തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെയും രണ്ടു വിഭാഗത്തില്‍ പെട്ടവരെന്ന് സൂചന. ക്ഷേമപെന്‍ഷനില്‍ അഞ്ചുവിഭാഗങ്ങളുണ്ട്. വാര്‍ധക്യ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, ഭിന്നശേഷി, വിധവ, അവിവാഹിത പെന്‍ഷന്‍. ഇതില്‍ ഭിന്നശേഷി, വിധവ പെന്‍ഷന് പ്രായപരിധി ബാധകമല്ല. ഇതാകും സര്‍ക്കാര്‍ ജീവനക്കാര്‍ വാങ്ങുന്നതെന്നാണ് സൂചന. വിധവകളുടേയും ഭിന്ന ശേഷിക്കാരുടേയും ഗണത്തിലെ പരിശോധനയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് സൂചന. അതുകൊണ്ടാണ് ജീവനക്കാരുടേ പേര് പുറത്തു വിടാത്തത്. പ്രായപരിധിബാധകമാവാത്ത പെന്‍ഷന്‍ മുന്‍പ് വാങ്ങിയിരുന്നവര്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരപ്പെട്ടശേഷമോ ജോലികിട്ടിയശേഷമോ ഗുണഭോക്തൃപട്ടികയില്‍ തുടര്‍ന്നതാവാം തട്ടിപ്പിലേക്കു നയിച്ചതെന്നാണ് നിഗമനം.

മസ്റ്ററിങ്ങില്‍ തിരിമറി നടത്തിയാണ് ഉദ്യോഗസ്ഥര്‍ പട്ടികയില്‍ കടന്നുകൂടിയത് എന്നാണ് നിഗമനം. ഇതിന് വ്യാജരേഖകള്‍ ഉപയോഗിച്ചോ എന്ന സംശയം ഉണ്ട്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പെന്‍ഷന്‍ പട്ടികയില്‍ കടന്നുകൂടിയതിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണെന്നും ധനവകുപ്പ് വിലയിരുത്തുന്നു. ധാര്‍മികവും നിയമപരവുമായ എല്ലാ സീമകളും ലംഘിച്ച ഈ ഉദ്യോഗസ്ഥര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമായാണ് ധനവകുപ്പ് കാണുന്നത്. ഇതിനാലാണ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അതത് വകുപ്പുകള്‍ നടപടിയെടുക്കണമെന്ന ശുപാര്‍ശ. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും തസ്തികകളും വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കര്‍ശന നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

നടപടിക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരില്‍നിന്ന് ആദ്യം വിശദീകരണം തേടണം. ഉദ്യോഗസ്ഥര്‍ പട്ടികയില്‍ ഇടംപിടിച്ചത് അബദ്ധത്തില്‍ ആണെന്ന് കരുതനാകില്ല. സാമൂഹ്യ പെന്‍ഷന്റെ ഗുണഭോക്താക്കളുടെ മസ്റ്ററിങ് എല്ലാവര്‍ഷവും നടക്കുന്നുണ്ട്. വ്യാജ രേഖകളുടെ സഹായത്തോടെയോ , തെറ്റായ വിവരങ്ങള്‍ നല്‍കിയോ ഇതില്‍ തിരിമറി നടത്തിയാണ് ഇവര്‍ പട്ടികയില്‍ കടന്നുകൂടിയത്. അതേസമയം, നടപടി എടുക്കാനുള്ള ചുമതല വകുപ്പുകള്‍ക്ക് വിടുമ്പോള്‍ നടപടി വകുപ്പ് തലത്തില്‍ മാത്രം ഒതുങ്ങാന്‍ സാധ്യത ഏറെയാണ്. തട്ടിപ്പിന് വ്യജരേഖകള്‍ ഉപയോഗിച്ചോ എന്നതില്‍ ഉള്‍പ്പടെ വകുപ്പുകള്‍ക്ക് പരിശോധന നടത്താനാകില്ല. ഇക്കാര്യത്തില്‍ വിജിലന്‍സോ, പൊലീസോ ആണ് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. സാങ്കേതിക പിഴവുമൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മുഴുവന്‍ പട്ടികയും കണ്ടാല്‍ ഞെട്ടുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്‍ഷന്‍ അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണ്. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് ക്ഷേമപെന്‍ഷന് യോഗ്യതയില്ലെന്നിരിക്കെ, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് കൈപ്പറ്റുന്നതായി കണ്ടെത്തിയതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. പെന്‍ഷന്‍ പട്ടിക കൈകാര്യംചെയ്യുന്ന സേവന സോഫ്റ്റ്വേറിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്വേറായ സ്പാര്‍ക്കിലെയും വിവരങ്ങള്‍ താരതമ്യംചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസര്‍മാരും മൂന്നു ഹയര്‍ സെക്കന്‍ഡറി അധ്യാപകരുമൊക്കെ പെന്‍ഷന്‍ വാങ്ങിയവരില്‍ ഉള്‍പ്പെടും. പട്ടികയിലുള്ള ഭൂരിപക്ഷംപേരും സര്‍വീസിലുള്ളവരാണ്.

മാസം 1600 രൂപയാണ് നിലവില്‍ ക്ഷേമപെന്‍ഷന്‍. അനര്‍ഹരായ 1458 പേര്‍ക്ക് നല്‍കുമ്പോള്‍ സര്‍ക്കാരിന് മാസം നഷ്ടം 23 ലക്ഷം രൂപയോളമാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശസഹിതം തിരിച്ചുപിടിക്കാനുമാണ് തീരുമാനം. മറ്റ് അച്ചടക്ക നടപടികളും ഉണ്ടായേക്കും. ആരോഗ്യവകുപ്പിലാണ് കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാരുള്ളത്. 373 പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നു. പൊതുവിദ്യാഭ്യാസവകുപ്പില്‍ 224 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഭൂരിപക്ഷവും ലാസ്റ്റ് ഗ്രേഡ്, ക്ലറിക്കല്‍ ജീവനക്കാരാണ്. പഞ്ചായത്തുതലത്തില്‍ ഗുണഭോക്താക്കളെ ചേര്‍ത്തതിലും പ്രശ്‌നമുണ്ടാവും. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

പെന്‍ഷന്‍ മോഷണം: വകുപ്പുതിരിച്ചുള്ള കണക്ക് ഇങ്ങനെ

മെഡിക്കല്‍ വിദ്യാഭ്യാസം: 124

ആയുര്‍വേദം: 114

മൃഗസംരക്ഷണം: 74

പൊതുമരാമത്ത്: 47

സാങ്കേതിക വിദ്യാഭ്യാസം: 46

ഹോമിയോപ്പതി: 41

കൃഷി: 35

റവന്യു: 35

ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്: 34

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്: 31

കോളേജ് വിദ്യാഭ്യാസം: 27

പോലീസ്: 10