- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഎസില്‍ സര്‍ക്കാരിന് കൂടുതല്‍ വിഹിതം അടയ്ക്കണം; ഓഹരിയിലെ ചാഞ്ചാട്ടത്തില്‍ പുതിയ പദ്ധതിയെ എതിര്‍ക്കും; പെന്‍ഷനില്‍ കേരളം ഇരുട്ടില്‍ തന്നെ
ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കില്ല. പഴയ പെന്‍ഷന്‍ പദ്ധതിയുടെ (ഒപിഎസ്) പല ആനുകൂല്യങ്ങളും ഒഴിവാക്കി മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയോടും (യുപിഎസ്) എതിര്‍പ്പ് ശക്തമാകുന്നുവെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം. പഴയ പെന്‍ഷന്‍ പദ്ധതിയുമായി യുപിഎസിനെ താരതമ്യം ചെയ്യുന്നതും അത് നടപ്പിലാക്കാതിരിക്കാനാണ്. പങ്കാളിത്തപെന്‍ഷന്‍ (എന്‍.പി.എസ്.) പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച കേരളസര്‍ക്കാര്‍ കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത പെന്‍ഷന്‍പദ്ധതിയെ കുറിച്ച് പഠിക്കും. കേരളത്തില്‍ എന്‍.പി.എസ്. പിന്‍വലിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അതുപഠിക്കാന്‍ നിയോഗിച്ച ഉന്നതതലസമിതി ഇനിയും […]
ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കില്ല. പഴയ പെന്‍ഷന്‍ പദ്ധതിയുടെ (ഒപിഎസ്) പല ആനുകൂല്യങ്ങളും ഒഴിവാക്കി മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയോടും (യുപിഎസ്) എതിര്‍പ്പ് ശക്തമാകുന്നുവെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം. പഴയ പെന്‍ഷന്‍ പദ്ധതിയുമായി യുപിഎസിനെ താരതമ്യം ചെയ്യുന്നതും അത് നടപ്പിലാക്കാതിരിക്കാനാണ്.
പങ്കാളിത്തപെന്‍ഷന്‍ (എന്‍.പി.എസ്.) പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച കേരളസര്‍ക്കാര്‍ കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത പെന്‍ഷന്‍പദ്ധതിയെ കുറിച്ച് പഠിക്കും. കേരളത്തില്‍ എന്‍.പി.എസ്. പിന്‍വലിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അതുപഠിക്കാന്‍ നിയോഗിച്ച ഉന്നതതലസമിതി ഇനിയും യോഗം ചേര്‍ന്നിട്ടില്ല. ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സമിതി. യു.പി.എസ്. സ്വീകരിക്കാനാവുമോ എന്ന് സമിതി പഠിക്കും. പക്ഷേ അതു വേണ്ടെന്നാണ് സിപിഎമ്മിലെ നിലപാട്.
യു.പി.എസ്. സ്വീകരിച്ചാല്‍ സംസ്ഥാനസര്‍ക്കാരിന്റെ ബാധ്യത കൂടും. 18.5 ശതമാനമാണ് കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയില്‍ അടയ്‌ക്കേണ്ട വിഹിതം. നിലവില്‍ എന്‍.പി.എസില്‍ കേന്ദ്രം അടയ്ക്കുന്നത് 14 ശതമാനം; ജീവനക്കാര്‍ പത്തുശതമാനവും. സംസ്ഥാനത്തെ എന്‍.പി.എസില്‍ സര്‍ക്കാര്‍വിഹിതം 10 ശതമാനം മാത്രവും. ഇത് 14 ശതമാനമാക്കണമെന്ന് എന്‍.പി.എസിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ശുപാര്‍ശചെയ്തിട്ടും സാമ്പത്തികബാധ്യത കാരണം അതിനുതയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ യുപിഎസ് കേരളത്തിന് വലിയ ബാധ്യതയാകും.
നിലവിലെ ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് (എന്‍പിഎസ്) സമാനമായി പങ്കാളിത്ത സ്വഭാവത്തിലുള്ളതാണ് യുപിഎസും. ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനം യുപിഎസ് നിധിയിലേക്ക് പിടിക്കും. ജീവനക്കാരുടെ വിഹിതവും സര്‍ക്കാരിന്റെ 18.5 ശതമാനം വിഹിതവും ഉള്‍പ്പെടുന്ന യുപിഎസ് നിധിയിലെ പണം അപ്പാടെയും ഓഹരി വിപണിയിലാണ് നിക്ഷേപിക്കുന്നത്. എന്‍പിഎസിന് സമാനമായി യുപിഎസും വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. പത്ത് ലക്ഷം കോടി രൂപയാണ് നിലവില്‍ എന്‍പിഎസ് നിധിയിലുള്ളത്. ഇത് ഓഹരി വിപണിയില്‍ നിക്ഷേപിക്കപ്പെടുകവഴി കോര്‍പ്പറേറ്റുകള്‍ക്കാണ് നേട്ടം. ഓഹരി വിപണിയെ ഉയര്‍ത്തി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ചില ഭേദഗതികളോടെ യുപിഎസ് അവതരിപ്പിക്കുന്നത്.
ഉറപ്പായ പെന്‍ഷന്‍ എന്നനിലയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച യു.പി.എസ്., എന്‍.പി.എസിനെക്കാള്‍ മികച്ചതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിലെ ആനുകൂല്യങ്ങള്‍ പലതും നേരത്തേ നിലവിലുണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷനില്‍ കിട്ടിക്കൊണ്ടിരുന്നതിന് തുല്യമാണെന്നാണ് പ്രാഥമികവിലയിരുത്തല്‍. ഇതിനിടെയാണ് ഓഹരി വിപണിയുമായുള്ള സിപിഎമ്മിന്റെ താരതമ്യപ്പെടുത്തല്‍. രണ്ടും വിപണിനിക്ഷേപങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും വിരമിക്കുന്ന കാലത്തെ ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കുന്നതിനാല്‍ യു.പി.എസില്‍ വിപണിയിലെ ചാഞ്ചാട്ടം അന്തിമപെന്‍ഷനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. എന്‍.പി.എസില്‍ നിശ്ചിതശതമാനം പെന്‍ഷന്‍ ഉറപ്പാക്കിയിരുന്നില്ല.
പഴയ പെന്‍ഷന്‍ പദ്ധതിയില്‍ അവസാനം വാങ്ങിയ വേതനത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പുവരുത്തിയിരുന്നു. ശമ്പള കമീഷന്‍ ശുപാര്‍ശപ്രകാരം വേതനം പുനഃക്രമീകരിക്കുന്ന ഘട്ടത്തിലെല്ലാം പെന്‍ഷനും വര്‍ധിച്ചിരുന്നു. 80 വയസ്സായാല്‍ പെന്‍ഷനില്‍ 20 ശതമാനം വര്‍ധനവ് പഴയ പദ്ധതിയില്‍ ഉറപ്പാക്കിയിരുന്നു. തുടര്‍ന്നുള്ള ഓരോ അഞ്ചുവര്‍ഷവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കും. ഈ ആനുകൂല്യങ്ങളൊന്നും പുതിയ യുപിഎസില്‍ ഇല്ല. മാത്രമല്ല അവസാനത്തെ 12 മാസം വാങ്ങിയ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി അതിന്റെ 50 ശതമാനം മാത്രമാണ് പെന്‍ഷന്‍ നല്‍കുന്നതെന്ന ചര്‍ച്ചയാണ് സിപിഎം പത്രമായ ദേശാഭിമാനി മുമ്പോട്ട് വയ്ക്കുന്നത്.
50 ശതമാനം പെന്‍ഷന്‍ കിട്ടാന്‍ 25 വര്‍ഷത്തെ കുറഞ്ഞ സര്‍വീസ് നിര്‍ബന്ധം. പഴയ പെന്‍ഷന്‍ പദ്ധതിയില്‍ 10 വര്‍ഷം സര്‍വീസുള്ളവര്‍ക്കും 50 ശതമാനം പെന്‍ഷന്‍ കിട്ടിയിരുന്നു. പഴയ പദ്ധതിയില്‍ പെന്‍ഷന്റെ 40 ശതമാനം തുക മുന്‍കൂറായി കമ്യൂട്ട് ചെയ്യാമായിരുന്നു. 15 വര്‍ഷത്തിനുശേഷം പെന്‍ഷന്റെ കമ്യൂട്ട് ചെയ്യപ്പെട്ട തുക പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടും. ഇത്തരം ആനുകൂല്യങ്ങളൊന്നും പുതിയ പദ്ധതിയില്‍ ഇല്ലെന്നും കുറ്റപ്പെടുത്തുന്നു. എന്നാല്‍ കേരളത്തില്‍ നിലവില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുതിയ ജീവനക്കാര്‍ക്ക് ഇല്ല. അവര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണുള്ളത്. പങ്കാളിത്തത്തിനേക്കാള്‍ നല്ലത് പുതിയ സ്‌കീമാണെന്ന വാദമാണ് പൊതുവില്‍ ഉയരുന്നത്.