- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുപ്പിനെ വിലക്കുന്ന പൊലീസിനെതിരെ ജനരോഷം ശക്തം; പൊള്ളുന്ന ചൂടിൽ കുട പിടിച്ച് എത്തുന്നവരെ തടഞ്ഞത് വിവാദമായി; എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലയിലാകുമെന്നായപ്പോൾ പിന്മാറ്റം; കറുപ്പിൽ പൊലീസിന് പുനർചിന്തനം; ഇനി പിണറായിയുടെ പരിപാടിക്ക് കറിപ്പിട്ട് ആളുകൾക്ക് പ്രവേശിക്കാം
കോഴിക്കോട്: ഇനി കറുപ്പിനെ പൊലീസ് എതിർക്കില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെ കറുപ്പ് വിലക്കിനെതിരെ പ്രതിഷേധമുയർന്നതോടെ നിലപാട് മയപ്പെടുത്തുകയാണ് പൊലീസ്. കോഴിക്കോട് ജില്ലയിൽ നടന്ന രണ്ടു പരിപാടികളിലും കറുപ്പ് വസ്ത്രം ധരിച്ചവരും അകത്തുകയറി. ഇന്നലെ രാവിലെ നടന്ന പരിപാടിയിലും കറുപ്പിന് വിലക്കുണ്ടായിരുന്നു. എന്നാൽ അനാവശ്യ വിവാദം വേണ്ടെന്ന് പൊലീസിനോട് സർക്കാർ നിർദ്ദേശിച്ചു. ഇതോടെ കറുപ്പിലെ പ്രശ്‌നം തീർന്നു. രാവിലെ കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ ചടങ്ങിലെ കറുപ്പ് വിലക്ക് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് മാറ്റിയത്.
കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത് കറുപ്പ് ടീഷർട്ട് ധരിച്ച വൊളന്റിയർമാരുടെ സംഘമായിരുന്നു. പൊലീസ് പരിശോധനയ്ക്കും പതിവ് കടുപ്പമുണ്ടായിരുന്നില്ല. കറുപ്പ് ധരിച്ചവരും അകത്തു കയറി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യൽറ്റി ബ്ലോക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയവരെ പൊലീസ് കർശന പരിശോധന നടത്തിയാണ് അകത്തേക്കു കയറ്റിയത്. പക്ഷേ കറുപ്പ് വസ്ത്രം ധരിച്ചവരെ തടഞ്ഞില്ല.
യൂണിവേഴ്‌സിറ്റിലെ പരിപാടിയിൽ കറുപ്പ് വിലക്കിയെങ്കിലും പ്രതിഷേധമുയർന്നപ്പോൾ പൊലീസ് നിലപാടു മാറ്റി. കറുപ്പു വസ്ത്രമണിഞ്ഞെത്തിയ യുഡിഎസ്എഫ് നേതാക്കളെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. കറുപ്പ് വസ്ത്രമണിഞ്ഞവരെയും മാസ്‌കണിഞ്ഞവരെയും കനത്ത വെയിലിൽ കറുത്ത കുട ചൂടി വന്നവരെയും പൊലീസ് തടഞ്ഞതോടെ കുടയുമായി വന്ന സ്ത്രീകളിൽ ചിലർ പ്രതിഷേധിച്ചു. ഇതോടെയാണ് പുനർചിന്തനത്തിന് തയ്യാറായത്. ആരു പറഞ്ഞിട്ടാണ് തടയുന്നതെന്നു ചോദിച്ചപ്പോൾ, മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നായിരുന്നു മറുപടി. വിവാദം മനസ്സിലാക്കി സർക്കാർ ഇടപെട്ടു. ഇതോടെ കൊടും ചൂടിൽ കുടയ്ക്കുള്ള വിലക്ക് മാറി. ഇനി കറുപ്പിനെ പൊലീസ് വിലക്കില്ലെന്നാണ് സൂചന.
കരുതൽ തടങ്കലിലാക്കിയ യുഡിഎസ്എഫ് നേതാക്കളെ മുഖ്യമന്ത്രി വേദി വിട്ട ശേഷമാണു മോചിപ്പിച്ചത്. പലയിടത്തും കറുത്ത വസ്ത്രമണിഞ്ഞവരെ പൊലീസ് വഴിയിൽ തടഞ്ഞുവച്ചതിനിടയിലും 5 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. താമരശ്ശേരി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസും മലാപ്പറമ്പിലും മുണ്ടിക്കൽതാഴത്തും യുവമോർച്ച പ്രവർത്തകരുമാണു കരിങ്കൊടി കാണിച്ചത്. മുണ്ടിക്കൽത്താഴത്ത് കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച വനിതാ നേതാവിനെ പുരുഷ പൊലീസുകാർ പിടിച്ചുമാറ്റിയത് വിവാദവുമായി.
കോഴിക്കോട് ജില്ലയിൽ മുൻകരുതലായി കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിന് ഇടയാക്കി. ഡി.സി.സി. പ്രസിഡന്റുൾപ്പടെ എത്തി പ്രതിഷേധിച്ചതോടെയാണ് ഇവരെ വിട്ടയച്ചത്. കൈതപ്പൊയിലെ പരിപാടിക്കായി മുഖ്യമന്ത്രി പോകും വഴി താമരശേരിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈതപ്പൊയിൽ നിന്ന് മൂന്ന് എം.എസ്.എഫ്. യൂത്ത് ലീഗ് പ്രവർത്തകരെയും കരുതൽ കസ്റ്റഡിയിലെടുത്തു.
മറുനാടന് മലയാളി ബ്യൂറോ