കണ്ണൂര്‍ : പയ്യന്നൂര്‍ സി.പി എമ്മില്‍ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി. ഐ മധുസൂദനന്‍ എം.എല്‍.എയ്‌ക്കെതിരെ ഒരു പ്രമുഖ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ രക്തസാക്ഷി ഫണ്ടുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ആരോപിച്ചതോടെയാണ് പയ്യന്നൂരിലെ സ്ഥിതിഗതികള്‍ വഷളായത്. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണന്റെ ആത്മകഥാംശം നിറഞ്ഞ വെളിപ്പെടുത്തലുമായി ഒരു പുസ്തകം ഇറങ്ങാനിരിക്കുന്നതും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പുകഞ്ഞ കൊള്ളി പുറത്തെന്ന ലൈനില്‍ ജനകീയ അംഗീകാരമുള്ള നേതാവായ വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള നീക്കങ്ങളാണ് ജില്ലാ നേതൃത്വം നടത്തുന്നത്. ഇതിന് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം.

കുഞ്ഞികൃഷ്ണന്‍ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ ആണെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ പ്രതികരണം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ പാര്‍ട്ടി തള്ളി കളയുന്നുവെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചത്. ബഹുജന മധ്യത്തില്‍ ഇകഴ്ത്തുന്ന ആരോപണങ്ങള്‍ എതിരാളികള്‍ക്ക് ആയുധം നല്‍കുമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം എംഎല്‍എയായ ടി.ഐ മധുസൂദനനും മറ്റു നേതാക്കളും തിരിമറി നടത്തിയെന്ന ഗൗരവകരമായ വെളിപ്പെടുത്തലുമായാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ രംഗത്തുവന്നത്. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചെലവഴിച്ചതില്‍ കൃത്രിമം നടത്തിയെന്നതാണ് പ്രശ്‌നമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 'എന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധന്‍രാജ് രക്തസാക്ഷി ഫണ്ടല്ല. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ആ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.'

2017 ഡിസംബര്‍ 8,9 തീയതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021 വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് താന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവില്‍ 10ലക്ഷത്തിലേറെ തുക ചെലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്'. വീട് നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആ കമ്മിറ്റി കണക്ക് അംഗീകരിച്ചില്ല. മുപ്പത്തിനാലേകാല്‍ ലക്ഷം രൂപ വീട് നിര്‍മാണത്തിന് ചെലവായെന്നായിരുന്നു കണക്ക്. വീട് നിര്‍മിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ സന്നദ്ധസഹായങ്ങളും ഉണ്ടായിരുന്നു. അങ്ങനെ സഹായങ്ങള്‍ നല്‍കിയാല്‍ വീടുപണിക്ക് പണം കൂടുതല്‍ വരില്ലെന്നായിരുന്നു ഉദ്ദേശം. 34 ലക്ഷം രൂപയുടെ ചെക്കാണ് നല്‍കിയിരുന്നത്. ഈ ചെക്ക് പരിശോധിച്ചപ്പോള്‍ ഇരുപത്തിയൊന്‍പതേ കാല്‍ ലക്ഷം രൂപ കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്കും അഞ്ചുലക്ഷം അന്നത്തെ ഏരിയാ സെക്രട്ടറി കെപി മധുവിന്റെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തി. ഒരിനവും സൂചിപ്പിക്കാതെ രണ്ടു ലക്ഷം രൂപയുടെ കണക്കും കാണിച്ചിരുന്നു. ചെക്ക് പരിശോധിച്ചപ്പോള്‍ ഈ രണ്ടുലക്ഷം ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. പാര്‍ട്ടി ഏരിയാ കമ്മിറ്റിയുടെ കെട്ടിട നിര്‍മാണത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ കെട്ടിടപണിക്ക് ഈ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലായിരുന്നു. അതിനുള്ള ഫണ്ട് അവിടെയുണ്ടായിരുന്നു. ധന്‍രാജിന്റെ കടബാധ്യത നിലനില്‍ക്കുമ്പോഴാണ് 40 ലക്ഷം രൂപ കാണാതായതെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ധന്‍രാജിന്റെ കടബാധ്യത പാര്‍ട്ടി അടച്ചുതീര്‍ത്തുവെന്നും വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി

ഇതിന്റെ തെളിവ് അടക്കം പാര്‍ട്ടിക്ക് മുന്നില്‍ വെച്ചു. എന്നാല്‍ നടപടിയെടുക്കാതെ തട്ടിപ്പ് മൂടിവെക്കുകയാണ് ചെയ്തത്. ഇ പി ജയരാജന്റെ നധികൃത ഇടപാടുകളെ കുറിച്ച് താന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ താനുന്നയിച്ച ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം പരിശോധിച്ചില്ല. പകരം തന്നെ ശാസിച്ച് നിശബ്ദനാക്കാന്‍ നോക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പൊരുതി തോറ്റിട്ടാണ് അണികളോടുള്ള തന്റെ തുറന്നുപറച്ചില്‍ നടത്തുന്നത്. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടേ. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെളിവടക്കം കൈമാറിയെങ്കിലും കാര്യമുണ്ടായില്ലെന്നും വി .കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരില്‍ പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താനുള്ള നീക്കവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാര വാര്‍ഡില്‍ നിന്നും സി.പി.എം വിമതനായി മത്സരിച്ച വൈശാഖിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും വൈശാഖിന് തെരഞ്ഞെടുപ്പില്‍ പിന്‍തുണ നല്‍കിയ കെ.വി രാമചന്ദ്രനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 458 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈശാഖ് ഇവിടെ ജയിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ ടി. ഐ.മധുസൂദനന്‍ തന്നെ മത്സരിക്കുന്നത് മേഖലയില്‍ പാര്‍ട്ടി അണികള്‍ക്കിടെയിലും അംഗങ്ങള്‍ക്കിടയിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതു സി.പി.എം ജില്ലാ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന

ഒരു മാധ്യമത്തിന് വി.കുഞ്ഞികൃഷ്ണന്‍ നല്‍കിയ അഭിമുഖം തികച്ചും വാസ്തവ വിരുദ്ധമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്. 2021 ല്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും, കമ്മീഷന്റെ റിപ്പോര്‍ട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ചില സംഘടന നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചതുമാണ്.

പാര്‍ട്ടി ജില്ലാ കമ്മിറ്റിയും, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തില്‍ അന്വേഷിച്ച് അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഈ ചര്‍ച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ പുതിയ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങള്‍ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായി വരുന്ന നിലയുമുണ്ടായി. ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ അന്വേഷിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമാണ്.

8 മാസങ്ങള്‍ക്ക് മുമ്പ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ എനിക്ക് തെറ്റുപറ്റിയെന്ന് വി കുഞ്ഞികൃഷ്ണന്‍ തുറന്ന് പറഞ്ഞതുമാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക യോഗങ്ങളിലും പരിപാടികളിലും വി. കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തി. പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണന്റെ ഈ നടപടി പാര്‍ട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിയില്‍ അതത് കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന രീതി അനുസരിച്ച് ചര്‍ച്ച ചെയ്യുകയും ആവശ്യമായ സംഘടന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്റെ പവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ട്ടി തള്ളിക്കളയുന്നു.