പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജും സിപിഎം ജില്ലാ കമ്മറ്റിയംഗം അഡ്വ. ടി. സക്കീർ ഹുസൈൻ ചെയർമാനായ പത്തനംതിട്ട നഗരസഭ ഭരണ സമിതിയും തമ്മിലുള്ള ശീതസമരം നിലവിടുന്നു. ഇരുകൂട്ടരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഒടുവിൽ ജനറൽ ആശുപത്രിയുടെ ചുമതല മാറ്റുന്നതിൽ വരെ എത്തിച്ചേർന്നു.

ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല നഗരസഭയിൽ നിന്ന് എടുത്തു മാറ്റി ജില്ലാ പഞ്ചായത്തിന് നൽകിയ ആരോഗ്യ വകുപ്പിന്റെ നടപടി വിവാദത്തിലായി. ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരേ നഗരസഭയിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. ആരോഗ്യവകുപ്പിന്റെ ചട്ടം മറികടന്നുള്ള പ്രവൃത്തിക്കെതിരേ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി. മന്ത്രിക്കെതിരേ കടുത്ത വിമർശനം യോഗത്തിലുയർന്നു.

കോന്നി മെഡിക്കൽ കോളജിന്റെ ബേസ് ആശുപത്രി എന്ന പേരിലാണ് ജനറൽ ആശുപത്രി ചട്ടം മറികടന്ന് ജില്ലാ പഞ്ചായത്തിന് കൈമാറിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിൽ ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് വരുന്നത്. നഗരസഭയ്ക്ക് ജില്ലാ പഞ്ചായത്തുമായി യാതൊരു ബന്ധവുമില്ല. രണ്ടും വ്യത്യസ്തമായ തദ്ദേശസ്ഥാപനങ്ങളാണ്. ദൈനംദിന നടത്തിപ്പിനും സുഗമമായ ഭരണ നിർവഹണത്തിനും വെള്ളം, വൈദ്യുതി എന്നിവയ്ക്ക് വേണ്ട വലിയ തുക ചെലവഴിക്കേണ്ടതായുള്ള ഫണ്ട് സമാഹരണത്തിനുമായിട്ടാണ് ഭരണ ചുമതല മാറ്റിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് നടപടി.

കോന്നി മെഡിക്കൽ കോളജിന്റെ ബേസ് ആശുപത്രിയാണ് ഇത്. ആർദ്രം മാനദണ്ഡ പ്രകാരം ഇത് ജില്ലാ ആശുപത്രിയായിട്ടാണ് കണക്കാക്കുന്നത് എന്നും പറയുന്നു. വൻതുകയാണ് ഇവിടെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും കുടിശിക. അവശ്യ സർവീസ് ആയതു കൊണ്ട് വെള്ളവും വൈദ്യുതിയും വിഛേദിക്കാനും കഴിയില്ല. എന്നാൽ, ഈ പറയുന്ന കാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ അഭിപ്രായം ഉയർന്നു.

പിണറായി സർക്കാർ 2017 ലാണ് ജനറൽ ആശുപത്രികൾ അതാത് നഗരസഭകൾക്ക് കൊടുത്തത്. അന്ന് നിലവിലുണ്ടായിരുന്ന വെള്ളക്കരവും വൈദ്യുതി കുടിശികയുമാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഇക്കാര്യം മറച്ചു വച്ചാണ് നഗരസഭയ്ക്ക് വെള്ളക്കരവും കുടിശികയും താങ്ങാൻ കഴിയില്ലെന്ന് പറയുന്നത്. മാത്രവുമല്ല, ഇതേ രീതിയിൽ നഗരസഭയുടെ കീഴിലുള്ള ജനറൽ ആശുപത്രികൾ സംസ്ഥാന വ്യാപകമായി ജില്ലാ പഞ്ചായത്തുകൾക്ക് കൈമാറുമെന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ, ജില്ലയിൽ തന്നെയുള്ള അടൂർ ജനറൽ ആശുപത്രിയുടെ നടത്തിപ്പ് ചുമതല അടൂർ നഗരസഭയ്ക്കാണ്.

നഗരസഭ ചെയർമാന്റെ കർശനമായ മേൽനോട്ടത്തിലാണ് ജനറൽ ആശുപത്രിയുടെ പ്രവർത്തനം നടന്നിരുന്നത്. സർക്കാരിൽ നിന്നല്ലാതെ പുറമേ നിന്ന് മരുന്ന് വാങ്ങുന്നത് ചെയർമാൻ നിയന്ത്രണം കൊണ്ടു വന്നു. സുതാര്യമല്ലാത്ത ബില്ലുകൾ ഒന്നും തന്നെ മാറിക്കൊടുത്തിരുന്നില്ല. ഇതിന് പുറമേ ജനറൽ ആശുപത്രിയിൽ ഓ.പി ബ്ലോക്ക് അടക്കം പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ ചിലർക്ക് കമ്മിഷൻ ലഭിക്കാതെ വന്നതും ചുമതല മാറ്റത്തിന് കാരണമായെന്ന് പറയപ്പെടുന്നു. കെട്ടിട നിർമ്മാണത്തിന്റെ പേരിൽ ആശുപത്രിയുടെ പ്രവേശന കവാടം മാറ്റിയത് ചില സ്‌കാനിങ് സെന്ററുകാർക്ക് വേണ്ടിയാണെന്നുള്ള ആരോപണവും നിലനിൽക്കുന്നതിനിടെയാണ് ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാ ആശുപത്രിക്ക് കൈമാറിയിരിക്കുന്നത്.

നഗരസഭയിൽ നിന്ന് ഭരണച്ചുമതല മാറ്റിയ നടപടിയിൽ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാൽ, സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് പ്രതികരിക്കാൻ കഴിയുന്നില്ല. അതേ സമയം, എൽഡിഎഫിലെ ഘടക കക്ഷിയായ കേരളാ കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയും ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ജെറി അലക്സ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയാണ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് അടക്കം സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോൾ ഓപി ബ്ലോക്ക് പുതുക്കി പണിയുകയാണ്.

പുതിയ ഉത്തരവ് വന്നതോടെ ആശുപത്രി മാനേജ്മെന്റ് കമ്മറ്റി നിയമിച്ച താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയുമുണ്ട്. നിലവിലുള്ള മാനേജിങ് കമ്മറ്റി പിരിച്ചു വിട്ട് പുതിയത് രൂപീകരിക്കും. ചെയർമാനും മന്ത്രിയും തമ്മിലുള്ള ശീത സമരത്തിന്റെ പേരിൽ ആശുപത്രിയുടെ ഭരണച്ചുമതല മാറ്റരുതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടിയും ആവശ്യപ്പെട്ടു.