- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീശക്തി; ഭാഗ്യം വന്ന വഴി 'അബദ്ധം' ചതിച്ചു; കോടതി കയറി ലോട്ടറി കേസ്; സമ്മാനത്തുക കിട്ടാന്‍ ഹൈക്കോടതി കനിയണം; എല്ലാം പോലീസുണ്ടാക്കിയ പ്രതിസന്ധിയെന്ന് വിശദീകരിച്ച് പേരാവൂരുകാര്‍; ആ സമ്മാനത്തുക നഷ്ടമാകാന്‍ തന്നെ സാധ്യത

കണ്ണൂര്‍: ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചിട്ടും സ്വന്തം കൈയിലിരിപ്പുകൊണ്ട് അത് അനുഭവിക്കാന്‍ കഴിയാത്ത വിധം നിയമക്കുരുക്കിലായിരിക്കുകയാണ് പേരാവൂര്‍ സ്വദേശി സാദിഖും കൂട്ടരും. ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തു എന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ ഹൈക്കോടതിയിലെ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ എത്തിനില്‍ക്കുന്നു. ആനമണ്ടത്തരം കാണിച്ച് കേസ് കൊടുത്തതോടെ, ഭാഗ്യദേവത കനിഞ്ഞാലും പണം കിട്ടണമെങ്കില്‍ കോടതി കനിയണമെന്ന അവസ്ഥയാണിന്ന്.
ലോട്ടറി ഫലം വന്ന് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കണമെന്നാണ് നിയമം. സത്യാവസ്ഥ ബോധിപ്പിച്ചാല്‍ 90 ദിവസം വരെ സമയം ലഭിക്കാറുണ്ടെങ്കിലും, ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി ഉത്തരവില്ലാതെ ലോട്ടറി വകുപ്പിന് ഇനി പണം കൈമാറാന്‍ കഴിയില്ല. ഇതോടെയാണ് സമ്മാനത്തുക നഷ്ടപ്പെടുമെന്ന് ഭയന്ന് പരാതിക്കാരനും പ്രതികളും ഒത്തുതീര്‍പ്പിനായി ഹൈക്കോടതിയെ സമീപിച്ചത്.
ഡിസംബര്‍ 30-ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപ സാദിഖിന് ലഭിച്ചിരുന്നു. എന്നാല്‍ ജനുവരി 15-ന് ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തു എന്ന് സാദിഖ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ലോട്ടറി ടിക്കറ്റ് അനധികൃതമായി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കേസ് സങ്കീര്‍ണ്ണമായതോടെ പ്രതി ഷുഹൈബ് ജയിലിലായി. ഇതോടെ ടിക്കറ്റ് കണ്ടെത്താനോ ഹാജരാക്കാനോ കഴിയാത്ത സാഹചര്യമായി.
തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്‌നമാണെന്നും പോലീസ് ഇടപെട്ടാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും കാണിച്ചാണ് ഇപ്പോള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോയതാണെന്നുമാണ് പരാതിക്കാരുടെ പുതിയ മൊഴി. എന്നാല്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാനാണ് പോലീസിന്റെ നീക്കം. ടിക്കറ്റ് തിരികെ ലഭിച്ചാലും നിയമവിരുദ്ധമായ ഇടപാടുകള്‍ നടന്നതിനാല്‍ ഹൈക്കോടതിയുടെ തീരുമാനം ഈ കേസില്‍ നിര്‍ണ്ണായകമാകും.
കേസില്‍ അറസ്റ്റിലായ പ്രതി ഷുഹൈബ് ജയിലിലാണ്. മറ്റൊരു പ്രതി ഫാരിസും ഷുഹൈബും ചേര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ പരാതിക്കാരായ സാദിഖ്, വിജീഷ് എന്നിവരുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്‌നമാണെന്നും പൊലീസ് ഇടപെട്ടാണ് കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്നുമാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ ഉള്‍പ്പെടെ റദ്ദാക്കണമെന്നാണ് ആവശ്യം. കോടതി ഇത് സംബന്ധിച്ച് പൊലീസിനോട് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് പൊലീസ് സാദിഖിന്റെയും വിജീഷിന്റെയും മൊഴിയെടുത്തു. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോയതാണെന്നുമാണ് വിജീഷ് ഇന്നലെ പൊലീസിനോട് പറഞ്ഞത്.
സിസിടിവി ദൃശ്യം ഉണ്ടായിട്ടുപോലും, തട്ടിക്കൊണ്ടുപോയി എന്ന് പരാതിക്കാര്‍ പറഞ്ഞ വാഹനം പിന്നീട് തിരിച്ചറിയാന്‍ അവര്‍ കൂട്ടാക്കിയില്ല. കേസില്‍ ഒരാളെ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചുള്ളു. പരാതിക്കാര്‍ പറഞ്ഞ പ്രതികളെ ബെംഗളൂരുവില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് ഇവരെ തിരിച്ചറിയാന്‍ കൂട്ടാക്കാതെ വന്നതോടെ വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടെ വാദിഭാഗവും പ്രതിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ കൂത്തുപറമ്പ് കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പേരാവൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു. ലോട്ടറി ടിക്കറ്റ് പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീശക്തി വിഭാഗത്തില്‍പ്പെട്ട എസ്എല്‍ 804592 ടിക്കറ്റ് കാറിലെത്തിയ സംഘം തട്ടിയെടുത്തെന്നാണ് പരാതി. ഡിസംബര്‍ 30 നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. സമ്മാനത്തുക കിട്ടാന്‍ ജനുവരി 30 നകം ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ടായിരുന്നു. കാറിലെത്തിയ സംഘം തോക്കൂചൂണ്ടി ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് സാദിഖ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ലോട്ടറി അനധികൃതമായി മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം തട്ടിയെടുത്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ലോട്ടറി ടിക്കറ്റുമായി വന്നാലും കേസില്‍പ്പെട്ടതിനാല്‍ കോടതി ഉത്തരവുണ്ടെങ്കിലേ ടിക്കറ്റ് മാറാന്‍ സാധിക്കൂ. സാധാരണ ഗതിയില്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാന്‍ വൈകിയാല്‍ വ്യക്തമായ കാരണം കാണിച്ചാല്‍ 90 ദിവസം വരെ ജില്ലാ ലോട്ടറി ഓഫിസര്‍ക്ക് സമയം അനുവദിക്കാന്‍ സാധിക്കും. ടിക്കറ്റ് കാണാതെ വരികയോ, വിദേശത്ത് പോകുകയോ, ആശുപത്രിയിലാകുകയോ ചെയ്താലാണ് കൂടുതല്‍ സമയം അനുവദിക്കുന്നത്. എന്നാല്‍ പേരാവൂരിലെ സംഭവത്തില്‍ കോടതി ഇടപെടലോടുകൂടിയെ തുടര്‍ നടപടി ഉണ്ടാകൂ എന്ന് ജില്ലാ ലോട്ടറി ഓഫിസില്‍ നിന്നും അറിയിച്ചു.


