- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ യാത്രയ്ക്കും വിമാനത്തില്‍ കറങ്ങാനും പിണറായിയോട് മാത്രം ചോദിച്ചാല്‍ മതി; ചെലവുചുരുക്കല്‍ ഇളവിലെ മന്ത്രിസഭയുടെ അധികാരം ഇനി മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: ഇനി കേരളത്തില്‍ ധന വകുപ്പിന്റെ ആവശ്യമില്ലേ…. ധനവകുപ്പ് ചെയ്യേണ്ട ഓരോ ഉത്തരവാദിത്തവം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുമോ? സംസ്ഥാന സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നിയന്ത്രണത്തില്‍ ഇളവുനല്‍കാനുള്ള മന്ത്രിസഭയുടെ അധികാരം മുഖ്യമന്ത്രിക്കു നല്‍കിയുള്ള ധനവകുപ്പിന്റെ ഉത്തരവ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടനല്കും. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് ഗുണം ചെയ്യുകയും ചെയ്യും.
വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വാഹനം വാങ്ങല്‍, വിദേശയാത്ര, വിമാനയാത്ര തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മുന്‍പ് വിവിധ ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു കര്‍ശനമാക്കി 2022 നവംബറില്‍ ചീഫ്സെക്രട്ടറിയും ഉത്തരവിറക്കി. ഇതനുസരിച്ച് ചെലവു ചുരുക്കല്‍ നടപടികളില്‍ ഇളവുനല്‍കാന്‍ മന്ത്രിസഭയ്ക്കാണ് അധികാരം. ധനമന്ത്രിയുടെ അനുമതിയോടെ മന്ത്രിസഭയാണ് ഇളവുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഫയലുകളില്‍ ധനവകുപ്പിന്റേതായി വരുന്ന ചോദ്യങ്ങള്‍ പലപ്പോഴും വെല്ലുവിളിയായി. ഇത് മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പുതിയ ഉത്തരവു പ്രകാരം ധനമന്ത്രിയുടെ അനുമതിയോടെ മുഖ്യമന്ത്രി ഇളവ് അനുവദിച്ചാല്‍ മതിയാകും. അതായത് എല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനിക്കും. പല വിവാദ തീരുമാനങ്ങളും പുറത്ത് എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ധനപരമായ തീരുമാനങ്ങളില്‍ ധന വകുപ്പിന്റെ ഇടപെടല്‍ അനിവാര്യതയുമാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വേണ്ടെന്ന് തീരുമാനിക്കുന്നത്. ചെലവ് ചുരുക്കലിലെ ഓഡിറ്റിംഗില്‍ കുറവ് വരുമ്പോള്‍ അത് കൂടുതല്‍ ധൂര്‍ത്തിലേക്ക് കാര്യങ്ങളെത്തിക്കും.
2022ല്‍ മുഖ്യമന്ത്രിയും 4 മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയതിനു പിന്നാലെയാണ് വിദേശയാത്ര ഉള്‍പ്പെടെയുള്ള ചെലവുകള്‍ കര്‍ശനമായി വിലക്കി എല്ലാ വകുപ്പുകള്‍ക്കും ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എത്തിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഈ തീരുമാനം. വിദേശയാത്ര, വിമാനയാത്ര, വാഹനം വാങ്ങല്‍, ഫോണ്‍ ഉപയോഗം എന്നിവയിലെ നിയന്ത്രണങ്ങള്‍ പല വകുപ്പുകളും ലംഘിക്കുകയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉദ്യോഗസ്ഥരുടെ മാറ്റിനിയമനവും ജോലി ക്രമീകരണ വ്യവസ്ഥകളും നടപ്പാക്കാത്തതും ചെലവുചുരുക്കല്‍ നടപടികളെ സാരമായി ബാധിക്കുന്നു. വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, കമ്മിഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവ കര്‍ശനമായി ചെലവു ചുരുക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. നഷ്ടം കാരണക്കാരായ ഉദ്യോഗസ്ഥരില്‍നിന്നു പലിശസഹിതം ഈടാക്കും. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു വിധേയമായി മാത്രമേ ഇളവ് അനുവദിക്കൂവെന്നായിരുന്നു 2022ലെ ഉത്തരവ്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ 2 തവണ വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചില്ലെന്നും വിദേശത്തുള്ള അദ്ദേഹത്തെ അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയിരുന്നു. കഴിഞ്ഞ 15ന് എഴുതിയ കത്തിന്റെ പകര്‍പ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കും അയച്ചു. ഇതു സംബന്ധിച്ചു കേന്ദ്രം തുടര്‍നടപടി സ്വീകരിച്ചോയെന്ന് അറിവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തില്‍ വിദേശ യാത്രകള്‍ വിവാദമാകന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിദേശയാത്ര തല്ക്കാലം വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നും സൂചനയുണ്ട്.
വിദേശയാത്രകള്‍ വിവാദമായപ്പോള്‍ മുന്‍ സര്‍ക്കാറിന്റെ വിദേശയാത്രകളുമായി താരതമ്യം ചെയ്താണ് എല്‍ഡിഎഫ് വിവാദത്തെ നേരിട്ടത്. 2011-16ലെ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ 251 വിദേശയാത്രയാണ് നടത്തിയെന്നാണ് സിപിഎം ചൂണ്ടിക്കാട്ടിയത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഇത് 81 മാത്രമാണ്. ഔദ്യോഗിക യാത്രകള്‍ക്കടക്കം കുടുംബാംഗങ്ങളെ കൂട്ടിയായിരുന്നു യുഡിഎഫ് മന്ത്രിമാരുടെ യാത്ര.