- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറയാനുള്ളത് 45 വര്‍ഷത്തെ ചരിത്രം; പേരശ്ശനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിസ്മൃതിയിലേക്ക്; വിദ്യാര്‍ത്ഥികളും ജീവനക്കാരും ആശ്രയിച്ചിരുന്ന സ്റ്റേഷന്‍ പൊളിച്ചുനീക്കി തുടങ്ങി
പേരശ്ശനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിസ്മൃതിയിലേക്ക്
കുറ്റിപ്പുറം: 45 വര്‍ഷത്തെ ചരിത്രം പറയുന്ന പേരശ്ശനൂര്‍ റെയില്‍വേസ്റ്റേഷന്‍ ഓര്‍മയായി.സ്റ്റേഷന്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. നഷ്ടത്തിലുള്ള സ്റ്റേഷനുകള്‍ നിര്‍ത്തലാക്കുന്ന റെയില്‍വേ ബോര്‍ഡ് നയത്തിന്റെ ഭാഗമായാണ് അര നൂറ്റാണ്ടോളം പഴക്കമുള്ള റെയില്‍വേസ്റ്റേഷന്‍ പൊളിച്ചു നീക്കുന്നത്.പേരശ്ശനൂരിലെയും സമീപപ്രദേശങ്ങളായ പൈങ്കണ്ണൂര്‍, മങ്കേരി, മണ്ണിയംപെരുമ്പലം തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഈ സ്റ്റേഷന്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.
1979 ലാണ് ഇവിടെ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും ഏറെ ആശ്രയിച്ചിരുന്ന ഒരു സ്റ്റേഷന്‍ കൂടിയാണ് ചരിത്രത്തിലേക്ക് മറയുന്നത്.കോവിഡ് വ്യാപന കാലത്ത് തീവണ്ടി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയപ്പോഴാണ് സ്റ്റേഷന്റെ പ്രവര്‍ത്തനവും നിലച്ചത്.പിന്നീട് സര്‍വീസ് പുനരാരംഭിച്ചപ്പോഴും ഇവിടെ നിര്‍ത്തിയിരുന്ന വണ്ടികള്‍ക്കുള്ള സ്റ്റോപ്പുകള്‍ പുനസ്ഥാപിച്ചില്ല.പിന്നാലെയാണ് സ്റ്റേഷന്‍ പൊളിച്ചു നീക്കുന്നത്.
ചുരുക്കം ട്രെയിനുകള്‍ക്കു മാത്രം സ്റ്റോപ് അനുവദിച്ചിട്ടുള്ള ചെറിയ സ്റ്റേഷനായാണ് കഴിഞ്ഞ അര നൂറ്റാണ്ടായി പേരശ്ശനൂര്‍ ഹാള്‍ട്ടിങ് സ്റ്റേഷനെ റെയില്‍വേ പരിഗണിച്ചിരുന്നത്.പാസഞ്ചര്‍ ട്രെയിനുകള്‍ക്കാണ് ഇവിടെ സ്റ്റോപ് അനുവദിച്ചിരുന്നത്. ഷൊര്‍ണൂര്‍, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്ക് നിത്യവും രാവിലെയും വൈകിട്ടുമായി ഒട്ടേറെ യാത്രക്കാര്‍ പേരശ്ശനൂരില്‍ നിന്ന് ട്രെയിനിനെ ആശ്രയിച്ചിരുന്നു.രാവിലെ 6.30-ന് കോയമ്പത്തൂര്‍, 7.30-ന് കണ്ണൂര്‍, 8.30-ന് തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്കും വൈകീട്ട് 6.10 ന് കോഴിക്കോട,് 7.10-ന് കോഴിക്കോട്, 7.30-ന് ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളിലേക്കും പോകുന്ന തീവണ്ടികള്‍ക്കാണ് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നത്.
സ്റ്റേഷന്റെ പ്രവര്‍ത്തനത്തിനും ഉണ്ടായിരുന്നു കുറച്ചു വ്യത്യസ്തകള്‍.റെയില്‍വേയുടെ ജീവനക്കാരില്ലാതെ കരാര്‍ അടിസ്ഥാനത്തിലാണ് ഇവിടെ ടിക്കറ്റ് വില്‍പനയും സ്റ്റേഷന്‍ പരിപാലനവും നടന്നിരുന്നത്.ഇവിടെ ടിക്കറ്റ് വില്പന സ്വകാര്യവ്യക്തികള്‍ക്ക് കരാര്‍ നല്‍കുന്നതായിരുന്നു രീതി. റെയില്‍വേ ഹാള്‍ട്ട് ഏജന്റ് എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.ഏജന്റിന് മാസം 500 രൂപ ശമ്പളവും ടിക്കറ്റ് വിലയുടെ 15 ശതമാനം കമ്മിഷനുമാണ് ലഭിച്ചിരുന്നത്.
അതേസമയം തീവണ്ടി സര്‍വ്വീസ് പുനരാരംഭിച്ചിട്ടും തീവണ്ടിയുടെ സ്റ്റോപ്പ് പുനസ്ഥാപിക്കാത്തതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് യാത്രക്കാരയ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു.എന്നാല്‍ പിന്നീട് കമ്മറ്റിയുടെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.ഇരുഭാഗങ്ങളിലും നീളമേറിയ പ്ലാറ്റ് ഫോമുകളുമായി നിലകൊണ്ടിരുന്ന സ്റ്റേഷന്‍ യാത്രക്കാരില്ലാതായതോടെ പുല്‍ക്കാടുകള്‍ മൂടി അനാഥാവസ്ഥയിലായിരുന്നു.കാത്തിരുപ്പ് കേന്ദ്രങ്ങളും ജീര്‍ണാവസ്ഥയിലെത്തിയിരുന്നു.പിന്നാലെയാണ് പൊളിച്ചു നീക്കല്‍ തുടങ്ങിയത്.
റെയില്‍വേയുടെ നടപടിയുടെ ഭാഗമായി പേരശ്ശനൂരിന് പുറമെ പാലക്കാട് ഡിവിഷനില്‍ പേരശ്ശനൂരിനെ കൂടാതെ പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ട, പൊള്ളാച്ചിക്കടുത്തുള്ള വടകന്നികാപുരം എന്നീ റെയില്‍വേ സ്റ്റേഷനുകളും പൊളിച്ചുനീക്കുകയാണ്.