- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളെക്കൊല്ലുന്ന രാഷ്ട്രീയത്തിനും ആശയത്തിനും കൂട്ടവധശിക്ഷ വിധിച്ച രഞ്ജിത്ത് ശ്രീനിവാസന് കൊലക്കേസ് വിധി; പെരിയയിലെ കുടുംബങ്ങളും പ്രതീക്ഷിച്ചത് മാവേലിക്കരയിലെ വിധിപ്രസ്താവം കൊച്ചിയിലും ആവര്‍ത്തിക്കുമെന്ന്; വിധിച്ചത് ഇരട്ട ജീവപര്യന്തവും; അപ്പീലില്‍ നിര്‍ണ്ണായകം ബെച്ചന്‍ സിങ് വിധി
കൊച്ചി: ആളെക്കൊല്ലുന്ന രാഷ്ട്രീയത്തിനും ആശയത്തിനും കൂട്ടവധശിക്ഷ വിധിച്ച് അത്യപൂര്‍വ വിധി ബി.ജെ.പി.യുടെ ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊന്ന കേസില്‍ സംഭവിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികള്‍ക്കും തൂക്കുകയറാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവി വിധിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ഇത്രയുംപേര്‍ക്കു വധശിക്ഷ വിധിക്കുന്നത് അത്യപൂര്‍വമായിരുന്നു. കേളത്തില്‍ ആദ്യവും. പെരിയയിലെ ശരത് ലാലിനേയും കൃപേഷിനേയും കൊന്നവര്‍ക്കും ഇതേ ശിക്ഷയാണ് അവരുടെ കുടുംബവും കോണ്‍ഗ്രസും പ്രതീക്ഷിച്ചത്. പക്ഷേ ജീവപര്യന്തത്തിലേക്ക് ശിക്ഷ ഒതുങ്ങി. ഇതില്‍ അപ്പീല്‍ സാധ്യത കോണ്‍ഗ്രസ് തേടും.
രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്ക് വധശിക്ഷവിധിച്ചത് നിയമവൃത്തങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. അത്യപൂര്‍വസാഹചര്യത്തിലാണ് പ്രതികള്‍ക്ക് പരമാവധിശിക്ഷ വിധിക്കേണ്ടതെന്ന് ബെച്ചന്‍ സിങ് കേസിലടക്കം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന്‍വധക്കേസില്‍ സി.പി.എമ്മുകാരായ അഞ്ചുപ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. കേരളത്തില്‍ ഒറ്റക്കേസില്‍ ഏറ്റവുമധികം വധശിക്ഷ വിധിക്കപ്പെട്ടത് ഇതിലാണ്. ഹൈക്കോടതി ശരിവെച്ചെങ്കിലും സുപ്രീംകോടതി ഒരാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. നാലുപേരെ വെറുതേവിട്ടു. സാധാരണ രാഷ്ട്രീയകൊലപാതകത്തില്‍നിന്ന് വ്യത്യസ്തമാണ് ഈ കേസെന്നാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊന്ന കേസില്‍ മാവേലിക്കര കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
പ്രതികളൊന്നും അപരിചിതരല്ല. കോടതിയില്‍ ഹാജരായപ്പോഴൊന്നും മാനസാന്തരത്തിന്റെ ഒരു ലാഞ്ഛനയും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അപൂര്‍വമായി കണക്കാക്കാന്‍ ബെച്ചന്‍ സിങ് കേസില്‍ സുപ്രീംകോടതി ഒമ്പത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് വിശദമായി പരിശോധിച്ചാണ് അന്ന് വിചാരണക്കോടതി ഉത്തരവെന്നതും ശ്രദ്ധേയമായി. പക്ഷേ പെരിയാ കേസില്‍ വധ ശിക്ഷയിലേക്ക് കാര്യങ്ങളെത്തിയില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലയില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന് അഞ്ചു വര്‍ഷം തടവ്. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇതുകൊണ്ടാണ് പ്രോസിക്യൂഷന്റെ വധശിക്ഷാ വാദം നടക്കാതെ പോയത്. ഈ കേസില്‍ കോണ്‍ഗ്രസ് അപ്പീല്‍ പോകുമ്പോഴും ബെച്ചന്‍ സിങ് കേസിലെ സുപ്രീംകോടതി വിധിയാകും നിര്‍ണ്ണായകം. ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ല. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയുണ്ട്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രതിഭാഗം നിലപാടെടുത്തു. ഇതെല്ലാം കോടതിയെ സ്വാധീനിച്ചു.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷയിന്‍മേലുള്ള വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രമുഖ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 14 പേരാണ് കേസില്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ ശനിയാഴ്ച കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. പ്രതികളായിരുന്ന പത്തുപേരെ വെറുതെവിടുകയും ചെയ്തു. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, മുന്‍ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പ്രാദേശിക നേതാവ് കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ചതിന്റെ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കലാപം സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പുകളാണു ചുമത്തത്. ഇവ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ്. ഒന്നാം പ്രതിയായ പീതാംബരന്‍, നാലാംപ്രതി അനില്‍കുമാര്‍, ഏഴാം പ്രതി അശ്വിന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്ലാല്‍(23), കൃപേഷ്(19) എന്നിവര്‍ കാസര്‍കോട്ടെ കല്യാട്ട് വെട്ടേറ്റു മരിച്ചത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് 14 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. 495 രേഖകളും, 83 തൊണ്ടിമുതലുകളും അടക്കമാണ് സിബിഐ കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചത്.