ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെയുണ്ടാകുന്ന ടിക്കറ്റ് റീഫണ്ട് പ്രശ്നങ്ങൾ പലപ്പോഴും യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാൽ ഒരു ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ഇൻഡിഗോ പൈലറ്റിനോട് ടിക്കറ്റ് റീഫണ്ടിനെക്കുറിച്ച് തമാശയ്ക്ക് ചോദിച്ച യുവതിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. പൈലറ്റ് തന്നെ 'അൺമാച്ച്' ചെയ്ത വിവരമാണ് യുവതി എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. ഹിമാൻഷി എന്ന യുവതിയാണ് ഇൻഡിഗോ എയർലൈൻസിലെ പൈലറ്റുമായി ഡേറ്റിംഗ് ആപ്പായ ഹിഞ്ചിലൂടെ മാച്ച് ആയത്.

പൈലറ്റാണെന്ന് അറിഞ്ഞപ്പോൾ തമാശയ്ക്ക് യുവതി ചോദിച്ചത് ഇങ്ങനെയായിരുന്നു: "നിങ്ങൾ ഇൻഡിഗോയിലാണോ ജോലി ചെയ്യുന്നത്? എങ്കിൽ എനിക്ക് ടിക്കറ്റ് റീഫണ്ട് കിട്ടാൻ ഒന്ന് സഹായിക്കാമോ?" എന്നാൽ ഈ തമാശ പൈലറ്റിന് അത്രയ്ക്ക് അങ്ങോട്ട് ദഹിച്ചില്ല. ഈ മെസ്സേജ് അയച്ചതിന് പിന്നാലെ പൈലറ്റ് യുവതിയെ ഡേറ്റിംഗ് ആപ്പിൽ നിന്നും ഒഴിവാക്കി. ഇതോടെ യുവതി ആകെ സങ്കടത്തിലായി. "ഞാൻ ശരിക്കും കരയുകയാണ്, അയാൾ എന്നെ അൺമാച്ച് ചെയ്തു" എന്ന അടിക്കുറിപ്പോടെയാണ് തമാശയായി യുവതി ഈ അനുഭവം പങ്കുവെച്ചത്.

ഇൻഡിഗോ എയർലൈൻസിന്റെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് യാത്രക്കാർക്കുണ്ടാകുന്ന പരാതികളെ കളിയാക്കിക്കൊണ്ടാണ് യുവതി ഈ പോസ്റ്റ് ഇട്ടത്. നിമിഷങ്ങൾക്കുള്ളിൽ സംഭവം വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. "റീഫണ്ട് എന്ന വാക്ക് കേട്ടാൽ ഉടൻ തന്നെ വിമാനക്കമ്പനികൾ ഇങ്ങനെയേ പ്രതികരിക്കൂ" എന്നും, "പ്രണയത്തേക്കാൾ കമ്പനി പോളിസിക്കാണ് പൈലറ്റ് പ്രാധാന്യം നൽകിയത്" എന്നും ആളുകൾ പരിഹസിക്കുന്നു.