- Home
- /
- News
- /
- SPECIAL REPORT
അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇമേജിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ്; എതിര്‍പ്പുമായി നാട്ടുകാര്‍; 47 ലക്ഷം സിഇആര്‍ ഫണ്ട് നല്‍കുന്നത് സിപിഎം നേതാക്കളുടെ സൊസൈറ്റിക്ക്
തുക മണ്ണടി കേന്ദ്രമാക്കിയുള്ള പമ്പാവാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനിക്ക്
- Share
- Tweet
- Telegram
- LinkedIniiiii
അടൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ബയോമെഡിക്കല്‍ മാലിന്യ സംസ്‌കര പ്ലാന്റ് ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാര്‍ സമരത്തിലേക്ക്. അതിനിടെ പദ്ധതിയുടെ സി.ഇ.ആര്‍ ഫണ്ടായ 47 ലക്ഷം രൂപ സിപിഎം നേതാക്കള്‍ അടങ്ങിയ സൊസൈറ്റിക്ക് കൈമാറാനുള്ള നീക്കവും വെളിയില്‍ വന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മാലിന്യ സംസ്‌കരണ യൂണിറ്റായ ഇമേജിന്റെ മേല്‍നോട്ടത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായ പ്രഗതി ലാബ്സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ആണ് നിര്‍വഹണ ഏജന്‍സി. മൂന്നേക്കറാണ് പ്ലാന്റിനായി നല്‍കിയിരിക്കുന്നത്. 20 ടണ്‍ പ്രതിദിന മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ആശുപത്രി, മെഡിക്കല്‍ ലബോറട്ടറികളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്. 24.84 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രദേശത്തിന് 10 കി.മീറ്റര്‍ ചുറ്റളവില്‍ മൂന്നുമാസ കാലയളവില്‍ പരിസ്ഥിതി പഠനം നടത്തിയിരുന്നു. പഠനറിപ്പോര്‍ട്ട് ഇംഗ്ലീഷിലുള്ളത് 545 പേജാണ്. പക്ഷേ, ഇതിന്റെ മലയാള സംഗ്രഹം വെറും 11 പേജില്‍ ഒതുക്കി.
നിലവില്‍ ഇമേജിന് പാലക്കാട് ആണ് ബയോമെഡിക്കല്‍ പ്ലാന്റുള്ളത്. ഇതിന്റെ പ്രതിദിന കപ്പാസിറ്റി 70 ടണ്ണാണ്. എന്നാല്‍, പ്ലാന്റിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ മാലിന്യം അവിടെ സംസ്‌കരിക്കാനെത്തുന്നു. ഇത് യഥാസമയം സംസ്‌കരിക്കാന്‍ കഴിയാതെ കുമിഞ്ഞു കൂടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് തെക്കന്‍ ജില്ലകള്‍ക്ക് വേണ്ടി ഒരു പ്ലാന്റ് ഇളമണ്ണൂരില്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
ആകെയുള്ള 24.84 കോടിയുടെ നിക്ഷേപത്തില്‍ പരിസ്ഥിതി പരിപാലന പദ്ധതി നടപ്പിലാക്കാന്‍ 2.86 കോടി അനുവദിക്കും. ലഭ്യമായ നൈപുണ്യ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ നൂറു പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതില്‍ ഭൂരിഭാഗവും 10 കി.മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കും. പദ്ധതിച്ചെലവിന്റെ രണ്ടു ശതമാനം കോര്‍പ്പറേറ്റ് പരിസ്ഥിതി ഉത്തരവാദിത്വത്തിന് (സിഇആര്‍) ചെലവഴിക്കും. 49 ലക്ഷം രൂപയാണ് സിഇആര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 47 ലക്ഷവും സിപിഎം നേതാക്കള്‍ ചേര്‍ന്നുള്ള സൊസൈറ്റിക്ക് നല്‍കും. ശേഷിച്ച രണ്ടു ലക്ഷം ഏനാദിമംഗലത്തു നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഇലന്തൂര്‍ പഞ്ചായത്തില്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ നല്‍കും.
നേരത്തേ തന്നെ വിവാദത്തിലുളള മണ്ണടി കേന്ദ്രമാക്കിയുള്ള പമ്പാവാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനിക്കാണ് 47 ലക്ഷം രൂപ നല്‍കുന്നത്. ഇതിന്റെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത് സിപിഎം നേതാക്കള്‍ മാത്രമാണ്. സിപിഎം അടൂര്‍ ഏരിയ സെക്രട്ടറിയുടെ കീഴിലുള്ള സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡില്‍ മുഴുവന്‍ സിപിഎം നേതാക്കളോ അവരുടെ ഭാര്യമാരോ ആണ് അംഗങ്ങള്‍ ആയിട്ടുള്ളത്. അംഗകര്‍ഷകര്‍ക്ക് നല്ല കാര്‍ഷിക രീതികള്‍ പഠിപ്പിക്കുന്നതിനുള്ള പരിശീലന കേന്ദ്രം, നല്ല നിലവാരമുള്ള വിത്തുകളും തൈകളും ഉല്‍പ്പാദിപ്പിക്കുക, ജൈവവളം ഉല്‍പ്പാദിപ്പിക്കുക, കര്‍ഷക ഉല്‍പ്പന്നങ്ങളുടെ ശേഖരണം എന്നിവയാണ് സൊസൈറ്റി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
പദ്ധതിയ്ക്കെതിരേ പ്രദേശത്ത് എതിര്‍പ്പ് വ്യാപകമാണ്. കെഎസ്‌കെടിയു കൊടുമണ്‍ ഏരിയാ കമ്മറ്റി ഏനാദിമംഗഗലത്ത് ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കാറ്റും ജലവുമെല്ലാം രോഗാണുക്കളെ കൊണ്ട് നിറയുമെന്നാണ് നാട്ടുകാരുടെ ഭീതി. പാര്‍ട്ടി തലത്തില്‍ ഈ എതിര്‍പ്പ് മറികടക്കുന്നതിന് വേണ്ടിയാണ് സിപിഎം ഏരിയ സെക്രട്ടറി നേതൃത്വം നല്‍കുന്ന പമ്പാവാലി സൊസൈറ്റിക്ക് സിഇആര്‍ ഫണ്ട് നല്‍കുന്നത് എന്ന ആരോപണം ശക്തമാണ്. കെഎസ്‌കെടിയു ശക്തമായി രംഗത്തു വന്നത് പദ്ധതിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. നാട്ടുകാരെ അനുനയിപ്പിക്കാന്‍ വേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ശനിയാഴ്ച കിന്‍ഫ്ര പാര്‍ക്കിന്റെ സമീപമുള്ള ഓഡിറ്റോറിയത്തില്‍ വച്ച് നാട്ടുകാരുടെയും പരിസരവാസികളുടെയും യോഗം വിളിച്ചിട്ടുണ്ട്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്