ഹാള്‍ടിക്കറ്റ് പരുന്ത് റാഞ്ചിയത്.